ഹിജാബ് വിരുദ്ധ സമരം ആഞ്ഞടിച്ചു: മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു; മുട്ടുമടക്കി ഇറാൻ

TOPSHOT-IRAN-POLITICS-WOMEN-PROTEST
ഇറാനിൽ പൊലീസ് കസ്റ്റ‍ഡിയിൽ മരിച്ച മഹ്സ അമിനിയുടെ 40ാം ചരമദിനത്തിൽ സാക്വസ് നഗരത്തിലേക്കു നടത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്യുന്ന യുവതി. ചിത്രം:എഎഫ്പി
SHARE

ടെഹ്റാൻ ∙ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്റെ തീരുമാനമെന്നു വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്.

mahsa-amini
മഹ്സ അമിനി

‘‘നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിനു സ്ഥാനമില്ലെന്ന്’’ അറ്റോർ‌ണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞു. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു പിന്നാലെയാണു രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്.

IRAQ-IRAN-KURDS-RIGHTS-JUSTICE-WOMEN-DEMO
മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്നവർ. SHWAN MOHAMMED / AFP

മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്തു മതകാര്യ പൊലീസ് സ്ഥാപിതമായി. 2006ൽ യൂണിറ്റുകൾ പട്രോളിങ് ആരംഭിച്ചു. അടുത്തിടെ ശക്തമായ ഹിജാബ് വിരുദ്ധ സമരങ്ങളെ അടിച്ചമർത്തിയിരുന്ന ഭരണകൂടം ഒടുവിൽ മുട്ടുമടക്കിയെന്നു രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ സർവകലാശാല വിദ്യാർഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്.

അമിനിയുടെ മരണം മർദനം മൂലമല്ലെന്നും നേരത്തേയുണ്ടായിരുന്ന രോഗങ്ങളെ തുടർന്നാണെന്നും ഫൊറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കിയെങ്കിലും സമരക്കാർ പിന്മാറിയില്ല. രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടർന്നു. ഇറാനിലെയും വിദേശരാജ്യങ്ങളിലെയും ഒട്ടേറെ പ്രമുഖരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഖത്തർ ലോകകപ്പിൽ മത്സരത്തിനു മുൻപ് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഇറാൻ ടീം നിശബ്ദമായി നിന്നാണു സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

iran-protest
മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാൻ തലസ്ഥാനം ടെഹ്റാനിലെ അമീർകബീർ സർവകലാശാലയിൽ പ്രകടനം നടത്തുന്ന വിദ്യാർഥികൾ.

ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ചു കടുത്ത നിയന്ത്രണങ്ങളുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ചു നിരവധി പേരെ തടവിലാക്കുകയും ചെയ്തിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണു മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. ഹിജാബ് വിരുദ്ധ സമരക്കാർക്ക് എതിരായ നടപടികളില്‍ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

English Summary: Iran's 'Morality Police' Disbanded After Massive Anti-Hijab Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS