ADVERTISEMENT

ന്യൂഡൽഹി∙ തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തരം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക േചാദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ബിൽക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ ഗുജറാത്തല്ല, മഹാരാഷ്ട്രയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബിൽക്കിസ് ബാനു ഹർജിയിൽ പറയുന്നു. 15 വർഷത്തോളമായി ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് ഓഗസ്റ്റ് 15നാണ് വിട്ടയച്ചത്. എന്നാൽ, ഗുജറാത്ത് സർക്കാരിന്റെ ഈ നടപടി രാജ്യവ്യാപകമായി വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002ലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് സർക്കാരിന്റെ തീരുമാനം.

English Summary: Bilkis Bano Challenges In Supreme Court Release Of Her Rapists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com