ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജില്‍ വനിതാ ഡോക്ടറെ മർദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് പിജി വിദ്യാർഥികളായ ഡോക്ടർമാർ സൂചനാ പണിമുടക്കു നടത്തി. സമരത്തെ പിന്തുണച്ച് കെജിഎംസിടിഎയും (കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് ആസോസിയേഷന്‍) ഐഎംഎയും (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്തെത്തി.

അക്രമിയെ ഉടനടി അറസ്റ്റു ചെയ്തു തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പിജി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ പരിപാടികളുമായി സഹകരിച്ചു സമരം ചെയ്യാൻ സംഘടന നിർബന്ധിതമാകുമെന്നു കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയിലെ അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മർദനമേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഡോക്ടറെ മർദിച്ചശേഷം രോഗിയുടെ ഭർത്താവ് ഐസിയുവിൽനിന്ന് ഇറങ്ങിവരുന്ന വിഡിയോ പുറത്തുവന്നു. 

ന്യൂറോ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്നാണ് ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. തനിക്ക് ഡോക്ടർ ആകേണ്ടെന്നും രാജ്യം വിടുകയാണെന്നും മർദനമേറ്റ ഡോക്ടർ കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു സമൂഹമാധ്യമത്തിൽ കുറിച്ചു.

സുൽഫിയുടെ പോസ്റ്റിന്റെ പൂർണരൂപം:

"ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട,  ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു"!

കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിനു ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിനു വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ അടിവയർ നോക്കി ചാടി ഒരു ചവിട്ട്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതും 24 മണിക്കൂറും പ്രവർത്തിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ,സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ. എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ. 

അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം. മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ. സൂപ്പർ സ്പെഷാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ. പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്നു തീരുമാനവും. ചവിട്ട് കിട്ടിയ വനിതാ ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതൻ. സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയാറായി വനിതാ ഡോക്ടറും. പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകളും വനിതാ ഡോക്ടർമാരും സുരക്ഷിതരല്ല. ഇത് തലസ്ഥാന നഗരിയിൽ  ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം. കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കപ്പെടാൻ പാടില്ല. അപ്പോ ചികിത്സാ പിഴവെന്ന് രോഗിക്കൊ രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്കാരം. നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയർ നോക്കി ചാടി ചവിട്ടിയാൽ ഇനി നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!

English Summary: Woman doctor reaction after she got hurt by patient's relative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com