ADVERTISEMENT

കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം ശരിവച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജി ഹൈക്കോടതി തള്ളി. ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് രണ്ടു ഹർജികളും തള്ളുന്നതായി ഒറ്റവാക്കിലാണ് വിധി പ്രസ്താവിച്ചത്. മൂന്നു ദിവസം നീണ്ട വിശദമായ വാദം കേൾക്കലിനു ശേഷമാണ് കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് ശരിയായില്ലെന്നുമായിരുന്നു സർക്കാരിന്റെയും പരാതിക്കാരുടെയും വാദം. എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ നിന്നുള്ള കേസിന്റെ എല്ലാ രേഖകളും വിളിച്ചു വരുത്തി പരിശോധിച്ച ശേഷമായിരുന്നു കോടതി വിധി പറയാൻ മാറ്റി വച്ചത്.

പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെയും യുവതിയുടെയും ഹർജി പരിഗണിക്കുമ്പോൾ പരാതിക്കാരിക്കെതിരെ ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

പരാതിക്കാരി ആദ്യം പൊലീസിനെ സമീപിക്കുമ്പോൾ പീഡന പരാതി നൽകിയിരുന്നില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പൊലീസും അംഗീകരിച്ചിരുന്നു. ആദ്യ എഫ്ഐആറിലും ഇക്കാര്യം പരാതിക്കാരി ഉന്നയിച്ചിരുന്നില്ല. എന്നാൽ രഹസ്യ മൊഴിയിൽ ഇക്കാര്യം നൽകിയെന്നായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്. എൽദോസിന് എതിരായ ആരോപണങ്ങൾ ഒരു അസാധാരണ കഥപോലെ തോന്നുന്നു എന്നായിരുന്നു ഒരു ഘട്ടത്തിൽ കോടതി വിലയിരുത്തിയത്. നൂറു തവണ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101ാം തവണ സമ്മതമില്ലെങ്കിൽ അതു ബലാത്സംഗമാണ് എന്നും കോടതി വ്യക്തമാക്കി.

ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയിൽ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞിരുന്നു.

സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

English Summary: Rape case: High Court on Eldhose Kunnappilly's bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com