ADVERTISEMENT

അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് റാങ്കുള്ള എട്ടു പേർ ഉൾപ്പെടെ 16 മന്ത്രിമാരും പുതുതായി സത്യപ്രതിജ്ഞ ചെയ്തു. പഴയ മന്ത്രിസഭയിൽനിന്ന് 11 പേരെ നിലനിർത്തി. പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിനു സമീപം നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.

നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തി. തിരഞ്ഞെടുപ്പു വിജയത്തിൽ ഗുജറാത്തിലെ സകല റെക്കോർ‍ഡുകളും തകർത്താണ് ബിജെപിയുടെ തേരോട്ടം. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം സീറ്റുകൾ നേടിയാണു തുടർച്ചയായ ഏഴാം തവണയും ബിജെപി താമര വിരിയിച്ചത്. 1985 ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് ആണ് ബിജെപി തിരുത്തിയത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 156 സീറ്റുകളാണ് ബിജെപി നേടിയത്.

ഗാന്ധി നഗറിൽ സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയ കൂറ്റൻ വേദിയിൽ മൂന്നു വലിയ സ്റ്റേജുകൾ ആണ് സജ്ജീകരിച്ചത്. സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങൾക്കുമായാണ് മധ്യത്തിലുള്ള സ്റ്റേജ് ഒഴിച്ചിട്ടിരിക്കുന്നത്. പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്ഫോമിൽ പ്രധാനമന്ത്രിക്കും വിവിഐപികൾക്കും സൗകര്യമൊരുക്കി. ഇടതുവശത്ത് ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്ന്യാസികൾക്ക് സൗകര്യമൊരുക്കി. ഗുജറാത്തിൽ വിജയിച്ച ആംആദ്മി പാർട്ടിയുടെ 5 എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

ആകെയുള്ള 5 എഎപി എംഎൽഎമാരിൽ 3 പേർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. അഞ്ച് എംഎൽമാരുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയതായി ദേശീയ മാധ്യം റിപ്പോർട്ട് ചെയ്‌തിരുന്നു. ജുനഗഡ് ജില്ലയിലെ വിശ്വദാർ മണ്ഡലത്തിൽനിന്നു ജയിച്ച ഭൂപത് ഭയാനിയുടെ പേരാണ് ഇതിൽ പ്രധാനം. എന്നാൽ വാർത്ത ഭൂപത് നിഷേധിച്ചു. ബിജെപിയിൽ ചേരില്ല, ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവരോടു ചോദിച്ചശേഷം തീരുമാനമെടുക്കും എന്നാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഭൂപത് പറഞ്ഞത്. അതേസമയം ബിജെപിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തി വളരെ കുറവായതിനാൽ തനിക്കു വോട്ട് ചെയ്തവർക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ചിന്തയാണു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവായിരുന്ന ഭൂപത്, സീറ്റ് നിഷേധിച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ആംആദ്മിയിൽ ചേർന്നത്. എഎപിയുടെ 5 എംഎൽഎമാരിൽ 3 പേർ നേരത്തേ ബിജെപിയിലായിരുന്നു.

pm-modi-gujarat
അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു: Twitter Photo@narendramodi

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയുടെ പേരിലുള്ള എതിർപ്പ് സംസ്ഥാനത്ത് പ്രകടമായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തിയാണ് ബിജെപി അവയെല്ലാം മറികടന്നത്. തൂക്കുപാലം തകർന്ന് 137 പേർ മരിച്ച മോർബിയിലും ബിജെപി വിജയിച്ചു. റോഡ് ഷോകളും സമ്മേളനങ്ങളുമായി സംസ്ഥാനത്തുടനീളം മോദി പ്രചാരണം നയിച്ചു. അണിയറ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ച് അമിത് ഷായും രംഗത്തിറങ്ങിയതോടെ പാർട്ടിയുടെ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വരെ കാഴ്ചക്കാരായി. 2017 ൽ പട്ടേൽ പ്രക്ഷോഭത്തിന്റെ ബലത്തിൽ കോൺഗ്രസ് നേടിയ 77 സീറ്റിലെ വിജയം ഇക്കുറി ആവർത്തിക്കരുതെന്ന് ഉറപ്പിച്ചാണു ബിജെപി പോരിനിറങ്ങിയത്.

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടെത്തിയതു ബിജെപിക്കു നേട്ടമായി. ബിജെപി പട്ടേലുകളെ പിടിച്ചതോടെ, ഇതര പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) ഒപ്പം നിർത്തി നഷ്ടം നികത്താൻ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിനൊപ്പമുള്ള ഏതാനും ഒബിസി നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചു.

English Summary: Gujarat Oath Today, PM, Top Ministers And 200 Saints To Attend: 10 Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com