ADVERTISEMENT

തിരുവനന്തപുരം∙ കോട്ടയത്ത് താൻ പങ്കെടുക്കുന്ന പാർട്ടി പരിപാടി ഡിസിസിയെ അറിയിച്ചിട്ടില്ലെന്ന വാദം തള്ളി ശശി തരൂർ എംപി. തന്റെ ഓഫിസ് ഡിസിസിയുമായി സംസാരിച്ചിരുന്നെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തേ വാക്കുകൊടുത്തതാണ്. പരിപാടി സംബന്ധിച്ച് നേതൃത്വത്തിൽനിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ല. പരിപാടിയിൽ ആരു വരുന്നു ആരു വരുന്നില്ല എന്നത് വിഷയമാക്കുന്നില്ലെന്നും ക്ഷണിച്ചതു കൊണ്ട് താൻ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്നും തരൂർ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

‘‘ആരെയൊക്കെ ക്ഷണിച്ചു, ആർക്കൊക്കൊ അസൗകര്യമുണ്ട് എന്നത് എന്റെ വിഷയമല്ല. പരിപാടിക്ക് വരാത്തവർക്ക് യുട്യൂബിൽ കാണാം. ഞാൻ ചെയ്തതിലും പറഞ്ഞതിലും വിവാദമെന്തെന്ന് അറിയിച്ചാൽ കൊള്ളാം. 14 വർഷമായി നിരവധി പരിപാടികളുടെ ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടെയെല്ലാം പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു മാസമായി എന്തു വ്യത്യാസമാണെന്ന് അറിയില്ല. തന്റെ അഭിപ്രായങ്ങൾ തുറന്ന പുസ്തകമാണ്. ഒന്നും ഒളിക്കാറില്ല’’– അദ്ദേഹം പറഞ്ഞു.

പരിപാടിക്കു ക്ഷണിക്കുമ്പോൾ സമയം കിട്ടിയാൽ പോകും. ആരും തന്നെ ഭയക്കേണ്ട ആവശ്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി തരൂർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സഭാ നേതൃത്വവുമായി സംസാരിച്ച് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. പദ്ധതി ആരംഭിച്ചപ്പോൾ തീരദേശവാസികൾക്കു കൊടുത്ത ചില വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായതായി പരാതിയുണ്ട്. മുഖ്യമന്ത്രി ഇടപെട്ടാൽ വേഗത്തിൽ പരാതികൾ പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

ഇപ്പോഴുള്ള വിവാദങ്ങൾ വിഷമുണ്ടാക്കുന്നു. ബിഷപ്പിനെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് അടിസ്ഥാനമുണ്ട്. തുമ്പയിൽ വിഎസ്എസ്‌സിക്കായി സ്ഥലം വിട്ടു കൊടുത്തവരാണ് അവർ. മത്സ്യത്തൊഴിലാളികൾ വികസന വിരോധികളോ ദേശവിരുദ്ധരോ അല്ല. അവരുടെ സാഹചര്യം ബുദ്ധിമുട്ടേറിയതാണ്. തുറമുഖം നിർമിക്കുന്നതിലൂടെ തീരശോഷണം ഉണ്ടായോ എന്നു പഠനം നടത്തിയാൽ മനസിലാകും. തീരശോഷണം ഉണ്ടായെന്നു കണ്ടെത്തിയാൽ തുറമുഖ നിർമാണം നിർത്തണം എന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തയാറാകണമെന്നും തരൂർ പറഞ്ഞു.

English Summary: Shashi Tharoor on Erattupetta Youth Congress program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com