ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂർ, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് മറുപടി പറയാൻ കഴിയില്ലെന്നും വിശദീകരിച്ചു.

‘ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാൽ, തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി നൽകാൻ ബുദ്ധിമുട്ടാണ്’ – തരൂർ വ്യക്തമാക്കി.

‘ഹിമാചൽ പ്രദേശിൽ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാത്തിൽ അതുണ്ടായില്ല. ആംആദ്മി പാർട്ടി പിടിച്ച വോട്ടുകളും കോൺഗ്രസിന്റെ വോട്ടു കുറയാൻ ഇടയാക്കിയിട്ടുണ്ട്’ – തരൂർ ചൂണ്ടിക്കാട്ടി.

നേരത്തെ, മല്ലികാർജുൻ ഖർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് പ്രചാരകരുടെ പട്ടികയിൽ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. ദീർഘ കാലത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാക്കി മത്സരിച്ച ശശി തരൂർ, പാർട്ടിക്കുള്ളിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാർജുൻ ഖർഗെയോടു പരാജയപ്പെട്ടെങ്കിലും, തരൂർ ആയിരത്തിലധികം വോട്ടു പിടിച്ചത് ശ്രദ്ധ നേടി. 

ഇതിനു പിന്നാലെയാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടി ദേശീയ നേതൃത്വം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയിൽനിന്ന് തരൂരിനെ ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

അതേസമയം, ഗുജറാത്തിൽ കോൺഗ്രസിന്റെ അടിത്തറ തകര്‍ത്താണ് ബിജെപി വൻ മുന്നേറ്റം കാഴ്ചവച്ചത്. 158 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. ഇതോടെ, തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ ബിജെപി പശ്ചിമ ബംഗാളിലെ സിപിഎം റെക്കോർഡിനൊപ്പമെത്തും.

English Summary: Shashi Tharoor, Excluded As Congress Campaigner, Responds To Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com