ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണം ഇന്നു പുനരാരംഭിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ് സർക്കാരിനു കത്തു നൽകിയതോടെ സ്ഥലത്ത് വൻ സംഘർഷം. പദ്ധതിയെ എതിർക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനു നേരെ ആക്രണം ഉണ്ടായി. പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സമരസമിതി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. സമരക്കാരും നിർമാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ കല്ലേറുണ്ടായി. തുറമുഖ നിർമ്മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറികൾ സ്ഥലത്തുനിന്നും മാറ്റി. ലോറികളുടെ ചില്ലുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞു പൊട്ടിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് തുറമുഖ നിർമാണം മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. തുറമുഖ നിർമാണത്തിനു സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർമാണം തുടങ്ങാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പൊലീസ് സംഘം ക്യാംപ് ചെയ്തിരുന്നു. നിർമാണത്തിന് പാറയുമായെത്തിയ വാഹനങ്ങൾ പ്രധാന കവാടത്തിനു മുന്നിൽ പ്രതിഷേധക്കാർ തടഞ്ഞു. 

vizhinjam-protest-26-111
വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് സംഘം

പ്രതിഷേധക്കാർ നിലത്തു കിടന്ന് പ്രതിഷേധിച്ചു. സമരപന്തൽ പൊളിച്ചു മാറ്റണമെന്നും നിർമാണത്തിന് തടസം ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ലോറികൾക്കു മുന്നിൽനിന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ ലോറികൾക്ക് ചുറ്റും നിന്ന് പൊലീസ് സംരക്ഷണമൊരുക്കി. പ്രതിഷേധക്കാർ പൊലീസ് വലയം മറികടന്ന് ലോറികൾക്ക് അടുത്തേക്ക് ചെന്ന് പ്രതിഷേധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായും സംഘർഷമുണ്ടായി.

ലോറികൾ നിർമാണ സ്ഥലത്തേക്ക് കടത്തി വിടാൻ പൊലീസ് നടപടിയെടുക്കണമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടു. വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം വീടുകൾ നിർമിച്ചു നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. മറ്റു ആവശ്യങ്ങൾ അംഗീകരിച്ചതായും അധികൃതർ പറയുന്നു.

English Summary: Protest at Vizhinjam as Port Construction Restarts
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com