ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്‍റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.

ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ആണ് ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്നു ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്കു പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു. പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്തു നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്നു ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. 

വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്. നേരത്തേ മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്തു വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി, തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികൾ പ്രകാരമാണു കേസെടുത്തതെന്നാണു പൊലീസ് അറിയിച്ചത്.

English Summary: Latin archdiocese against Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com