ADVERTISEMENT

കൊല്ലം∙ വിഴിഞ്ഞത്ത് സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അവിടെ നടക്കുന്നത് കലാപമാണെന്നും തീവ്രവാദമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമം ഉണ്ടായി. വിഴിഞ്ഞത്ത് ചര്‍ച്ച ചെയ്ത് എന്തു പരിഹാരമാണ് ഉണ്ടാക്കിയതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. വിഴിഞ്ഞത്തുള്ളത് വികസനത്തിന്റെ ഇരകളാണ്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സമരം ചെയ്യുന്നവര്‍ ശത്രുക്കളെന്ന് ഏകാധിപതികള്‍ക്ക് തോന്നുമെന്നും മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു വിവാദപരാമര്‍ശം നടത്തിയ വൈദികനെ പിന്തുണയ്ക്കുന്നില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സിപിഎം മുഖപത്രം തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം. ചിത്രത്തിലുള്ള മറ്റൊരു വൈദികന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അര്‍ബന്‍ നക്‌സലൈറ്റുകളായും മോദി സര്‍ക്കാര്‍ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് 4 വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവര്‍ത്തനമായി പിണറായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്.’– വി.ഡി. സതീശൻ പറഞ്ഞു.

എന്തുകൊണ്ടാണ് സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാത്തത്? മുഖ്യമന്ത്രി സംസാരിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിക്കും. എന്നാല്‍ അദാനിയുടെ ഉച്ചഭാഷിണിയായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അദാനിയുടെ കേസ് കോടതിയില്‍ വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കലാപകാരികളാണെന്ന് വരുത്തിത്തീര്‍ത്ത് പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു അക്രമ സംഭവത്തെയും പ്രതിപക്ഷം പ്രോത്സാഹിപ്പിക്കില്ല. പക്ഷേ ആര്‍ച്ച് ബിഷപ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയും കസ്റ്റഡിയില്‍ എടുത്തവരെ അന്വേഷിച്ച് ചെന്ന പള്ളികമ്മിറ്റിക്കാരെ അറസ്റ്റ് ചെയ്തും സമരക്കാരെ സര്‍ക്കാരും പൊലീസും മനഃപൂര്‍വം പ്രകോപിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി രാവിലെ ആറ് മണിക്ക് പാറയുമായെത്തിയ ലോറി പൊലീസ് തടഞ്ഞിട്ടു. കുഴപ്പം ഉണ്ടാക്കി അവിടെ നടക്കുന്നത് കലാപവും തീവ്രവാദവുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പാവങ്ങളായ മത്സ്യത്തൊഴിലാളികളോടും അനീതിയും അക്രമമവുമാണ് സര്‍ക്കാര്‍ ചെയ്തത്.

മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് വൈദികന്‍ ക്ഷമ പറഞ്ഞിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് മന്ത്രിമാര്‍ സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത്? ഇഷ്ടമില്ലാത്ത ആരെയും തീവ്രവാദികളെന്ന് വിളിക്കാമോ? മന്ത്രിമാര്‍ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം.– വി.ഡി. സതീശൻ പറഞ്ഞു.

English Summary: Vizhinjam issue: VD Satheesan against Kerala Government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com