ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖപദ്ധതിക്കായി എൽഡിഎഫ് പ്രചാരണ ജാഥ നടത്തും. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ തിരുവനന്തപുരത്താണ് ജാഥ. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന ജാഥ വർക്കലയിൽ നിന്ന് തുടങ്ങി വിഴിഞ്ഞത്ത് സമാപിക്കും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ ജാഥ. സംഘര്‍ഷത്തിന്റെ പേരില്‍ മല്‍സ്യത്തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വൈകാരികമായി ഇളക്കിവിട്ടതാണെന്നും ആനാവൂർ ആരോപിച്ചു. ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുമായി  ആനാവൂർ കൂടിക്കാഴ്ച നടത്തി.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ 137 ദിവസമായി നടത്തുന്ന സമരം സംബന്ധിച്ച് അനുരഞ്ജന ചർച്ചകൾ പല തട്ടിൽ ആരംഭിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം ഉച്ചയോടെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണു കർദിനാൾ മുഖ്യമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും മറ്റും പങ്കെടുപ്പിച്ച് വിശദമായ ചർച്ച നടന്നേക്കും. അനുനയ നീക്കങ്ങൾ പുരോഗമിച്ചാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യവും ചർച്ചയിൽ ഉണ്ടായേക്കും.

ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര എന്നിവരാണ് ചീഫ് സെക്രട്ടറിയെ കണ്ടത്. ഈ ചർച്ചയ്ക്കു കളമൊരുക്കിയ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും പങ്കാളിയായി. ഗാന്ധി സ്മാരകനിധിയും ഒത്തുതീർപ്പു ശ്രമങ്ങളുമായി രംഗത്തെത്തി. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് വിവിധ തലങ്ങളിലെ ചർച്ചകളിൽ ഉണ്ടായ പൊതുധാരണ.

അതേസമയം, തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യത്തിൽ ധാരണയായിട്ടില്ല. ആർച്ച് ബിഷപ്പിനും സഹായ മെത്രാനും അടക്കമുള്ളവർക്ക് എതിരെ എടുത്ത കേസും പ്രശ്നമാണ്. സംഘർഷവും പൊലീസ് സ്റ്റേഷൻ ആക്രമണവും സംബന്ധിച്ച കേസുകളിൽ പൊലീസ് അറസ്റ്റ് നടപടികളിലേക്കു നീങ്ങിയിട്ടില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമര സമിതി നിർദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണം എന്ന ഒത്തുതീർപ്പ് നിർദേശമാണ് ഇപ്പോൾ പരിഗണനയിൽ. മുഖ്യമന്ത്രി, സമരസമിതി, അദാനി ഗ്രൂപ്പ് എന്നിവരുമായി ചർച്ചകൾ എന്ന ലക്ഷ്യത്തോടെ ഗാന്ധി സ്മാരക നിധി കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ.രാധാകൃഷ്ണൻ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.

English Summary: LDF Rally for Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com