ADVERTISEMENT

കോഴിക്കോട്∙ ഈശോസഭാ വൈദികൻ ഫാ. എ.അടപ്പൂർ (97) അന്തരിച്ചു. മലാപ്പറമ്പ് പ്രൊവിഷൻ ഹൗസിൽ ഏറെ നാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ തിങ്കളാഴ്ച രാവിലെ 10.30 ന്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ 15 ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു.

മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ ഫാ. അടപ്പൂർ 1944 ൽ, പതിനെട്ടാം വയസ്സിലാണ് ഈശോസഭയിൽ ചേർന്നത്. ചെമ്പകന്നൂരിൽനിന്നു തത്വശാസ്‌ത്രവും മംഗലാപുരം അലോഷ്യസ് കോളജിൽനിന്നു ബിഎയും പഠിച്ചു. കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ ഒരു വർഷം അധ്യാപകനായിരുന്നു.

പുണെയിൽ നാലു വർഷത്തെ ദൈവവശാസ്‌ത്ര പഠനത്തിനുശേഷം 1959 മാർച്ച് 19 നു പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 1966 വരെ വത്തിക്കാനോടു ചേർന്നു ജസ്വിറ്റ ജനറലിന്റെ കാര്യാലയത്തിൽ ജോലിനോക്കി. ഏഴു വർഷം ആംഗ്ലിക്കൻ- റോമൻ കാത്തലിക് ഇന്റർനാഷനൽ കമ്മിഷനിൽ അംഗമായിരുന്നു. ഇതിനിടെ ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ പഠിച്ചു.

കോഴിക്കോട്ടെ സഭാ പ്രസിദ്ധീകരണമായ ‘സന്ദേശ’ത്തിൽ എഴുതിത്തുടങ്ങിയ അദ്ദേഹം 15 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എഴുത്തുകാരനാകുക എന്ന ദൈവ നിയോഗത്തിനു തനിക്കു നിമിത്തമായത് എൻ.വി.കൃഷ്‌ണവാര്യരാണെന്ന് ഫാ. അടപ്പൂർ പറഞ്ഞിട്ടുണ്ട്. ഫ്രാൻസിലെ സ്‌ട്രാസ്‌ബർഗ് സർവകലാശാലയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്.

സാഹിത്യത്തിനുള്ള എകെസിസി അവാർഡ്, ക്രിസ്‌ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്‌റ്റ് ബുക്ക് അവാർഡ്, കെസിബിസി മാനവിക സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

English Summary: Fr. Adappoor passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com