ADVERTISEMENT

നഗരത്തിൽനിന്ന് 60 കിലോമീറ്ററോളം അകലെ വിരംഗം മണ്ഡലത്തിലെ ഒരു കുഗ്രാമത്തിൽ പൊടിനിറഞ്ഞ പാതയോരത്തുള്ള ‘തോത്തഡ്’ മാ ക്ഷേത്രം. വിക്കുള്ളവർക്ക് അതു മാറ്റി ശബ്ദം നൽകാൻ ശക്തിയുള്ള ദേവിയാണ് തോത്തഡ് മായെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ ഗ്രാമവാസികളുടെ കൂട്ടത്തോടു പ്രസംഗിക്കുകയാണ് വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ. സംവരണമാവശ്യപ്പെട്ടുള്ള പട്ടീദാർ (പട്ടേൽ) പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ യുവ നേതാവിന്റെ കന്നി മത്സരമാണിത്.

‘വിരംഗം വലിയ മണ്ഡലമാണ്. ഇത്രയും വലുതായിട്ടും ഇവിടെ നല്ല റോഡുകളുണ്ടോ? കണ്ട്‌ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയോ? ഗുജറാത്ത് മോഡൽ രാജ്യമാകമാനം വലിയ ചർച്ചയായിട്ടും അതിന്റെ ഗുണം നിങ്ങൾക്കു കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് ബിജെപിയല്ല. അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ എന്നെ ജയിപ്പിക്കൂ. നിങ്ങൾക്ക് അടുത്ത 5 വർഷം വികസനത്തിന്റെ പൂക്കാലം ഞാൻ കൊണ്ടുവരാം..’ അന്തം വിട്ടിരിക്കുന്ന ഗ്രാമവാസികൾ ഒന്നടങ്കം കയ്യടിക്കുന്നു. കാവി തലപ്പാവുമണിഞ്ഞിരുന്ന ഹാർദിക് ഭായ് സന്തുഷ്ടനായി.

ക്ഷേത്രത്തിന് പുറത്ത് അതു നോക്കി നിൽക്കുന്നവരിലൊരു യുവാവ് കയ്യിലെ സ്മാർട് ഫോണിലൊരു വിഡിയോയുമായി വരുന്നു. നട്ടുച്ചയെപ്പോലും ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടെ ഫോണിലെ വിഡിയോ കാണിക്കുന്നു. വിഡിയോയിൽ മോദിയെ അടപടലം വിമർശിക്കുന്ന ഹാർദിക് പട്ടേൽ. ‘ഇതല്ലേ അയാൾ’ എന്ന് ചൂണ്ടിക്കാണിക്കുന്നു. ആണെന്നും അല്ലെന്നും പറയാതെ ചിരിച്ചൊഴിയുമ്പോൾ അടുത്ത വിഡിയോ. അതിൽ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വേദിയിൽ കയറി ഒരാൾ ഹാ‍ർദിക്കിനെ കയ്യേറ്റം ചെയ്യുന്നതാണെന്നു തോന്നുന്ന ഒരു ദൃശ്യം. ‘ഇതല്ലേ അയാൾ?’ വോട്ടർമാരിലെ ഈ ആശയക്കുഴപ്പമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജ്യമുറ്റു നോക്കുന്ന മത്സരം നടക്കുന്ന അഹമ്മദാബാദിലെ വിരംഗം മണ്ഡലത്തിൽ നടക്കുന്നത്.

‘തോത്തഡ്’ മാ ക്ഷേത്രത്തിൽ ഹാർദിക് പട്ടേലിന് നൽകിയ സ്വീകരണം. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
‘തോത്തഡ്’ മാ ക്ഷേത്രത്തിൽ ഹാർദിക് പട്ടേലിന് നൽകിയ സ്വീകരണം. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

അഞ്ചര മാസം മുൻപു വരെ ഗുജറാത്ത് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ ബിജെപി ടിക്കറ്റിൽ തന്റെ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടം നടത്തുന്ന മണ്ഡലമാണ്. ഇത്തവണ കോൺഗ്രസിൽനിന്ന് മണ്ഡലം റാഞ്ചിയെടുക്കാനാണ് ബിജെപി ശ്രമം. അഹമ്മദാബാദ്– രാജ്കോട്ട് ഹൈവേയിൽനിന്ന് വലത്തോട്ടു തിരിഞ്ഞു പോകുമ്പോൾ വിരംഗമായി. കുഗ്രാമമെന്ന് തോന്നിപ്പിക്കുന്ന കവലയിലൂടെ മുന്നോട്ടു പോയി ഒരു പാലം കയറുമ്പോഴേക്ക് വിരംഗത്തിലെ രംഗം ആകെ മാറും. വലിയ കെട്ടിടങ്ങൾ, വില്ലാ സമുച്ചയങ്ങൾ, മോശമല്ലാത്ത റോഡുകൾ, വ്യവസായ ശാലകൾ ഒക്കെയുണ്ട്.

എന്നാലും ഗുജറാത്തിലെ നഗരങ്ങൾ അനുഭവിക്കുന്ന വികസനം ഇല്ലെന്ന് ഹാർദിക് പട്ടേലും കൂടെയുള്ള പ്രവർത്തകരും പറയുന്നു. കാരണം മറ്റൊന്നുമല്ല, 2012 മുതൽ കോൺഗ്രസാണ് ജയിക്കുന്നത്. പ്രതിപക്ഷം ജയിച്ചാലും വികസനം എല്ലായിടത്തും ഒരുപോലെ വരേണ്ടതല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കോൺഗ്രസാണെങ്കിൽ വികസനം തരില്ലെന്ന് ഞങ്ങൾ പണ്ടേ പറയുന്നതല്ലേയെന്ന് കോൺഗ്രസ് സ്ഥാനാർഥിയുടെ ചോദ്യവും അന്തരീക്ഷത്തിൽ അലഞ്ഞു തിരിയും. 

വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ വോട്ടർമാർക്കിടയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ വോട്ടർമാർക്കിടയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

കോൺഗ്രസിലായിരുന്നപ്പോൾ ഹാർദിക് താരമായിരുന്നു. സംസ്ഥാനം മുഴുവൻ യോഗങ്ങൾ. സംസ്ഥാനത്തിനു പുറത്തു തിരഞ്ഞെടുപ്പുകളിൽ താരപ്രചാരകൻ. ഇപ്പോൾ മണ്ഡലത്തിൽ മാത്രമാണ് അധികവും. ഇടയ്ക്കെപ്പോഴോ അയൽ മണ്ഡലങ്ങളിലൊന്നു പോയി വന്നു. ബിജെപിക്കു വേണ്ടി ഇത്തവണ തന്റെ സ്വന്തം മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പര്യടനത്തിനിടയിൽ ഹാർദിക് പട്ടേൽ രണ്ടു വട്ടം ‘മനോരമ’യോട് പറഞ്ഞു. ബിജെപിയിൽ തന്റെ പേരിൽ അസ്വസ്ഥതയുണ്ടെന്ന വാർത്തകളൊക്കെ അവാസ്തവമാണെന്ന് ആവർത്തിച്ചു. വിരംഗമിന്റെ പുത്രനാണ് താനെന്നും ജയിക്കാതെ പോരാട്ടം നിർത്തില്ലെന്നും ഹാർദിക് തറപ്പിച്ചു പറയുന്നു.

മണ്ഡലത്തിനു വേണ്ടി ജില്ലാ രൂപവൽക്കരണമുൾപ്പെടെ മോഹന സുന്ദര വാഗ്ദാനങ്ങളുള്ള പ്രത്യേക പ്രകടന പത്രികയും തയാറാക്കിയിട്ടുണ്ട്. ബിജെപിയുടെ പണക്കൊഴുപ്പും സന്നാഹങ്ങളുമുണ്ട്. എങ്കിലും വോട്ടർമാർക്കിടയിൽ നിൽക്കുന്ന ഹാർദിക്കിന്റെ ശരീരഭാഷ കാണുമ്പോൾ ആ ആത്മവിശ്വാസം കാണുന്നുണ്ടോയെന്നു ദോഷൈകദൃക്കുകൾക്കു സംശയം വന്നുകൂടായ്കയില്ല. മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള ഭർവാദ് സമൂഹത്തിന്റെ കോളനികളിലൂടെയുള്ള പര്യടനത്തിനിടയിലാണ് ഹാർദിക്കിനെ കണ്ടത് എന്നതും ആ ആത്മവിശ്വാസക്കുറവിനു കാരണമായിരിക്കാം. പാർട്ടി ഏതായാലും സ്വന്തം സമുദായത്തിലുള്ളവർക്ക് വോട്ടു ചെയ്യുന്നവരാണ് അവർ.

സിറ്റിങ് എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ ലഖാഭായ് ഭർവാദിന്റെ വോട്ടുബാങ്കാണിത്. ഹാർദിക് പട്ടേലിന്റെ യോഗവേദികളിൽ കണ്ട ഗ്രാമത്തിലെ ചില വയോധികരും അങ്ങനെത്തന്നെ പറയുന്നുമുണ്ട്. ‘ഹാർദിക് ഭായ് മിടുക്കനാണ്, ലഖാഭായ് നമ്മുടെ ആളാണ്’ എന്നതാണ് അവരുടെ ലൈൻ. പട്ടേൽ സമുദായത്തിനും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. ഒരു കാലത്ത് അവർക്കിടയിൽ തരംഗമായിരുന്ന ഹാർദിക്കിന് ഇപ്പോൾ പഴയ സ്വീകാര്യത കുറവാണെന്ന് കൂടെയുള്ളവർ അടക്കം പറയുന്നു. ഹാർദിക്കിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സജീവമായി ഹാർദിക്ക് ജയിക്കുമെന്ന് നൂറ്റൊന്നു തവണ ആവർത്തിക്കുന്ന ചിന്റുഭായ് എന്ന് പരിചയപ്പെടുത്തിയ ആളുടെ വാക്കുകൾ കേൾക്കാം:

ഹാർദിക് പട്ടേലിനെ ഷാൾ അണിയിക്കുന്ന ഉത്തർപ്രദേശിലെ ഗുജ്ജർ നേതാവ് ദിനേശ് ഗുജ്ജർ.  ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
ഹാർദിക് പട്ടേലിനെ ഷാൾ അണിയിക്കുന്ന ഉത്തർപ്രദേശിലെ ഗുജ്ജർ നേതാവ് ദിനേശ് ഗുജ്ജർ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

‘‘പട്ടേൽ സമുദായം കോൺഗ്രസിനെ സീറ്റിനു വേണ്ടി സമീപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അതു ചെയ്യാതെ ഭർവാദ് സമുദായത്തിനു തന്നെ സീറ്റു കൊടുത്തു. ബിജെപി കോൺഗ്രസ് വിട്ടു വന്ന പട്ടേലിനു സീറ്റു കൊടുത്തു. കോൺഗ്രസ് പട്ടേലിനു സീറ്റു കൊടുത്തിരുന്നെങ്കിൽ ഞങ്ങൾ അയാൾക്കു വോട്ടു ചെയ്യുമായിരുന്നു. ഇതിപ്പോൾ കോൺഗ്രസ് വിട്ടു വന്നതാണെങ്കിലും പട്ടേലാണല്ലോ. പട്ടീദാർ സംവരണം എന്നൊന്നും അയാളിപ്പോൾ മിണ്ടുന്നില്ലെങ്കിലും പട്ടേലാണല്ലോ’’– ചിന്റുഭായ് പറഞ്ഞു.

പക്ഷേ പട്ടേലാണെങ്കിലും പാർട്ടി മാറിയാൽ കൂടെ നിൽക്കുന്നതല്ല വിരംഗം മണ്ഡലത്തിന്റെ സ്വഭാവം. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച തേജശ്രീ ബെൻ പട്ടേൽ 2017ൽ ബിജെപി സ്ഥാനാർഥിയായാണ് മത്സരിച്ചത്. പട്ടേലാണല്ലോ എന്നു നോക്കാതെ മണ്ഡലം ലഖാഭായ് ഭർവാദിനെ ജയിപ്പിച്ചു. 

വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ വോട്ടർമാർക്കിടയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ വോട്ടർമാർക്കിടയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

അതേ അനുഭവം ഹാർദിക്കിനും കിട്ടുമെന്നാണ് എതിർ സ്ഥാനാർഥി ലഖാഭായിയുടെ അനുയായികൾ പറയുന്നത്. അതു സംഭവിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. അങ്ങു യുപിയിലെ ബുലന്ദ് ശഹറിൽനിന്ന് ഗുജ്ജർ സമുദായ നേതാവായ ദിനേശ് ഗുജ്ജറിനെ വരെ മണ്ഡലത്തിലെത്തിച്ചിട്ടുണ്ട് അവർ. മുലായം സിങ്ങാണ് ദൈവമെന്നു കരുതുന്ന ഉറച്ച സമാജ് വാദി പാർട്ടി പ്രവർത്തകനാണ് ജില്ലാ പഞ്ചായത്ത് ചെയർമാൻ വരെയായിരുന്നിട്ടുള്ള ദിനേശ് ഗുജ്ജർ. രാജസ്ഥാനിൽ ഗുജ്ജർ പ്രക്ഷോഭത്തിന്റെ മുൻനിരയിലും ദിനേശ് ഉണ്ടായിരുന്നു.

‘‘ഹാർദിക് പട്ടേൽ ഇവിടെ ജയിക്കണം. കാരണം അയാൾ യുവാവാണ്. യുവാക്കൾ കൂടുതലായി രാഷ്ട്രീയത്തിൽ കയറി വരണം. ഹാർദിക്കിന്റെ നിലപാടുകൾക്ക് യുപിയിലും നല്ല സ്വീകാര്യതയുണ്ട്’’– തോക്കേന്തിയ 3 യുപി പൊലീസുകാരുടെ കാവലിലിരുന്ന് ദിനേശ് ഗുജ്ജർ പറയുന്നു. ചുറ്റിലും നിൽക്കുന്ന ബിജെപി പ്രവർത്തകർ തലയാട്ടി. ബിജെപിക്കാർ അൽപമൊന്നു മാറിയതും ദിനേശ് സ്വരം മാറ്റി. ‘‘കടുത്ത മത്സരമാണിവിടെ നടക്കുന്നത്. ഞാൻ പോയ ചിലയിടത്തൊക്കെ ആളുകൾക്ക് പുള്ളിയോട് നല്ല വെറുപ്പുണ്ട്. അതൊക്കെ എങ്ങനെ പ്രതിഫലിക്കുമെന്ന് നോക്കണം’’ എന്നു ശബ്ദം താഴ്ത്തി പറഞ്ഞ ദിനേശ് ഉറക്കെ പ്രഖ്യാപിച്ചു: ‘‘എന്നാലും ഹാർദിക് ജയിക്കണം. ജയിക്കും’’. എന്നിട്ട് ഹാർദിക്കിനെ ഷാളണിയിച്ചും പര്യടനത്തിൽ അനുഗമിച്ചും അതുറപ്പാക്കാൻ പോയി.

bjp-hardik-patel
ഹാർദിക് പട്ടേൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

ഒരു താളത്തിൽ ജയിക്കുമെന്നും മറുതാളത്തിൽ തോൽക്കുമെന്നും പറയുന്ന കുറേ വോട്ടർമാരുടെ ആശയക്കുഴപ്പമില്ലെങ്കിൽ ഹാർദിക്കിനു ജയിക്കാനുള്ള സാഹചര്യമൊക്കെ മണ്ഡലത്തിലുണ്ട്. 65,000 ഠാക്കൂർ വോട്ടർമാർ, 50,000 പട്ടേൽ വോട്ടർമാർ, 35,000 ദലിതർ, 28,000 ഒബിസി വോട്ടർമാർ തുടങ്ങിയവരൊക്കെ തനിക്കു വോട്ടു ചെയ്യുമെന്നാണ് ഹാ‍ർദിക്കും കൂട്ടരും കണക്കു കൂട്ടുന്നത്. 20,000 മുസ്‌ലിം വോട്ടുകൾ കോൺഗ്രസിനു കിട്ടിയിരുന്നത് ഭിന്നിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥിക്കു പോകുമെന്നും കരുതുന്നു. എന്നാൽ ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർഥിക്ക് ഠാക്കൂർ വോട്ടുകൾ കുറേ പോകുന്നത് ഹാർദിക്കിനു പണിയാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

ജാതി നോക്കിയല്ല, വിരംഗം സ്ഥാനാർഥികളെ ജയിപ്പിക്കുന്നതെന്ന് എതിർ സ്ഥാനാർഥി ലഖാഭായ് പറയുന്നു. അതിന് വർഷങ്ങളായുള്ള മണ്ഡലത്തിലെ വിജയികളുടെ ജാതിയെടുത്തു പറയുന്നുമുണ്ട്. നിലവിലെ എംഎൽഎ എന്ന നിലയിൽ പ്രതിപക്ഷത്തിരുന്നു ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുവെന്നും അദ്ദേഹം പറയുന്നു. മണ്ഡലത്തിൽ എടുത്തു കാണുന്ന ദുരവസ്ഥയൊക്കെ ബിജെപി ഭരിക്കുന്ന വിരംഗം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് പഞ്ചായത്തിന്റെയുമൊക്കെ അനാസ്ഥയാണെന്നു കൂട്ടിച്ചേർക്കാനും മറക്കുന്നില്ല. ഗുജറാത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിയല്ലാതെ മികച്ച മറ്റൊരു സാധ്യത വോട്ടർമാർക്കില്ല. എന്നാൽ വിരംഗം മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത് അവിടെ വോട്ടർമാർക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ പേരുകളുണ്ടെന്നതാണ്. ആ സാധ്യതയാണ് ഹാ‍ർദിക്കിന്റെ പോരാട്ടം കടുത്തതാക്കുന്നത്; മാധ്യമങ്ങളുടെ ഇഷ്ടതാരം ഹാർദിക്കാണെങ്കിലും.

English Summary: Gujarat Assembly Election: Ground report of Hardik Patel constituency Viramgam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com