ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പൊലീസിനോട് വിശദാംശങ്ങൾ തേടി. സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് വിശദാംശം തേടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ ചില ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.

അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ ഇതുവരെ 163 കേസുകൾ റജിസ്റ്റർ ചെയ്തതായി വിഴിഞ്ഞം സ്പെഷൽ ഓഫിസർ കൂടിയായ ഡിഐജി ആർ.നിശാന്തിനി അറിയിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഡിഐജി വ്യക്തമാക്കി. എന്നാൽ, സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആ തലത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നും ഡിഐജി കൂട്ടിച്ചേർത്തു.

അതിനിടെ, വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി ഇന്നു വൈകിട്ട് നടത്തുമെന്നറിയിച്ച മാർച്ചിനെതിരെ പൊലീസ് നോ‍ട്ടിസ് നൽകി. മാർച്ചിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സംഘടന മാത്രമാണ് ഉത്തരവാദിയെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നൽകിയത്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് എഫ്ഐആർ. തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘർഷത്തിലെത്തിയത്. 

English Summary: NIA seeks details from Police on Vizhinjam Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com