ADVERTISEMENT

കൊച്ചി∙ രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ആഭ്യന്തര യാത്രക്കാരെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ഭരകത്തുള്ള എന്നിവരാണ് പിടിയിലായത്. വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശന നിരീക്ഷണത്തെ തുടർന്ന് പിടികൂടുകയായിരുന്നു.

ആഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണ കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം രാജ്യാന്തര സർവീസിനുശേഷം ആഭ്യന്തര സർവീസിനൊരുങ്ങിയ വിമാനത്തിൽനിന്ന് സ്വർണം പിടികൂടിയിരുന്നു. ആഭ്യന്തര യാത്രക്കാർ സ്വർണവുമായി എത്തുമെന്ന് രഹസ്യ വിവരവും ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

മുംബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവരെത്തിയത്. ഇരുവരുടെയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ശ്രീലങ്കൻ വംശജനാണു ഹാൻഡ് ബാഗുകള്‍ കൈമാറിയതെന്നാണു മൊഴി.

എന്നാൽ, ഗൾഫിൽനിന്നെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താൻ, മുംബൈ വിമാനത്താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ ആഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണു കസ്റ്റംസിന്റെ നിഗമനം. ആരാണു ഗൾഫിൽനിന്നു സ്വർണം കൊണ്ടുവന്നത്, തുടർന്ന് ഇവർക്കു കൈമാറിയതും ആരൊക്കെ എന്നതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു കസ്റ്റംസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവർക്കെതിരെ കേസെടുത്തു.

English Summary: Two held for Smuggling Gold in Nedumbassery Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com