ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വിവാദമായതിനു പിന്നാലെ പിൻവലിച്ചു. ഡൽഹി ലഫ്. ഗവർണർ വി.കെ.സക്‌സേന, ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുമായി നടത്തിയ ചർച്ചയിലാണ് പിൻവലിക്കാനുള്ള തീരുമാനം. നിരോധനം നീക്കാമെന്ന് ലഫ്. ഗവർണർക്ക് ഇമാം ഉറപ്പുനൽകി. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കും എന്ന ഉറപ്പിലാണു നടപടി.

ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാനായിരുന്നു തീരുമാനം. മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിരുന്നു. തീരുമാനത്തെ ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) ചെയർപഴ്സൻ സ്വാതി മലിവാള്‍ ഉൾപ്പെടെ അപലപിച്ചിരുന്നു. സ്ത്രീകൾ ഒറ്റയ്‌ക്ക് വരുമ്പോൾ, മതപരമായ സ്ഥലത്ത് ‘അനുചിതമായ പ്രവൃത്തികൾ’ കാണപ്പെടുന്നെന്നും അത്തരം പ്രവൃത്തികൾ നിർത്തലാക്കാനാണു നിരോധനമെന്നുമായിരുന്നു മസ്ജിദിന്റെ പിആർഒ സബിയുല്ല ഖാന്റെ വിശദീകരണം.

ജമാ മസ്ജിദിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്കിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ (എൻ‌സി‌ഡബ്ല്യു) കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ജമാ മസ്ജിദിന്റെ നടപടി ലിംഗ പക്ഷപാതപരവും ആരാധിക്കുന്നതിനുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചെയർപഴ്‌സൻ രേഖ ശർമ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും കത്ത് നൽകിയിരുന്നു.

English Summary: Jama Masjid administration withdraws controversial order on women's entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com