ആള്‍മാറാട്ടം നടത്തി അഫ്താബിന് പിന്തുണ; യുപി സ്വദേശി പിടിയിൽ: ‘കൊല്ലപ്പെടുമെന്ന് പേടി’

Mail This Article
ലക്നൗ∙ ഡൽഹിയിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ അഫ്താബ് അമിൻ പൂനാവാലയെ മുസ്‌ലിം യുവാവായി നടിച്ച് പിന്തുണച്ചയാൾ പിടിയിൽ. യുപിയിലെ ബുലന്ദ്ഷഹർ ജില്ലയിൽ സിക്കന്ദ്‌രാബാദ് സ്വദേശിയായ വികാസ് കുമാർ ആണ് പിടിയിലായത്. ലിവ്–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ ശ്വാസംമുട്ടിച്ച് കൊന്ന് 35 കഷണങ്ങളാക്കി പലയിടങ്ങളിൽ പല സമയത്ത് ഉപേക്ഷിച്ചകേസിൽ അഫ്താബ് ഇപ്പോൾ പൊലീസിന്റെ പിടിയിലാണ്.
അഫ്താബിനെ അനുകൂലിച്ച് ഡൽഹിയിൽ മാധ്യമങ്ങളോട് റാഷിദ് ഖാൻ എന്ന പേരിൽ ഇയാൾ പ്രസ്താവന നടത്തിയിരുന്നു. അഫ്താബിന്റെ ചെയ്തികളെ ന്യായീകരിച്ച ഇയാൾ ദേഷ്യം വരുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും 35 അല്ല 36 കഷണങ്ങളാക്കി വേണമായിരുന്നു ശരീരം മുറിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇയാളും അതുപോലെ ചെയ്യുമോ എന്ന ചോദ്യത്തിന് – ദേഷ്യത്തിലാണെങ്കിൽ അങ്ങനെയൊക്കെ സംഭവിച്ചേക്കും എന്ന മറുപടിയാണ് വികാസ് കുമാർ നൽകിയത്.
അതേസമയം, വികാസ് ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നും മോഷണത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും ബുലന്ദ്ഷഹറിലും നോയിഡയിലും കേസുകൾ ഉണ്ടെന്നും ബുലന്ദ്ഷഹർ എസ്എസ്പി ശ്ലോക് കുമാർ പറഞ്ഞു.
ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നെങ്കിൽ താനങ്ങനെ പറയില്ലായിരുന്നുവെന്നാണ് ഇപ്പോൾ വികാസിന്റെ നിലപാട്. ഇവിടെവച്ചോ ജയിലിൽവച്ചോ കൊല്ലപ്പെട്ടേക്കാമെന്ന പേടിയുമുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി വികാസ് പറഞ്ഞു.
മേയിൽ ഡൽഹിയിലേക്കു താമസം മാറിയതിനു പിന്നാലെയാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയനായ അഫ്താബ് ഇനി നാർകോ അനാലിസിസിനും വിധേയനാകും.
English Summary: UP Man Pretended To Be Muslim, Supported Aaftab Poonawala, Now Arrested