ADVERTISEMENT

കൊച്ചി∙ വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമെന്നും കോടതി നിരീക്ഷിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾക്കു രാത്രി 9.30നുശേഷം ഹോസ്റ്റലിൽനിന്നു പുറത്തിറക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ചോദ്യം ചെയ്തു വിദ്യാർഥിനികൾ സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. 

‘‘സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണങ്ങൾ ആണധികാരത്തിന്റെ ഭാഗമാണ്. സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ ക്യാംപസിനുള്ളിൽ പോലും ഇറങ്ങരുതെന്നു തികച്ചു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. വിദ്യാർഥിനികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാംപസിൽ പോലും സംരക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയാണോ സംസ്ഥാനത്തുള്ളത്’’– കോടതി ചോദിച്ചു.

ഹോസ്റ്റൽ എന്താ ജയിൽ ആണോയെന്നു ചോദിച്ച കോടതി, അവർ കുട്ടികളാണോയെന്നും ആരാഞ്ഞു. ‘‘അവർ മുതിർന്ന പൗരന്മാരും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവരുമാണ്. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിദ്യാർഥിനികളെ പൂട്ടിയിടുകയാണോ വേണ്ടത്. രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ ആക്രമിക്കപ്പെടൂവെന്നു തോന്നുന്നുള്ളൂ? അക്രമികളെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥിനികളെ പൂട്ടിയിടുന്നത് ആണധികാര ചിന്തയുടെ ഭാഗമാണ്. വിദ്യാർഥിനികളുടെ കഴിവിനെ കൂറച്ചുകാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്തരാണ്’’ – കോടതി നിരീക്ഷിച്ചു. 

സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗവിവേചനം പാടില്ലെന്നും യുജിസിയുടെ വിജ്ഞാപനങ്ങളുണ്ട്. ഈ വിജ്ഞാപനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള കാരണം വ്യക്തമാക്കാനും കോടതി സർക്കാരിനോടു നിർദേശിച്ചു.

English Summary: High Court on Ladies Hostel Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com