ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന റാപ്പിഡ് ആക്‌ഷൻ ഫോഴ്സിലെ എസ്ഐ ഷാഹിൻ റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. 10 ദിവസം മുൻപാണ് ഷാഹിൻ റഹ്മാൻ ക്ലിഫ്ഹൗസിൽ ജോലിക്കെത്തിയത്. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തുവെന്ന കുറ്റം ആരോപിച്ചാണ് നടപടി.

ചൊവ്വാഴ്ചയാണ് ക്ലിഫ്ഹൗസിൽവച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽനിന്നും വെടിപൊട്ടിയത്. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചെങ്കിലും, സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗാർ‌ഡ് റൂമിലാണ് വെടി പൊട്ടിയത്. ആർക്കും പരുക്കില്ല. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനു ശേഷമായിരുന്നു സംഭവം.

രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേയ്ക്കു ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചേംബറിൽ വെടിയുണ്ട കുരുങ്ങുകയായിരുന്നു. തുടർന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു.

English Summary: SI suspended for firing incident in Cliff House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com