ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. വിദേശനിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിലേക്കു വലിയ തോതിൽ പണമൊഴുക്കുന്നതാണ് സൂചികകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിന്റെ കാരണം. എന്നാൽ സൂചികകൾ വലിയ കുതിപ്പു നടത്തുമ്പോഴും രാജ്യത്തെ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോ ഇപ്പോഴും ചുവന്നു തന്നെയാണ്. റഷ്യ– യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച നഷ്ടങ്ങളൊന്നും നികത്താൻ പല ചെറുകിട നിക്ഷേപകർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ വിപണിയിൽ നടക്കുന്ന റാലിയിൽ നേട്ടമുണ്ടാക്കാൻ കഴിയാത്ത ചില്ലറ നിക്ഷേപകരുമേറെ. സൂചികകൾ കുതിക്കുമ്പോഴും ചെറുകിട നിക്ഷേപകരുടെ ഓഹരികൾ മുന്നേറാത്തത് എന്തുകൊണ്ടാകും? ഇപ്പോൾ നടക്കുന്ന റാലിയുടെ പിന്നിലുള്ള കാരണങ്ങളെന്താണ്? വിശദമായി പരിശോധിക്കാം.

 

∙ റാലി നയിക്കുന്നതു വൻകിട ഓഹരികൾ

 

ഓഹരി വിപണിയിലെ ഇപ്പോഴത്തെ റാലി നയിക്കുന്നത് പ്രധാനമായും വൻകിട ഓഹരികളാണ് (ലാർജ് ക്യാപ് സ്റ്റോക്സ്). മിഡ്ക്യാപ്, സ്മോൾ ക്യാപ് എന്നിങ്ങനെ ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിലേക്ക് വലിയ തോതിലുള്ള നിക്ഷേപം നടക്കുന്നില്ലാത്തതിനാൽ ഇവയുടെ ഓഹരി മൂല്യത്തിൽ ഇപ്പോൾ കാര്യമായ ഉയർച്ച ഉണ്ടാകുന്നില്ല. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ വില സൂചികയായ സെൻസെക്സും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ സൂചികയായ നിഫ്റ്റിയും വമ്പൻ കുതിപ്പു നടത്തിയിട്ടും പല ചെറുകിട നിക്ഷേപകരുടെയും പോർട്ട്ഫോളിയോ ലാഭത്തിലാകാത്തതിന്റെ കാരണമിതാണ്. ചെറുകിട നിക്ഷേപകർ കൂടുതലും നിക്ഷേപിച്ചിരിക്കുന്നത് മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണ്. എന്നാൽ സൂചികകൾ അടിസ്ഥാനമാക്കുന്നത് നിശ്ചിത ഓഹരികളുടെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ്. ഈ ഓഹരികൾ മുന്നേറുന്നതിനാലാണ് സൂചികകൾ കുതിക്കുന്നതും പുതിയ റെക്കോർഡുകൾ പിറക്കുന്നതും. 

 

ഓഹരി വിപണി സൂചികകൾ രാജ്യത്തെ ഒരു ചെറുകിട നിക്ഷേപകന്റെ പോർട്ട്ഫോളിയോയെ അപ്പാടെ പ്രതിഫലിപ്പിക്കുന്നതല്ല എന്നതാണു വാസ്തവം. മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ വൻകിട ഓഹരികളിൽ കടുത്ത വിൽപനാ സമ്മർദം നേരിടുകയും ചെയ്തിരുന്നു. ഈ സമയത്ത് റീട്ടെയ്ൽ നിക്ഷേപകർ ഇത്തരത്തിൽ മൂല്യമിടിയുന്ന വൻകിട ഓഹരികൾ കാര്യമായി വാങ്ങിയതുമില്ല. ഇപ്പോഴത്തെ റാലിയുടെ പ്രയോജനം ചെറുകിട നിക്ഷേപകർക്ക് ലഭിക്കാത്തതിന്റെ മറ്റൊരു കാരണമിതാണ്. അതേസമയം ഐടി ഓഹരികളുടെയും മറ്റും വില വല്ലാതെ ഇടിഞ്ഞപ്പോൾ പുതിയതായി പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുകയോ, ആവറേജിങ് നടത്തുകയോ ചെയ്തവർക്ക് ഇപ്പോൾ അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ചില ചെറുകിട ഓഹരികളും ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നുമുണ്ട്. ഇവ വാങ്ങിയിട്ടുള്ള ചുരുക്കം ചില നിക്ഷേപകരുടെ പോർട്ട്ഫോളിയോ ലാഭത്തിലാണ്.

 

∙ പൊതുമേഖലയുടെ കുതിപ്പ്

ഗുജറാത്തിലെ മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള തുറമുഖം. ചിത്രം: SAM PANTHAKY / AFP)
ഗുജറാത്തിലെ മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള തുറമുഖം. ചിത്രം: SAM PANTHAKY / AFP)

 

കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി മികച്ച പ്രകടനം നടത്താത്ത ഓഹരികളാണ് ഇപ്പോൾ പ്രധാനമായും ബ്രേക്ക്ഔട്ട് നടത്തുന്നത്. പൊതുമേഖലയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികൾ ഇതിനുദാഹരണമാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തുന്ന മുന്നേറ്റവും ഇത്തരത്തിലാണ്. കഴിഞ്ഞ രണ്ടു മാസംകൊണ്ട് ഓഹരി മൂല്യത്തിൽ 50 ശതമാനം വർധനയുണ്ടായ പൊതുമേഖലാ കമ്പനികളുണ്ട്. ബാങ്കുകളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ബാങ്ക് ഓഹരികളും ഇപ്പോഴത്തെ റാലിയിൽ കാര്യമായി പങ്കെടുക്കുന്നുണ്ട്. നിഫ്റ്റി ബാങ്ക് സൂചികയും എക്കാലത്തെയും ഉയരത്തിലെത്തി. 

 

ഉദാഹരണത്തിന്, പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കഴിഞ്ഞ വർഷം 80 രൂപ നിലവാരത്തിലായിരുന്നെങ്കിൽ ഇപ്പോൾ 160 രൂപ പിന്നിട്ടു. വളർച്ച 100 ശതമാനത്തിനു മുകളിൽ. എസ്ബിഐ ഓഹരി എക്കാലത്തെയും മികച്ച ഉയരം തൊട്ടു. റഷ്യ–യുക്രെയ്ൻ യുദ്ധം ഇനിയും അവസാനിക്കാത്തതിനാലും ചൈനയിലെ സീറോ കോവിഡ് നയം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം വൻകിട നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്കു മാത്രമാണു നയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം കൂടുന്നത് ഇവ കൂടുതൽ സുരക്ഷിതമാണെന്ന വിശ്വാസത്താലാണ്.

 

∙ ജൂണിനുശേഷം വളർച്ച

 

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വിപണി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനിനു മുന്നിലെ കാഴ്ച. ഫയൽ ചിത്രം: REUTERS/Danish Siddiqui
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ വിപണി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനിനു മുന്നിലെ കാഴ്ച. ഫയൽ ചിത്രം: REUTERS/Danish Siddiqui

നിഫ്റ്റി50ൽ ഉൾപ്പെട്ട 46 ഓഹരികൾ കഴിഞ്ഞ ജൂൺ മാസത്തിനു ശേഷം നടത്തിയത് വലിയ കുതിപ്പാണ്. ജൂണിനുശേഷം രണ്ടക്ക നേട്ടമുണ്ടാക്കിയത് 41 ഓഹരികളാണ്. ജൂണിൽ നിഫ്റ്റി ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു പോയിരുന്നു. എന്നാൽ ഈ നിലവാരത്തിൽ നിന്ന് ഇപ്പോൾ നിഫ്റ്റിക്കുണ്ടായ നേട്ടം ഏതാണ്ട് 22 ശതമാനമാണ്. നിഫ്റ്റി50 ലെ 24 ഓഹരികൾ ഈ സമയംകൊണ്ട് 25 ശതമാനത്തോളം നേട്ടമുണ്ടാക്കി. ജൂൺ 17 ന് 15,183ലേക്കു താഴ്ന്ന നിഫ്റ്റി ഡിസംബർ 1 ന് 19,000 നു തൊട്ടടുത്തെത്തി. ഈ മാസംതന്നെ നിഫ്റ്റി 20,000 പോയിന്റ് എന്ന നിർണായക നിലവാരം കടക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. 

 

അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലീവർ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി തുടങ്ങിയ ലാർജ് ക്യാപ് ഓഹരികൾ ഇത്തരത്തിൽ 20 മുതൽ 80 ശതമാനം വരെ നേട്ടം നൽകിയവയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഭാരതി എയർടെൽ, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ലാർജ് ക്യാപ്പുകൾ നവംബർ മാസത്തിൽ എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി. വിദേശസ്ഥാപന നിക്ഷേപകർ ഈ നിഫ്റ്റി50 ഓഹരികളിൽ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയത്. ഇക്കാലയളവിൽ വിദേശ സ്ഥാപന നിക്ഷേപകർ വിൽപനക്കാരായത് ഒരു മാസത്തിൽ മാത്രമാണ്. എന്നാൽ 80,000 കോടി രൂപയുടെ നിക്ഷേപം ഇവർ ഇക്കാലയളവിൽ നടത്തി.

 

∙ റെക്കോർഡുകൾ പിറക്കുന്നതിങ്ങനെ...

 

നിഫ്റ്റി സൂചിക അടിസ്ഥാനപ്പെടുത്തുന്നത് നിഫ്റ്റി–50 ൽ ഉള്ള കമ്പനികളുടെ പ്രകടനത്തെ ആശ്രയിച്ചാണ്. ഈ 50 കമ്പനികളുടെ ഓഹരി വില ഉയരുമ്പോഴാണ് സൂചിക ഉയരുന്നത്. ഇടിയുന്നതും അതുപോലെത്തന്നെ. സെൻസെക്സ് സൂചിക 30 ഓഹരികളുടെ ശരാശരി പ്രകടനമാണ് കണക്കാക്കുന്നത്. നിഫ്റ്റി 50 ൽ വരുന്ന കമ്പനികളെ തിരഞ്ഞെടുക്കുന്നതിനു കൃത്യവും സുതാര്യവുമായ മാനദണ്ഡങ്ങളുണ്ട്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കമ്പനികളായിരിക്കും ഇതിലുണ്ടാകുക. നിഫ്റ്റി50 ൽ 13 മേഖലകളിൽ നിന്നുള്ള കമ്പനികളുണ്ട്. ഫിനാൻഷ്യൽ സർവീസ്, ഇൻഫർമേഷൻ ടെക്നോളജി, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഗുഡ്സ്, ഓട്ടമൊബീൽ, മെറ്റൽ, ഫാർമ, കൺസ്ട്രക്‌ഷൻ, സിമന്റ്, സിമന്റ് പ്രൊഡക്ഷൻ, ടെലികോം, പവർ, സർവീസ്, ഫെർട്ടിലൈസർ ആൻഡ് പെസ്റ്റിസൈഡ്സ് എന്നിങ്ങനെയാണ് മേഖലകൾ. ഈ മേഖലകളിൽ നിന്നുള്ള ഏറ്റവും പ്രധാന കമ്പനികളാണ് ലിസ്റ്റിൽ ഇടം പിടിക്കുക. ഇവയെല്ലാം ലാർജ് ക്യാപ് കമ്പനികളുമായിരിക്കും. ഓരോ 6 മാസത്തിലും ഈ കമ്പനികൾ മാറി പുതിയവ ചേർക്കും. ജൂണിലും ഡിസംബറിലുമാണ് കമ്പനികൾ മാറുന്നത്. ഇത്തരം ലാർജ് ക്യാപ് കമ്പനികളിലേക്ക്് വൻതോതിൽ നിക്ഷേപമെത്തുമ്പോഴാണ് സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡുകളിലേക്കു കുതിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രതീകങ്ങളിലൊന്നായാണ് ഓഹരി വിപണി സൂചികയെയും കണക്കാക്കുന്നത്.

 

∙ ബുൾ വിപണിയിൽ കയറിക്കൂടിയവർ

 

കോവിഡിനു ശേഷം വിപണി വലിയ കുതിപ്പു നടത്തിയപ്പോൾ രാജ്യത്ത് പുതുതായി ഓഹരി വിപണിയിലേക്കെത്തിയ നിക്ഷേപകരുടെ എണ്ണവും കുതിച്ചുയർന്നിരുന്നു. എന്നാൽ ബുൾ വിപണിയിൽ എൻട്രികൾ എടുത്ത ഇവർക്ക് തുടർന്നുള്ള വിപണിയുടെ ഇടിവിൽ വലിയ നഷ്ടം സംഭവിച്ചു. വില കുറഞ്ഞപ്പോൾ പോർട്ഫോളിയോയിലേക്ക് വീണ്ടും ഇതേ കമ്പനികളുടെ ഓഹരികൾ വാങ്ങിയവർ‌ക്ക് (ആവറേജിങ്) ഇപ്പോൾ നഷ്ടം നികന്ന് ലാഭമായിട്ടുണ്ട്. എന്നാൽ വലിയ നേട്ടത്തിൽ നിൽക്കുന്ന വിപണിയിൽനിന്ന് ഉയർന്ന വിലയുള്ള ഓഹരികൾ വാങ്ങുകയും പിന്നീട് ആവറേജിങ് നടത്താതിരിക്കുകയും ചെയ്തവരുടെ പോർട്ഫോളിയോ ഇപ്പോഴും നഷ്ടത്തിലാണ്. എന്നാൽ കഴിഞ്ഞ ബുൾറണ്ണിലെ വിലയേക്കാൾ മൂല്യമുയർന്ന ഏതാനും കമ്പനികളുമുണ്ട്.

 

∙ കുതിപ്പിന്റെ കാരണങ്ങൾ

 

ആഗോള, ആഭ്യന്തര സമ്പദ്‌വ്യവസ്ഥകൾ മെച്ചമാകുന്നതിന്റെ സൂചനകളാണ് ഓഹരി വിപണികൾക്ക് റെക്കോർഡുകൾ തിരുത്തി മുന്നേറാനുള്ള ഇന്ധനം പകരുന്നത്. ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്ന വിദേശ നിക്ഷേപകരുടെ എണ്ണം കൂടി. ആഭ്യന്തര നിക്ഷേപകരും ഓഹരികൾ വാങ്ങിക്കൂട്ടുന്നുണ്ട്. ലോകമാകെ വീശിയടിച്ച പണപ്പെരുപ്പമെന്ന കൊടുങ്കാറ്റ്, കോവിഡിനു ശേഷം ഇനിയും പൂർവസ്ഥിതിയിലാകാത്ത ആഗോള വിതരണ ശൃംഖലയും സമ്പദ്‌വ്യവസ്ഥയും, കേന്ദ്രബാങ്കുകളുടെ പലിശ ഉയർത്തൽ മൂലം വിപണികളിലുണ്ടായ പണലഭ്യതാ കുറവ്, തകർന്നടിഞ്ഞ നിർമാണ മേഖല, എപ്പോൾ വേണമെങ്കിലും വന്നുഭവിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യം എന്ന ഭീഷണി... ഇത്രയേറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തെതന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം നിലനിർത്തുകയാണ്. വിദേശസ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണികളിലേക്ക് പണം ഇറക്കുന്നതിന്റെ കാരണമിതാണ്. 

 

വളർച്ചയ്ക്ക് വേഗം കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥിതി ആശാവഹമാണെന്നാണു കണക്കുകളും രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളും റേറ്റിങ് ഏജൻസികളും സൂചിപ്പിക്കുന്നത്. 2020–22 ജൂലൈ– സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം (ജിഡിപി) 35.89 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ജിഡിപി മൂല്യം 38.17 ലക്ഷം കോടിയിലേക്ക് ഉയർന്നു. വളർച്ച 6.3 ശതമാനം. കഴിഞ്ഞ ജനുവരി– മാർച്ച് ത്രൈമാസത്തിൽ 40.78 ലക്ഷം കോടിയായി മൊത്ത ആഭ്യന്തര ഉൽപാദനം ഉയർന്നിരുന്നു. റിസർവ് ബാങ്കിന്റെ പ്രതീക്ഷിത വളർച്ചാ നിരക്കായ 6–7 ശതമാനത്തിലെത്താൻ കഴിഞ്ഞുവെന്നതിനെ നിക്ഷേപകർ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. നവംബറിൽ രാജ്യത്തിന്റെ ഉൽപാദന മേഖലയിൽ പ്രകടമായ വളർച്ചയുണ്ട്.

 

∙ ക്രൂഡ്ഓയിൽ വില കുറഞ്ഞതിന്റെ ആഘോഷം

 

ഓഹരി വിപണികളിൽ ഇപ്പോൾ നടക്കുന്ന റാലിക്കു പിന്നിൽ ക്രൂഡ്‌ഓയിൽ വിലയിലുണ്ടായ വലിയ കുറവുമുണ്ട്. ഈ വർഷം ആദ്യമുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡ് വില 40 ശതമാനത്തോളം ഇടിഞ്ഞു. ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കിയതിനാൽ ആഗോള ഡിമാൻഡ് ഇടിഞ്ഞതാണ് യുദ്ധത്തിനിടയിലും എണ്ണവില കുറയാൻ ഇടയാക്കിയത്. രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണവിലയിടിവുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവു കുറയും. ഓട്ടോ സെക്ടറിനും കാര്യമായ നേട്ടമുണ്ടാകും. സ്റ്റീൽ, സിമന്റ് തുടങ്ങി ക്രൂഡ്ഓയിൽ അസംസ്കൃത ഉൽപന്നമായി ആവശ്യം വരുന്ന മേഖലകൾക്കെല്ലാം എണ്ണവിലയിടിവിന്റെ പ്രയോജനമുണ്ടാകും. ഒട്ടേറെ കമ്പനികൾക്ക് നിർമാണച്ചെലവു കുറയും. വാഹനവിൽപനയിലും ഉയർച്ചയുണ്ടായി.

 

∙ ഡിസംബറോടെ വേഗം കുറയ്ക്കാൻ ഫെഡറൽ റിസർവ്

 

വിപണികളിൽ ഈ വർഷം ആദ്യം മുതൽ വലിയ ഇടിവുകളുണ്ടാക്കിയത് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയതീരുമാനങ്ങൾ കൂടിയായിരുന്നു. ചരിത്രപരമായ ഉയരത്തിലെത്തിയ വിലപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്കുകൾ അതിവേഗം ഉയർത്തുകയെന്ന നയമാണ് അമേരിക്ക സ്വീകരിച്ചത്. അമേരിക്കയുടെ പലിശ ഉയർത്തൽ ആഗോള തലത്തിൽ ഓഹരി വിപണികളെ പിടിച്ചുലച്ചു. ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെ വലിയ ഇടിവിലേക്കു പോയി. യുക്രെയ്ൻ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ അമേരിക്കയുടെ ഈ തീരുമാനം ഓഹരിവിപണികൾക്കേൽപിച്ച ആഘാതം വളരെ വലുതായിരുന്നു. ഏതാനും മാസങ്ങൾക്കൊണ്ട് കാൽ ശതമാനത്തിൽ നിന്ന് 3.75– 4 ശതമാനം വരെ അമേരിക്ക പലിശ നിരക്ക് ഉയർത്തി. 

 

ഉയർന്ന പലിശ അമേരിക്കയിൽ ലഭിക്കുമെന്നായതോടെ വിദേശ നിക്ഷേപകർ നിക്ഷേപങ്ങൾ അമേരിക്കൻ ഡോളറിലേക്കു മാറ്റി. ഇന്ത്യൻ ഓഹരി വിപണിയിൽ അടക്കം നിക്ഷേപിച്ച വിദേശ സ്ഥാപന നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിച്ചു. ഇന്ത്യൻ രൂപ ഡോളറിനെതിരെ തകർന്നടിഞ്ഞു. ഡോളർ കരുത്തുകാട്ടി കുതിച്ചുയർന്നു. എണ്ണ പോലുള്ള നിർണായക ഉൽപന്നങ്ങൾക്കായി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യത്തിന്റെ വ്യാപാരക്കമ്മി കുതിച്ചുയർന്നു. കറന്റ് അക്കൗണ്ട് കമ്മി കൂടി. വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. എന്നാൽ ഡിസംബറോടെ പലിശ നിരക്ക് വർധനയുടെ വേഗം കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ കഴിഞ്ഞ ദിവസം നടത്തിയത്. പലിശ ഉയർത്തലിന്റെ വേഗം കുറഞ്ഞാൽ അത് ഇന്ത്യ അടക്കമുള്ള വിപണികൾക്ക് ആശ്വാസമാകും. വിദേശനിക്ഷേപകർ തിരികെയെത്തും. ഓഹരിവിപണികൾ പോലുള്ള രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലേക്കു വിദേശ കറൻസിയെത്തുന്നത് രൂപയുടെ കരുത്തുകൂട്ടും. വലിയ ഉയരങ്ങൾ ഒറ്റയടിക്കു താണ്ടാതെ ദിവസവും നേട്ടങ്ങൾ കുറിച്ചുകൊണ്ടുള്ള ഇന്ത്യൻ ഓഹരി വിപണി സൂചികകളുടെ കുതിപ്പിനെ നിക്ഷേപകർ വലിയ പ്രതീക്ഷയോടെയാണു കാണുന്നത്.

 

English Summary: Sensex and Nifty at Record High, Still not a Happy News for Many Investors; Why?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com