ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡേറ്റ സംരക്ഷണ ബിൽ ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം നല്‍കാന്‍ ബിൽ ഉപകരിക്കും. ചില വിഷയങ്ങളിലൊഴികെ, വിവരാവകാശ അപേക്ഷയിൽപോലും വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ബില്ലിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഒന്ന്, ഉപഭോക്താക്കളുടെ ഡിജിറ്റൈസ് ഡേറ്റ സംരക്ഷിക്കുക. രണ്ട്, ഡേറ്റ ഇക്കോണമിയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾക്കും ഇന്നവേഷൻ കമ്പനികൾക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരിക, മൂന്ന്, സർക്കാരിന്റെ അന്വേഷണ ഏജൻസികൾക്കും നിയമപാലകർക്കും അത്യാവശ്യഘട്ടങ്ങളിൽ ഇത്തരം വ്യക്തിവിവരശേഖരം പരിശോധിക്കുന്നതിനുള്ള മാർഗനിർദേശം നൽകുക. 

ബില്ല് പാസായാൽ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവൻ സംവിധാനത്തിന്റെയും സ്വഭാവം തന്നെ മാറും. ഇന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം വർധിച്ചിട്ടുണ്ട്. അത് പല തലത്തിലാണ്. വലിയ കമ്പനികൾ അടക്കം ഇത്തരം ഡേറ്റ ദുരുപയോഗം ചെയ്യുന്നത് ആഗോളതലത്തിൽത്തന്നെ നടക്കുന്നതാണ്. അത് ഇവിടെ പൂർണമായും അവസാനിപ്പിക്കാനാണ് ഡേറ്റ സംരക്ഷണ ബിൽ കൊണ്ടുവരുന്നത്. 

പൗരന്മാരുടെ അവകാശം എന്താണ്, ഡേറ്റ പ്ലാറ്റ്ഫോം കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്നതെല്ലാം ബിൽ വ്യക്തമാക്കുന്നു. അത്തരം ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് ഡേറ്റ പ്രൊട്ടക്‌ഷൻ ബോർ‌ഡ് പിഴ ചുമത്തും. 

വിവരാവകാശ അപേക്ഷകളിൽ പോലും വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ലഭിക്കില്ല. അതേസമയം, രാജ്യസുരക്ഷയ്ക്കു വെല്ലുവിളി, മഹാമാരികളുടെ വ്യാപനം, ദുരന്ത സാഹചര്യങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ അതിന് ഇളവുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഡേറ്റ സംരക്ഷണ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 കോടി രൂപ വരെ പിഴയീടാക്കാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. കരടു ബില്ലിനെപ്പറ്റി ഡിസംബർ 17 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

Content Highlight: Minister Rajeev Chandrasekhar on new Data Protection Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com