ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് ചെയ്യുന്ന തെറ്റ് സർക്കാർ ന്യായീകരിക്കില്ലെന്നും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ക്രിമിനലുകൾ വർധിക്കുന്നതും സേനയിലെ രാഷ്ട്രീയ ഇടപെടലുകളും സംബന്ധിച്ച് തിരുവഞ്ചൂർ രാധാക‍ൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലാണെന്ന് രാജ്യം അംഗീകരിച്ച കാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമമായ രീതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയരുമ്പോൾ കൃത്യമായി അന്വേഷിക്കുകയും തെറ്റുകാരനാണെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.  828 പൊലീസുകാർ ക്രിമിനൽ കേസുകളിൽ‌ പ്രതികളാണ്. ഇതിൽ 8 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചു വിട്ടു. 2014 ഡിസംബറിൽ 976 പേർ പൊലീസിലുണ്ടായിരുന്നു. സേനയിൽ ക്രിമിനലുകൾ കുറയുകയാണ് ചെയ്തത്. പൊലീസിനെ താറടിച്ചു കാണിക്കാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുകൾ വർധിക്കുമ്പോഴും ക്രമസമാധാനപരിപാലനത്തിൽ സംസ്ഥാനത്തിന് അവാർഡ് നൽകിയവർക്ക് അങ്ങോട്ട് അവാർഡ് കൊടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തെറ്റായ കണക്കുകൾ നൽകി മുഖ്യമന്ത്രിയെ ഓഫിസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പല ജില്ലകളിലും ഒരു കേസുപോലും പിടിക്കാൻ പിങ്ക് പൊലീസിനു കഴിഞ്ഞിട്ടില്ല. കേസുകൾ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ പിങ്ക് പൊലീസിന്റെ ആവശ്യമില്ല. തലസ്ഥാന നഗരിയിൽ സ്ത്രീകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

English Summary: Criminal influence increased in kerala police; opposition in adjournment motion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com