ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി കോടതി തള്ളിയ കോടതി, സർവകലാശാലയിൽ സ്ഥിരം വിസി നിയമനം ഉടൻ നടത്താനും നിർദേശിച്ചിരുന്നു.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിസിയാകാന്‍ സിസ തോമസിനു യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. ചെറിയ കാലയളവിലേക്കാണു സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം വിസിയുടെ നിയമനം എത്രയും വേഗം നടത്തണമെന്നും നിർദേശിച്ച കോടതി, താൽക്കാലിക വിസി നിയമനത്തിനായി സർക്കാർ സമർപ്പിച്ച പട്ടികയിൽ യോഗ്യതയുള്ളവരില്ലെന്ന ഗവർണറുടെ വാദം അംഗീകരിച്ചു. 

നിയമനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കെടിയു വിസിയുടെ നിയമനം നേരത്തേ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രോ വിസിക്ക് ആ സ്ഥാനത്തിരിക്കാൻ അർഹത ഇല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനാണെന്നും, അക്കാദമിക് യോഗ്യതിയില്ലാത്തതിനാല്‍ വിസിയാകാന്‍ യോഗ്യനല്ലെന്നും കോടതി വ്യക്തമാക്കി. കെടിയു വിസി നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി അത്യപൂര്‍വമായ നീക്കമെന്ന പരാമര്‍ശത്തോടെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവം തുടങ്ങിയത്.

വിസിയായി നിയമിക്കപ്പെടുന്നയാൾക്കു യുജിസി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന വാദം പ്രസക്തമാണ്. യോഗ്യതയുള്ളവരുടെ പട്ടികയടക്കം സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു. അതുകൊണ്ടു തന്നെ ഗവർണറുടെ നടപടിയിൽ തെറ്റോ പക്ഷപാതിത്വമോ ഉള്ളതായി പറയാനാകില്ല. സർവകലാശാലാ നിയമനങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English Summary: KTU VC Appointment: Government to appeal against High Court order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com