ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി. ഇതരമതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോയെന്ന് ചിന്തിക്കണം. സിപിഎം നേതാക്കൾ വിഴിഞ്ഞം സമരത്തെ മോശമായി കാണുന്നുവെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി അറിയിച്ചു. 

വിഴിഞ്ഞം തുറമുഖ നിർമാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരത്തെ അവഗണിക്കുന്ന സർക്കാരുകളുടെ നിലപാടു ന്യായീകരിക്കാനാവില്ലെന്ന് കെസിബിസി. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിൽ മത്സ്യതൊഴിലാളികള്‍ നടത്തുന്നത് അതിജീവന സമരമാണ്. 130 ദിവത്തിലധികമായി സമരം നടക്കുന്ന ഇവിടെ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസിനും  വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി അറിയിച്ചു. 

വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ പഠിക്കുകയും അവയ്ക്കു പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത്. ഈ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര, സംസ്ഥാനസര്‍ക്കാർ നിലപാടുകൾ. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്‌നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടരീതിയിൽ പ്രതികരിക്കണം. അവിടെയുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

വിഴിഞ്ഞത്ത് മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് മന്ത്രി  അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കില്‍ കോടതി ഉത്തരവ് ലത്തീന്‍ അതിരൂപത ലംഘിക്കില്ലായിരുന്നുവെന്നും മന്ത്രി കോഴിക്കോട്ട് വിമര്‍ശിച്ചു. 

English Summary: KCBC Against Minister Ahammed Devarkovil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com