ADVERTISEMENT

ബെയ്ജിങ്∙ അടുത്ത കാലത്ത് ചൈന കണ്ടിട്ടില്ലാത്ത വിധം, കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ച ജനങ്ങളെക്കുറിച്ചു ചൈനീസ് അധികൃതർ അന്വേഷിക്കുന്നതായി റിപ്പോർട്ട്. പ്രതിഷേധം നടന്ന ഞായർ രാത്രിയിൽ എവിടെയാണെന്നു വ്യക്തമാക്കി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നു ചിലരോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധ സ്ഥലത്തു പോയിരുന്നോയെന്ന് കോളജിൽനിന്നും വിദ്യാർഥികളോടു വിവരം തേടിയിട്ടുണ്ട്.

പ്രതിഷേധത്തെക്കുറിച്ച് എങ്ങനെയാണ് നിങ്ങൾ കേട്ടതെന്നും പങ്കെടുക്കാൻ പോയപ്പോഴുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്നും പൊലീസ് ആളുകളോടു ചോദിക്കുന്നുണ്ട്. ഭയന്നുപോയവർ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിക്കുകയാണെന്നാണു റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ എങ്ങനെയാണ് അധികൃതർ കണ്ടെത്തിയതെന്നു വ്യക്തമല്ല. എത്രപേരെ അന്വേഷിച്ചു കണ്ടെത്തിയെന്നും പുറത്തുവിട്ടിട്ടില്ല.

സംഭവവികാസങ്ങളോടു പ്രതികരിക്കാൻ ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ തയാറായിട്ടില്ല. എന്നാൽ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടാവണം അവകാശങ്ങളും സ്വാതന്ത്ര്യവും നിർവഹിക്കേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ലോകത്തെ മറ്റിടങ്ങളിൽ കോവിഡിനൊപ്പം ജീവിക്കുക എന്നത് പ്രാവർത്തകമാക്കുമ്പോൾ ചൈന ഇപ്പോഴും സീറോ – കോവിഡ് നയമാണ് പിന്തുടരുന്നത്.

വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിച്ചും ടെലഗ്രാം ആപ്പ് വഴിയുമാണ് പ്രതിഷേധക്കാർ വിവരങ്ങൾ പങ്കിട്ടതും പ്രതിഷേധ സ്ഥലത്തെത്തിയതും. ഇവ രണ്ടും ചൈനയിൽ നിരോധിച്ചിരിക്കുകയാണ്. പൊലീസുകാർ ആളുകളുടെ മൊബൈൽ പരിശോധനയ്ക്കു ചോദിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ നഗരമായ ഉറുംഖിയിൽ 10 പേർ മരിച്ച തീപിടിത്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് കോവിഡ് നിയന്ത്രണങ്ങൾ വിലങ്ങുതടിയായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കോപ്പുകൂട്ടിയത്.

English Summary: Chinese authorities seek out COVID protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com