ADVERTISEMENT

ഗുജറാത്തിൽ എതിരാളികളില്ലെന്ന് ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഏഴാമൂഴം. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു വർധിച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു. പ്രചാരണത്തിലെ ആരവം തിരഞ്ഞെടുപ്പുഫലത്തിൽ നിലനിർത്താൻ ആം ആദ്മി പാർട്ടിക്കും (എഎപി) സാധിക്കാതിരുന്നതാണു ഗുജറാത്തിൽ ‘താമരപ്പാടം പൂത്തുവിടരാൻ’ സഹായിച്ചത്.

പ്രചാരണത്തിൽ ദേശീയ നേതാക്കൾ നിറഞ്ഞുനിന്ന സംസ്ഥാനത്ത് ഒരു ഘട്ടത്തിലും കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ളവർ ബിജെപിക്കു വെല്ലുവിളി ഉയർത്തിയില്ലെന്നു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അവസാന ഫലസൂചനകളനുസരിച്ച്, 182 അംഗ നിയമസഭയിൽ 156 സീറ്റിലാണു ബിജെപി മുന്നേറ്റം. കോൺഗ്രസ് 17 സീറ്റിലേക്കു ചുരുങ്ങിയപ്പോൾ എഎപി അഞ്ചിടത്തു മുന്നിലെത്തി. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. വിവിധ സർവേകളുടെ ശരാശരിയനുസരിച്ചു ബിജെപിക്ക് 132 സീറ്റും (കഴിഞ്ഞ തവണ 99) കോൺഗ്രസിന് 38 സീറ്റും (കഴിഞ്ഞതവണ 77) ആയിരുന്നു പ്രവചനം. എഎപിക്കു 8 സീറ്റിലും മറ്റുള്ളവർക്ക് 4 സീറ്റിലുമായിരുന്നു സാധ്യത. ഭൂരിപക്ഷത്തിനു 92 സീറ്റാണ് വേണ്ടത്. ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലുമായിരുന്നു വോട്ടെടുപ്പ്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ഗുജറാത്തിലെന്നു മനസ്സിലാക്കിയായിരുന്നു ബിജെപിയുടെ പ്രവർത്തനം. ഇന്ത്യയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിലെ ഏറ്റവും ഉന്നതരായ രണ്ടുപേരുടെ– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും– നാട്ടിലെ തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് അനിവാര്യമെന്നു പാർട്ടിയും പ്രവർത്തകരും ഉറപ്പിച്ചു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തിൽ മോദിയും അമിത് ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു.

മുഖമായി മോദി: രാജ്കോട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് ആസ്ഥാനത്ത് സ്ഥാപിച്ച ‘മോദി ഫോട്ടോ ബൂത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം : രാഹുൽ ആർ.പട്ടം  ∙ മനോരമ
മുഖമായി മോദി: രാജ്കോട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് ആസ്ഥാനത്ത് സ്ഥാപിച്ച ‘മോദി ഫോട്ടോ ബൂത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം : രാഹുൽ ആർ.പട്ടം ∙ മനോരമ

അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കിയാണ് കോൺഗ്രസും കളം നിറഞ്ഞത്. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഎപിയുടെ പ്രചാരണം.

ഗുജറാത്ത് മോഡൽ വികസനത്തിനു ബിജെപി ഊന്നൽ നൽകിയപ്പോൾ അതിന്റെ പൊള്ളത്തരങ്ങളാണു കോൺഗ്രസ് എടുത്തു പറഞ്ഞത്. ആം ആദ്മി പാർട്ടി തങ്ങളുടെ സുസ്ഥിര വികസന മാതൃകയും സൗജന്യങ്ങളുമായി ജനത്തെ ആകർഷിക്കാനും ശ്രമിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണെന്നു മനസ്സിലായപ്പോഴാണു പ്രധാനമന്ത്രിയെത്തന്നെ മുൻനിർത്തി ബിജെപി വോട്ടർമാരെ സമീപിച്ചത്. മോദിയുടെ പ്രഭാവവും ജനസ്വാധീനവും വോട്ടായി മാറുമെന്ന ബിജെപിയുടെ വിശ്വാസം തെറ്റിയില്ല. 27 വർഷത്തെ ഭരണത്തോടു സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന എതിർപ്പ് മറികടക്കാൻ ഒട്ടേറെ വികസന പദ്ധതികളും പാർട്ടി പ്രഖ്യാപിച്ചിരുന്നു. 

എതിരാളികളില്ലെന്നു പ്രഖ്യാപിക്കാൻ മാത്രം കരുത്തരായ ബിജെപിയും നിരന്തര തോൽവികളിലും വോട്ടു ശതമാനം കുറയാത്ത കോൺഗ്രസും മാത്രമായിരുന്നു ഇത്രയുംകാലം ഗുജറാത്തിലെ പോരാളികൾ. ഇത്തവണ, എഎപി കൂടി വന്നതോടെയാണു ത്രികോണ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. നഗരപ്രദേശങ്ങളിൽ ബിജെപിക്കു പകരം മറ്റൊരു സാധ്യത വോട്ടർമാർക്കില്ല എന്നായിരുന്നു പാർട്ടിയുടെ അവകാശവാദം.

ഗുജറാത്തിലെ വഡ്‌ഗാമിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നൃത്തച്ചുവടു വയ്ക്കുന്ന സ്ത്രീകൾ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
ഗുജറാത്തിലെ വഡ്‌ഗാമിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നൃത്തച്ചുവടു വയ്ക്കുന്ന സ്ത്രീകൾ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

ഗ്രാമങ്ങളിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായിരുന്നിട്ടും ഭരണം പിടിച്ചെടുക്കാനുള്ള ആർജവവും ശ്രമവും കോൺഗ്രസിന്റെ ഭാഗത്തില്ലായിരുന്നു. കോൺഗ്രസിന്റെ വോട്ടുകൾ എഎപി ലക്ഷ്യമിട്ടതും വിനയായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷണശാലയായ ഗുജറാത്തിൽ, ഏക സിവിൽ കോഡ് കൊണ്ടുവരും, മതമൗലികവാദം തടയാൻ പ്രത്യേക സെൽ രൂപീകരിക്കും തുടങ്ങിയ ബിജെപിയുടെ വാഗ്ദാനങ്ങൾക്കും സ്വീകാര്യത കിട്ടി.

English Summary: Gujarat Election Results 2022: BJP retains, Congress and AAP trails- Political Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com