ADVERTISEMENT

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടു പോലും നേടാത്ത പാർട്ടികൾ ഇത്തവണയും ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന കാഴ്ചയായിരുന്നു ഗുജറാത്തിൽ. എന്നാൽ ആ പാർട്ടികൾ എത്ര സീറ്റു പിടിച്ചു? എത്ര വോട്ടു നേടി? എത്രപേർക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു? പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം കണക്കുകളിലൂടെ...

2017ൽ ദേശീയ, സംസ്ഥാന പാർട്ടികൾ ഉൾപ്പെടെ 65 പാർട്ടികളും സ്വതന്ത്രരുമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ ആറ് ദേശീയ പാർട്ടികളും 5 സംസ്ഥാന പാർട്ടികളും മറ്റുള്ളവ തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ചെറു പാർട്ടികളുമാണ്. 

 

∙ എഎപി

 

ആകെയുള്ള 182 സീറ്റുകളിൽ ഇത്തവണ എഎപി 181 സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഇത്തവണ നേടിയത് അഞ്ച് സീറ്റും. 2017ൽ 29 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് ആകെ കിട്ടിയത് 0.1% വോട്ടു മാത്രമാണ്. മത്സരിച്ച 29 സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായി. ഇത്തവണ പക്ഷേ അവർക്ക് 12.92% വോട്ടു പിടിക്കാനായി.

 

∙ സമാജ്‌വാദി പാർട്ടി (എസ്പി)

 

2017ൽ മത്സരിച്ചത് നാലു സീറ്റുകളിൽ. ആകെ 0.01% വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ 17 സീറ്റുകളിൽ മത്സരിച്ചപ്പോൾ ഒരിടത്തു ജയിച്ചു. 2017ൽ നാലു സ്ഥാനാർഥികൾക്കും കെട്ടിവച്ച തുക നഷ്ടമായിരുന്നു. അടുത്തിടെ സമാജ്‌വാദി പാർട്ടിയിൽ ചേർന്ന ഖണ്ഡൽ ജഡേജയായിരുന്നു ഇത്തവണ പാർട്ടിയുടെ പ്രധാന സ്ഥാനാർഥി. കുടിയാനയിൽനിന്നാണ് അദ്ദേഹം മത്സരിച്ചു ജയിച്ചത്. 2012 മുതൽ കുടിയാനയിലെ സിറ്റിങ് എംഎൽഎയാണ്. ഇത്തവണ അദ്ദേഹത്തിന് 46.94 ശതമാനം വോട്ടും നേടാനായി. ആകെ ലഭിച്ചത് 60,744 വോട്ട്.

 

∙ ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി)

 

ഇത്തവണ 26 സീറ്റുകളിൽ മത്സരിച്ചു. അതായത് 2017ൽ മത്സരിച്ചതിന്റെ നാലിരട്ടി (അന്ന് മത്സരിച്ചത് ആറു സീറ്റിൽ). ഇത്തവണ ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല.  2017ൽ രണ്ടു സീറ്റുകളാണ് പാർട്ടി നേടിയത്. പക്ഷേ ആകെ പോൾ ചെയ്തതിൽ 0.74% വോട്ടു മാത്രമേ അന്നു ബിടിപിക്ക് നേടാനായുള്ളു. അവരുടെ നാലു സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശും അന്ന് നഷ്ടമായി. 

 

∙ ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൽ മുസ്‌ലിമീൻ

 

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ഇവർ 13 സ്ഥാനാർഥികളെയാണ് നിർത്തിയത്. ഒരൊറ്റ സീറ്റിൽ പോലും ജയിക്കാനായില്ല. ആകെ നേടിയതാകട്ടെ 0.29% വോട്ടും.

 

∙ ബിഎസ്പി

 

മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി 101 മണ്ഡലങ്ങളിലേക്കു മത്സരിച്ചു. 2017ൽ ഇത് 139 സ്ഥാനാർഥികളായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ ബിഎസ്പിക്ക് 0.69% വോട്ടു മാത്രമേ ലഭിച്ചിരുന്നുള്ളൂ. സ്ഥാനാർഥികൾക്കെല്ലാം കെട്ടിവച്ച കാശ് നഷ്ടമാകുകയും ചെയ്തിരുന്നു. ഇത്തവണയും ഫലം വ്യത്യസ്തമല്ല. ഒരൊറ്റ സീറ്റും കിട്ടിയില്ല. 0.50% വോട്ടു മാത്രമാണ് ലഭിച്ചത്.

 

∙ എൻസിപി

 

ആകെയുള്ള 182 സീറ്റുകളിൽ കോൺഗ്രസ് 179 എണ്ണത്തിലാണ് മത്സരിച്ചത്. രണ്ട് സീറ്റ് സഖ്യകക്ഷിയായ എൻസിപിക്ക് വിട്ടുനൽകി. 2017ൽ ഒറ്റയ്ക്ക് 58 മണ്ഡലങ്ങളിൽ മത്സരിച്ച എൻസിപിയുടെ 56 സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 0.62% വോട്ടു മാത്രമാണ് എൻസിപിക്ക് നേടാനായതെങ്കിലും ഒരു സീറ്റിൽ വിജയിക്കാനായി. എന്നാൽ ഇത്തവണ ആ സീറ്റും പോയി. എസ്‌പിക്കു വേണ്ടി ഇത്തവണ കുടിയാനയിൽ മത്സരിച്ച ഖണ്ഡൽ ജഡേജയാണ് ആ മുൻ എൻസിപി സ്ഥാനാർഥി. എൻസിപി ഇത്തവണ നേടിയതാകട്ടെ 0.24% വോട്ടും.

 

∙ സ്വതന്ത്രർ

 

രണ്ടു ഘട്ടമായി നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 724 സ്വതന്ത്രരാണ് മത്സരിച്ചത്. 2017ൽ കളത്തിലിറങ്ങിയത് 794 സ്വതന്ത്രരായിരുന്നു. അന്ന് ജയിച്ചത് 3 സ്വതന്ത്രർ. അത് ഇത്തവണയും തുടർന്നു.

 

English Summary: Performance of political parties with one percentage votes in 2017 & 2022 Gujarat Election - Data story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com