ADVERTISEMENT

തിരുവനന്തപുരം / കൊച്ചി∙ തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്കായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ, കത്ത് വ്യാജമാണെന്ന് ഹൈക്കോടതിയിലും ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്.

കത്തു വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹർജി അപ്രസക്തമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി ഹൈക്കോടതി ഈ മാസം 30ലേക്ക് മാറ്റി. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണ് ഹർജി നൽകിയത്.

അതേസമയം, കത്തു വിവാദത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. യുവമോർച്ച പ്രവർത്തകർ കോർപറേഷന്റെ പ്രധാന കവാടങ്ങൾ ഉപരോധിച്ചു. രാവിലെ 8.30നാണ് ഉപരോധം ആരംഭിച്ചത്. പിൻവശത്തെ കവാടത്തിൽ കോർപഷേൻ ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മൂന്നാമത്തെ കവാടത്തിലെ സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിനു ശേഷമാണ് ജീവനക്കാർക്ക് ഉള്ളിൽ പ്രവേശിക്കാനായത്. യുവമോർച്ച പ്രവർത്തകർ കൈയേറ്റം ചെയ്തതായി ജീവനക്കാർ ആരോപിച്ചു.

മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപറേഷൻ ഉപരോധിച്ചപ്പോൾ പിറകിലെ ഗെയ്റ്റിൽ നിന്നും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നു. (Photo: MANOJ CHEMANCHERI / Manorama)
മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപറേഷൻ ഉപരോധിച്ചപ്പോൾ പിറകിലെ ഗെയ്റ്റിൽ നിന്നും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നു. (Photo: MANOJ CHEMANCHERI / Manorama)

കെഎസ്‌യു പ്രവർത്തകർ കോർപറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിക്കാൻ പ്രവർത്തകർ ശ്രമിച്ചതിനു പിന്നാലെ, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് കണ്ണീർവാതകവും നാലുതവണ ജലപീരങ്കിയും പ്രയോഗിച്ചു. കോൺഗ്രസ്, ബിജെപി പ്രവർത്തകരും കോർപറേഷൻ കവാടത്തിൽ ധർണ നടത്തുന്നു.

English Summary: Arya Rajendran in  High Court on Letter row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com