ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ വൻകിട ടെക്ക് കമ്പനികൾ ഉൾപ്പെടെ പിരിച്ചുവിട്ട നൂറുക്കണക്കിനു പേർക്കു കുറഞ്ഞത് ദിവസങ്ങൾക്കുള്ളിൽ യുഎസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി 60 ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ വീസ റദ്ദാകും. അതുകൊണ്ട്, ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ കമ്പനികൾ നടത്തിയ കൂട്ടപ്പിരിച്ചുവടൽ കാര്യമായി ബാധിച്ചിരിക്കുന്നത് എച്ച്1 ബി വീസ ഉള്ളവരെയാണ്.

കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് മേഖലയിൽ ടെക്ക് വ്യവസായ ലോകം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എച്ച്1 ബി വീസയിൽ എത്തുന്നവരെയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആമസോൺ, ലിഫ്റ്റ്, മെറ്റ, സെയിൽസ്ഫോഴ്സ്, സ്ട്രൈപ്, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കുറഞ്ഞത് 45,000 എച്ച്1 ബി വീസകൾ സ്പോൺസർ ചെയ്തിട്ടുണ്ട്.

മെറ്റ, ട്വിറ്റർ ജീവനക്കാർ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചു കുറഞ്ഞത് 350 പേരെ എച്ച്1 ബി വീസകൾ റദ്ദാകൽ ബാധിച്ചിട്ടുണ്ട്. പൗരത്വം ലഭിക്കാൻ കാത്തിരുന്നു പലരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. കഠിന മത്സരമുള്ള മേഖലയിൽ നിലവിൽ ഇത്രയുംപേർക്കൂടി തൊഴിൽതേടി രംഗത്തിറങ്ങിയിരിക്കുകയാണ്. പലർക്കും ലോണുകളും മറ്റും തിരിച്ചടയ്ക്കേണ്ടതുണ്ട്. കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്ന പ്രായവുമാണ്.

പല വലിയ കമ്പനികളും റിക്രൂട്ടിങ് മരവിപ്പിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധി വരുന്നതിനാൽ സാധാരണയിലും പതിയെയാണ് റിക്രൂട്ടിങ് നടപടികൾ മുന്നോട്ടുപോകുന്നത്. 60 ദിവസമെന്ന പരിധി അടുക്കുന്നതിനുമുന്‍പ് എങ്ങനെങ്കിലും മറ്റൊരു ജോലി തരപ്പെടുത്താനുള്ള നീക്കത്തിലാണ് അവർ.

എന്താണ് എച്ച്1 ബി വീസ?

വിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്1ബി. സാങ്കേതിക വിദഗ്ധരെ ജോലിക്കെടുക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് എച്ച്1ബി. യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് അവിടെ ജോലി ലഭിക്കാൻ ഇത്തരം വീസ ഏറെ പ്രയോജനകരമാണ്. മൂന്നു വർഷമാണ് വീസയുടെ കാലാവധി. ഇതു പലതവണ നീട്ടി നൽകാം.

നിലവിൽ ഇതിന് ഓരോ അപേക്ഷകരും മാതൃരാജ്യത്തെ യുഎസ് കോൺസുലേറ്റുകളിലും എംബസികളിലുമാണ് അപേക്ഷിക്കേണ്ടത്. വീസ അഭിമുഖത്തിനുള്ള സമയം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.

English Summary: "Ticking Clock" For H-1B Visa Holders After Twitter, Meta, and Amazon Layoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com