ADVERTISEMENT

മുംബൈ∙ സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഉപയോഗിക്കേണ്ട നിർഭയ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങൾ മഹാരാഷ്ട്രയിൽ എംഎൽഎമാർക്കും എംപിമാർക്കും വേണ്ടി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം. ശിവസേനയുടെ ഏക്നാഥ് ഷിൻഡേ വിഭാഗത്തിന്റെ എംഎൽഎമാർക്കും എംപിമാർക്കും വൈ–പ്ലസ് സുരക്ഷയൊരുക്കാൻ ഉപയോഗിക്കുകയാണ് ഈ വാഹനങ്ങൾ. വിവരം പുറത്തുവന്നതോടെ കോൺഗ്രസും എൻസിപിയും ഷിൻഡെ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി.

220 ബൊലേറോ, 35 എർട്ടിഗ, 313 പൾസർ ബൈക്കുകൾ, 200 ആക്ടിവ സ്കൂട്ടറുകൾ തുടങ്ങിയവയാണ് നിർഭയ ഫണ്ടിനു കീഴിൽ അനുവദിക്കപ്പെട്ട 30 കോടിയിൽ അധികം രൂപ നൽകി ജൂണിൽ വാങ്ങിയത്. ഇവ ജൂലൈയിൽ 97 പൊലീസ് സ്റ്റേഷനുകളിലേക്കും സൈബർ, ട്രാഫിക്, തീരദേശ പൊലീസ് യൂണിറ്റുകളിലേക്കുമായി നൽകിയിരുന്നു. ഇതിൽ മുംബൈ പൊലീസിന്റെ ആവശ്യാർഥം 47 ബൊലേറോകൾ വിവിധ സ്റ്റേഷനുകളിൽനിന്നു തിരികെവരുത്തിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർക്കും എംപിമാർക്കും എസ്കോർട്ട് പോകുന്നതിനാണ് ഇവ തിരികെ വാങ്ങിയതെന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി ഇതിൽ 17 വാഹനങ്ങൾ തിരികെ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു. ഇനിയും 30 ബൊലേറോകൾ തിരികെക്കിട്ടാനുണ്ട്. ഇത് അതതു പൊലീസ് സ്റ്റേഷനുകളിലെ പട്രോളിങ്ങിനെ ബാധിക്കുന്നുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

വിവരം പുറത്തുവന്നതിനു പിന്നാലെ, സ്ത്രീകളെ അപകടങ്ങളിൽനിന്നു രക്ഷിക്കുന്നതാണോ ഭരണകക്ഷിയുടെ എംഎൽഎമാര്‍ക്കു സുരക്ഷയൊരുക്കുന്നതാണോ പ്രധാനപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു. ഇത് അധികാര ദുർവിനിയോഗം ആണെന്ന് എൻസിപി വക്താവ് ക്ലൈദെ ക്രാസ്റ്റോ പ്രതികരിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന പാമ്പര്യമാണ് മഹാരാഷ്ട്രയുടേതെന്നും എന്നാൽ കേന്ദ്ര ഫണ്ട് ഇങ്ങനെ ദുരുപയോഗിക്കുന്നതു നികുതിദായകരോടുള്ള വഞ്ചനയാണെന്നും ശിവസേന താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.

∙ എന്താണ് നിർഭയ ഫണ്ട്?

സ്ത്രീകളുടെ സുരക്ഷയ്ക്കായി പദ്ധതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അനുവദിക്കുന്ന തുകയാണ് നിർഭയ ഫണ്ട്. 2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസിൽ ഇരുപത്തിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനുശേഷമാണ് 2013ൽ നിർഭയ ഫണ്ടിന് കേന്ദ്രം അനുമതി നൽകിയത്.

English Summary: SUVs Bought With Nirbhaya Funds Used for Shinde Legislators' Security; Oppn Demands Audit, Threatens Stir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com