ADVERTISEMENT

തിരുവനന്തപുരം∙ തന്നെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍. മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. വൈദികന്റെ പേരിന്‍റെ അര്‍ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞതെന്നും ഇനിയും പറയുമെന്നും മന്ത്രി പറഞ്ഞു.

‘‘കേരള സംസ്ഥാനം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും വിളിച്ചുപറയുന്നതും കേൾക്കാനുള്ള ആളുകൾ അല്ല ഇവിടുള്ളത്. നിയമപരമായി എന്താണ് നടപടികള്‍ അത് നടക്കട്ടെ. മാപ്പ് കീശയിലെഴുതിയിട്ട് അത് കേള്‍ക്കാൻ നിൽക്കുന്ന ആളുകൾ കേരളത്തിലുണ്ടായിരിക്കും. പക്ഷേ, എന്നെ അതിനു കിട്ടില്ല. തീവ്രവാദ സ്വഭാവം എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. തുറമുഖത്തിനു തടസ്സം നിൽക്കാൻ പാടില്ലെന്നു പറഞ്ഞു. രാജ്യത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർ എന്നല്ലെ പറഞ്ഞത്. അത് ദേശദ്രോഹം തന്നെയല്ലെ. റെയിലും റോഡും വിമാനത്താവളവും വേണ്ടെന്ന് പറയാൻ പറ്റുമോ?. ഈ ലോകത്തിലല്ലെ നന്മൾ ജീവിക്കുന്നത്’’– അദ്ദേഹം ചോദിച്ചു.

‘‘വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും തടസ്സമായി നിന്നാൽ രാജ്യദ്രോഹമായി കാണും എന്നെ പറഞ്ഞിട്ടുള്ളൂ. അത് ഇനിയും പറയും. ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. പറയുന്ന വ്യക്തി അയാളുടെ പേരിന്റെ അർഥം ഗൂഗിളിൽ അടിച്ചു നോക്കണം. നാവിന് എല്ലില്ലാ എന്നു പറഞ്ഞ് എന്തും വിളിച്ചു പറഞ്ഞ് അതിനു വൈകിട്ട് ഒരു മാപ്പെഴുതിയാലൊന്നും കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.

സമരക്കാർ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് വി.അബ്ദുറഹിമാൻ ആരോപിച്ചതിനെതിരെ, ആഞ്ഞടിച്ച ഫാ.തിയഡോ‍ഷ്യസ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി‍യാണ് മന്ത്രി അബ്ദുറഹി‍മാനെന്നു ആരോപിച്ചിരുന്നു. പരാമർശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

English Summary: Minister V Abdurahiman against Fr. Theodacious D'Cruz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com