ADVERTISEMENT

ഗുജറാത്തിൽ ബിജെപി വീണ്ടും തേരോട്ടം നടത്തുമ്പോൾ തേരാളിയും പോരാളിയുമായി ഒറ്റയാളേയുള്ളൂ– നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച ‘ക്രൗഡ് പുള്ളർ’ ആയ പ്രധാനമന്ത്രി മോദിയെ മുന്നിൽ നിർത്തിയാണു ഗുജറാത്തിലും ബിജെപി പടനയിച്ചത്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെല്ലാം ഛിന്നഭിന്നമായി. 27 വർഷം തുടർച്ചയായി അധികാരത്തിലുള്ളതിന്റെ ഭരണവിരുദ്ധവികാരം ഏശാതെ താമര വിരിയിച്ചതിന്റെ ക്രെഡിറ്റ് മോദിക്കാണ്. ബിജെപിയും പ്രതിപക്ഷവും എന്നായിരുന്നില്ല, മോദിയും മറ്റുള്ളവരും എന്നായിരുന്നു ടീം ലൈനപ്പ്.

‘തിരഞ്ഞെടുപ്പ് പാർട്ടി’ എന്ന വിശേഷണം ഊട്ടിയുറപ്പിക്കുന്നതാണു ബിജെപിയുടെ സമീപകാല ചരിത്രം; അമരത്ത് മോദിയുണ്ടെങ്കിൽ പ്രത്യേകിച്ചും. തിരഞ്ഞെടുപ്പ് ഏതായാലും ആർപ്പുവിളിച്ച് കളത്തിലിറങ്ങുന്ന മത്സരവീര്യമാണു ബിജെപിയുടെ പ്രത്യേകത. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഉൾപ്പെടെ പ്രതിപക്ഷ കോട്ടകളെ വിറപ്പിക്കുന്നതും അട്ടിമറിക്കുന്നതും ശൈലിയുമാണ്. ചിലപ്പോഴൊക്കെ പരാജയപ്പെടുമെങ്കിലും തിരഞ്ഞെടുപ്പിൽ ഓളമുണ്ടാക്കാൻ ഞങ്ങൾ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നാണു മനോഭാവം. ഈ ‘സ്പോർട്സ്‌മാൻ സ്പ‌ിരിറ്റിന്’ ഊർജമേകുന്ന നായകനും സ്ട്രൈക്കറുമാണു മോദി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

ഭരണവിരുദ്ധവികാരം ഗുജറാത്തിൽ ഉണ്ടായിരുന്നെന്നു ബിജെപി നേതാക്കളും സമ്മതിക്കുന്നു. അതിനാലാണു 38 സിറ്റിങ് സീറ്റുകളിലെ എംഎൽഎമാരെ മാറ്റിയത്. കോവിഡ് കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത, തൊഴിലവസരങ്ങളില്ലാത്തത്, കർഷക വിഷയങ്ങൾ എന്നിങ്ങനെ പലതിലും സർക്കാർ പിന്നോട്ടായിരുന്നു. ഈ കുറവുകളെല്ലാം മറികടക്കാനുള്ള വജ്രായുധമായിരുന്നു മോദി. പാർട്ടിയുടെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്. ‘നമ്മളാണു ഗുജറാത്തിനെ സൃഷ്ടിച്ചത്’ എന്ന മുദ്രാവാക്യം ഉയർത്തിയ മോദി, വോട്ടു ചെയ്യുമ്പോൾ തന്നെ മാത്രം ഓർത്താൽ മതിയെന്നും പറഞ്ഞു. അവസാന ഫലസൂചനകളനുസരിച്ച്, 182 അംഗ നിയമസഭയിൽ 156 സീറ്റിലാണു ബിജെപി മുന്നേറ്റം. കോൺഗ്രസ് 17 സീറ്റിലേക്കു ചുരുങ്ങിയപ്പോൾ എഎപി അഞ്ചിടത്തു മുന്നിലെത്തി.

നിയമസഭ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ കേശുഭായ് പട്ടേൽ രാജിവച്ചതോടെ 2001 ഒക്ടോബറിലാണു ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ആദ്യമായി ഭരണമേറ്റെടുത്തത്. അന്നു മുതൽ 2014 മേയ് വരെ തുടർന്നു. 2014 മുതൽ പ്രധാനമന്ത്രിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം. മോദിക്കു ശേഷമുണ്ടായ ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ പേര് ഒരുപക്ഷേ, അധികമാർക്കും ഓർമയുണ്ടാവില്ല. മോദിയുടെ പിൻഗാമികളായി ഒട്ടേറെപ്പേർ വന്നെങ്കിലും ഗുജറാത്തുകാർക്ക് ഇന്നും മുഖ്യമന്ത്രി എന്നാൽ മോദിയാണ്. 2014ൽ കർമമണ്ഡലം മാറിയിട്ടും ഗുജറാത്തിൽ മോദിക്കൊരു പകരക്കാരൻ ഉണ്ടായില്ല, കണ്ടെത്താൻ ബിജെപിക്കു സാധിച്ചുമില്ല.

ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

സംസ്ഥാനത്തെങ്ങും ഓടിയെത്തി മോദി ആവേശം വിതറി. വലിയ ആൾക്കൂട്ടം അദ്ദേഹത്തിന്റെ പരിപാടികളിൽ കാഴ്‍ചക്കാരായെത്തി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ 2 ദിവസത്തിനിടെ 7 റാലികളിലാണു മോദി പങ്കെടുത്തത്. ആകെ 27 റാലികളിൽ മോദി സാന്നിധ്യമറിയിച്ചു. അഹമ്മദാബാദിൽ 50 കിലോമീറ്റർ റോഡ് ഷോയിലും പങ്കെടുത്തു. ‘ഹിന്ദി ഹൃദയ സമ്രാട്ട്’ ആയും ‘വിശ്വഗുരു’ ആയും അണികൾ വിശേഷിപ്പിക്കുന്ന മോദിക്കു യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയുമുണ്ട്. അഹമ്മദാബാദിലെ നിഷാൻ നഗറിൽ വോട്ടുചെയ്യാൻ മോദി ഘോഷയാത്രയായാണു പോയത്. ഇതു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് ആരോപിച്ചെങ്കിലും ഫലമുണ്ടായില്ല.

‘‘വികസനം ചർച്ച ചെയ്യുന്നതിനു പകരം എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിലാണു കോൺഗ്രസിന്റെ ശ്രദ്ധ. താഴ്ന്ന മനുഷ്യൻ, മരണത്തിന്റെ ദൂതൻ എന്നിങ്ങനെയെല്ലാം വിളിച്ച് അധിക്ഷേപിച്ചു. കോൺഗ്രസുകാർ രാജകീയ കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഞാൻ ജനങ്ങളുടെ സേവകനാണ്. എന്റെ സ്ഥാനത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യണം. അധികാരത്തിൽ തിരിച്ചെത്തുക എന്ന ഏക ലക്ഷ്യത്തോടെയാണു ചിലർ രാജ്യം മുഴുവൻ യാത്ര നടത്തുന്നത്. ബിജെപി എന്നാൽ വിശ്വാസമാണ്, വിശ്വാസം എന്നതു ബിജെപിയും. ഗുജറാത്തിന്റെ വികസനം സംരക്ഷിക്കാൻ ബിജെപി ആവശ്യമാണ്.’’– റാലികളിൽ മോദി പറഞ്ഞതിങ്ങനെ.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണു ഗുജറാത്തിലെന്നു മനസ്സിലാക്കിയായിരുന്നു ബിജെപിയുടെ പ്രവർത്തനം. മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നാട്ടിലെ തിരഞ്ഞെടുപ്പ് ജയിക്കണമെന്നു പാർട്ടിയും പ്രവർത്തകരും ഉറപ്പിച്ചു. ‘ബിജെപി സർക്കാർ’ എന്നല്ല ‘മോദി സർക്കാർ’ എന്നു പറഞ്ഞാണു ഗുജറാത്തിൽ വോട്ടുതേടിയതും. പടലപിണക്കങ്ങളും വിമതശല്യവും രൂക്ഷമായെങ്കിലും അതൊക്കെ മറികടക്കാൻ മോദിയുടെ പ്രതിച്ഛായ തുണച്ചു. ഹിന്ദുത്വവികാരം കൈവിടാതെയും വികസന രാഷ്ട്രീയവും ‘ഡബിൾ എൻജിൻ’ സർക്കാരുമൊക്കെ ചർച്ചയിലേക്കു കൊണ്ടുവന്നും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുമായിരുന്നു മോദിയുടെ പ്രചാരണം. സമുദായ, ജാതി രാഷ്ട്രീയത്തിന്റെ മിടിപ്പറിഞ്ഞ്, പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുന്നതിലും ബിജെപി വിജയിച്ചു. 

ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി ഓഫിസിൽ പാർട്ടി പ്രവർത്തകരുടെ വിജയാഘോഷം. (ചിത്രം: എഎൻഐ, ട്വിറ്റർ)
ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി ഓഫിസിൽ പാർട്ടി പ്രവർത്തകരുടെ വിജയാഘോഷം. (ചിത്രം: എഎൻഐ, ട്വിറ്റർ)

English Summary: Gujarat Election 2022: Narendra Modi magic continues to lure voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com