പാരിസ് ∙ ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങിയ ബെസ്റ്റ് സെല്ലറുകളിലൂടെ പ്രശസ്തനായ ലാപിയറെ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തനിക്കു കിട്ടുന്ന റോയൽറ്റി തുകയുടെ ഒരു ഭാഗം കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവനാസത്തിനായി നൽകുന്നുണ്ട്. ലാപിയർ അന്തരിച്ച വിവരം ഭാര്യ കോൺഷൺ ലാപിയറാണ് ഒരു ഫ്രഞ്ച് മാധ്യമത്തെ അറിയിച്ചത്.
1931 ൽ ഫ്രാൻസിലെ ഷാതുലിയുൻ പ്ലാസിൽ ജനിച്ച അദ്ദേഹം 13 ാം വയസ്സിൽ പിതാവിനൊപ്പം അമേരിക്കയിലേക്കു പോയി. യുഎസിലെ ഫ്ര്ച് കോൺസലായിരുന്നു പിതാവ്. ന്യൂ ഓർലിയൻസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അക്കാലത്തുതന്നെ എഴുത്തിലും യാത്രകളിലും താൽപര്യമുണ്ടായിരുന്നു. പിന്നീട് ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ പെൻസിൽവേനിയയിലെ ലഫായറ്റെ കോളജിൽ സാമ്പത്തികശാസ്ത്ര വിദ്യാർഥിയായി.
പിന്നീട് അമേരിക്കയിലും യൂറോപ്പിലും സഞ്ചരിച്ചു. എ ഡോളർ ഫോർ എ തൗസന്റ് കിലോമീറ്റേഴ്സ് ആണ് ആദ്യ പുസ്തകം. അത് യൂറോപ്പിലെമ്പാടും ബെസ്റ്റ് സെല്ലറായി. ഹണിമൂൺ എറൗണ്ട് ദി എർത് ആണ് രണ്ടാമത്തെ പുസ്തകം. പിന്നീട് ഫ്രഞ്ച് സേനയിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് ലാറി കോളിൻസിനെ പരിചയപ്പെടുന്നത്. വലിയൊരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്. അവർ ചേർന്നെഴുതിയ ‘ഈസ് പാരിസ് ബേണിങ്?’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായി. അവർ ചേർന്ന് പിന്നീടും പുസ്തകങ്ങൾ എഴുതി. 2005 ലെ ‘ഈസ് ന്യൂയോർക്ക് ബേണിങ്? ആണ് അവർ ചേർന്നെഴുതിയ അവസാനത്തെ പുസ്തകം.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെപ്പറ്റി മനോഹരമായി വിവരിക്കുന്ന ‘സ്വാതന്ത്ര്യം അർധ രാത്രിയിൽ’ (ലാറി കോളിൻസുമായി ചേർന്ന് എഴുതിയത്), കൊൽക്കത്തയെപ്പറ്റി എഴുതിയ നോവൽ ‘സിറ്റി ഓഫ് ജോയ്’ എന്നീ പുസ്തകങ്ങൾ ലാപിയറും ഇന്ത്യയുമായുള്ള അടുപ്പത്തിന്റെ നേർസാക്ഷ്യങ്ങളാണ്.
ഓ ജറുസലം, ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ, എ റെയിൻബോ ഇൻ ദ് നൈറ്റ് (ചരിത്രം), എ ഡോളർ ഫോർ എ തൗസന്റ് മൈൽസ്, വൺസ് അപോൺ എ ടൈം ഇൻ സോവിയറ്റ് യൂണിയൻ (യാത്ര), ബിയോണ്ട് ലവ്, ദ് ഫിഫ്ത് ഹോഴ്സ്മാൻ (നോവൽ), എ തൗസന്റ് സൺസ്, ഇന്ത്യ മോൺ അമോർ (ആത്മകഥ) തുടങ്ങിയവയാണ് മറ്റു പ്രധാന രചനകൾ. ഈസ് പാരിസ് ബേണിങ്?, സിറ്റി ഓഫ് ജോയ് എന്നീ പുസ്തകങ്ങൾ സിനിമയായിട്ടുണ്ട്.
English Summary: French Author Dominique Lapierre, Dies At 91