ADVERTISEMENT

തിരുവനന്തപുരം∙തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം (33,333 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു. മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രതിവാര രാഷ്ട്രീയ അഭിമുഖ പംക്തിയായ ‘ക്രോസ് ഫയറിനെ’യും മലയാള മനോരമയിൽ പ്രസിദ്ധീകരിക്കുന്ന ‘കേരളീയം’ എന്ന രാഷ്ട്രീയ പംക്തിയെയും മുൻനിർത്തിയാണ് ഈ പുരസ്കാരം.

sujith-nair

വാർത്തകൾ കണ്ടെത്തുന്നതിനു പകരം നിർമിക്കപ്പെടുന്ന ഈ കാലത്ത് ഒരു നല്ല പത്രപ്രവർത്തകനാകുക പ്രയാസകരമായ കാര്യമാണെന്ന് പുരസ്കാരം സമ്മാനിച്ച് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സുജിത്തിന്റെ രാഷ്ട്രീയ പംക്തിയും ക്രോസ് ഫയർ അഭിമുഖവും വേറിട്ടു നിൽക്കുന്നു.സാമൂഹിക മാറ്റത്തിന് തോപ്പിൽ ഭാസി നൽകിയ സംഭാവനകൾ എപ്പോഴും പഠന വിധേയമാണ്. ജനങ്ങളുടെ ചിന്തയ്ക്കൊപ്പം സഞ്ചരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നും കാനം പറഞ്ഞു. 

kanam

 

sujith

രാഷ്ട്രീയ നേതൃത്വത്തിനു നേരെ രൂക്ഷമായ വിമർശനങ്ങൾ തൊടുത്തു വിടുമ്പോൾ തന്നെ അവരെ വ്യക്തിപരമായി വേദനിപ്പിക്കാതെ അതു പറഞ്ഞു ഫലിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ് സുജിത് നായർ പ്രകടിപ്പിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും തോപ്പിൽ ഭാസി ഫൗണ്ടേഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ‘ക്രോസ് ഫയർ’ അഭിമുഖങ്ങൾ കുറഞ്ഞ കാലയളവിൽ തന്നെ രാഷ്ട്രീയനേതൃത്വവും വായനാലോകവും ഏറ്റെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

pc-vishnunath

 

audience

‘ക്രോസ് ഫയർ’ അഭിമുഖങ്ങൾ രാഷ്ട്രീയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതായി സിപിഐയുടെ മുതിർന്ന നേതാവ് സി.ദിവാകരൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്ത് ഉണ്ടാകുന്ന ചലനങ്ങൾ ആഴത്തിൽ പഠിച്ചു രേഖപ്പെടുന്നതാണ് സുജിത്തിന്റെ പ്രത്യേകതയെന്ന് സിപിഎം നേതാവ് കടകംപളളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. ‘ക്രോസ് ഫയറും’ ‘കേരളീയവും’ രാഷ്ട്രീയക്കാർ ഏറെ താൽപര്യത്തോടെ ശ്രദ്ധിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് എംഎൽഎ നിരീക്ഷിച്ചു. രാഷ്ട്രീയത്തിലെ ചലനങ്ങൾ സത്യസന്ധമായും നിഷ്പക്ഷവുമായും അവതരിപ്പിക്കുന്നതിലെ മികവാണ് സുജിത്തിന്റെ പ്രത്യേകത എന്ന് കേരള കോൺഗ്രസ്(എം) നേതാവ് പ്രമോദ് നാരായൺ പറഞ്ഞു. 

panniyan

 

മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ‘ക്രോസ് ഫയർ’ ഒട്ടനവധി രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിതുറന്നതായി ഫൗണ്ടേഷൻ സമ്മാനിച്ച പ്രശസ്തി പത്രത്തിൽ പറഞ്ഞു. 

 

ടെലിവിഷൻ അഭിമുഖങ്ങളുടെ ഈ കാലത്ത് വായനാഭിമുഖങ്ങളുടെ പ്രസക്തി നിലനിർത്താനോ വീണ്ടെടുക്കാനോ ‘ക്രോസ് ഫയറിന്’ സാധിച്ചെങ്കിൽ അതു ചാരിതാർഥ്യജനകമാണെന്ന് മറുപടി പ്രസംഗത്തിൽ സുജിത് നായർ പറഞ്ഞു. 

മന്ത്രി ജി.ആർ.അനിൽ തോപ്പിൽ ഭാസി അനുസ്മരണപ്രഭാഷണം നടത്തി. കെ.ദിലീപ്കുമാർ, ജയചന്ദ്രൻ കല്ലിങ്കൽ, എം.എ. ഫ്രാൻസിസ്, കെ.പ്രഭാകരൻ, ഡോ: വള്ളിക്കാവ് മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

English Summary: Thoppil Bhasi Foundation best journalist award handed over to Sujith Nair Manorama

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com