ADVERTISEMENT

പിറന്നാൾ സമ്മാനം ഗംഭീരമായി. കേവലം 10 വയസ്സു മാത്രം പ്രായമുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) ജന്മദിനാഘോഷ സമ്മാനമായി ലഭിച്ചത് ദേശീയ പാർട്ടിയെന്ന ബഹുമതി. ഡൽഹി മുഖ്യമന്ത്രി കസേരയിൽനിന്ന് പ്രധാനമന്ത്രി കസേരയിലേക്കുള്ള അരവിന്ദ് കേജ്‍രിവാളിന്റെ പ്രയാണത്തിന്റെ തുടക്കമാണ് ഇതെന്ന് എഎപി നേതാക്കളും പ്രവർത്തകരും പ്രഖ്യാപിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും അടക്കിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി സ്ഥാപകനുമായ അരവിന്ദ് കേജ്‍രിവാളിന്റെ പ്രസക്തി വർധിക്കുകയാണോ...? ഇന്ത്യ മുഴുവൻ സാന്നിധ്യമുള്ള കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനു സാധിക്കാത്തത് ഞങ്ങളുടെ നേതാവിനു സാധിക്കുമെന്ന് പ്രഖ്യാപിക്കാൻ എഎപിയുടെ നേതാക്കൾക്ക് കരുത്തു പകരുന്നത് എന്താണ്? ബിജെപിയുടെ കുത്തക തകർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അധികാരം പിടിച്ചതും ഗുജറാത്തിൽ ഏകദേശം 12 ശതമാനം വോട്ടുവിഹിതം നേടിയതും ആം ആദ്മി പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ മേൽക്കോയ്മ നൽകുന്നുണ്ടോ? ചോദ്യങ്ങൾ ഏറെയാണ്. പക്ഷേ ഉത്തരങ്ങൾ അത്ര ലളിതമല്ല.

 

∙ അണ്ണാ ഹസാരെയുടെ ശിഷ്യൻ

അണ്ണാ ഹസാരെയും അരവിന്ദ് കേജ്‌രിവാളും. 2012ലെ ചിത്രം: Vijay Kumar Joshi/PTI
അണ്ണാ ഹസാരെയും അരവിന്ദ് കേജ്‌രിവാളും. 2012ലെ ചിത്രം: Vijay Kumar Joshi/PTI

 

പൊതുപ്രവർത്തനത്തിലെ ഗുരുനാഥൻ അണ്ണാ ഹസാരെയുടെ ഉപദേശം പോലും വകവയ്ക്കാതെ ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് എടുത്തുചാടിയ അരവിന്ദ് കേജ്‍രിവാളിന്റെ ലക്ഷ്യം എന്നും ഡൽഹിയാണ്. മല്ലൻമാർ വാഴുന്ന രാഷ്ട്രീയ ഗോദയിൽ അപ്രതീക്ഷിത നേട്ടങ്ങളുടെ പ്രതീകമാണ്, സാധാരണക്കാരുടെ പാർട്ടിയെന്ന് അർഥമുള്ള ആം ആദ്മി പാർട്ടി. ഡൽഹിയാണ് കേജ്‍രിവാളിന്റെ ലക്ഷ്യമെന്നു പറയുമ്പോൾ അതിനെ കാണേണ്ടത് വിശാലമായ അർഥത്തിലാണ്. ചെറിയ ലക്ഷ്യത്തിൽ തുടങ്ങി വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് അരവിന്ദ് കേജ്‍രിവാളും എഎപിയും. ഡൽഹി പിടിക്കുക തന്നെയാണു ലക്ഷ്യം. 

ഡൽഹിയുടെ മുഖ്യമന്ത്രിപദം നേടിക്കഴിഞ്ഞ പാർട്ടി, ഈയിടെ നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. കഴിഞ്ഞ 15 വർഷത്തെ ബിജെപിയുടെ കുത്തക അവസാനിപ്പിച്ചാണ് കോർപറേഷനിലെ എഎപിയുടെ തേരോട്ടം. നോർത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചത് ഗുണംചെയ്യുമെന്നാണ് ബിജെപി കരുതിയതെങ്കിലും വോട്ടെണ്ണൽ കഴിഞ്ഞതോടെ കണക്കുകൂട്ടൽ പാളിയെന്ന് ബിജെപിക്കു ബോധ്യമായി. കോർപറേഷനിൽ ആകെയുള്ള 250 വാർഡുകളിൽ 134 വാർഡുകളിൽ വിജയിച്ചാണ് എഎപി അധികാരത്തിലെത്തിയത്. ഡൽഹി സംസ്ഥാനവും കോർപറേഷനും കീഴടക്കിയ എഎപിയുടെ അടുത്ത ലക്ഷ്യമെന്താണ്...? 

 

∙ യുപിഎ സർക്കാരിനെ വിറപ്പിച്ച സമരനായകൻ

ഇന്ത്യയിൽ ചുരുങ്ങിയ കാലംകൊണ്ട് വളർന്ന പ്രാദേശിക പാർട്ടികൾ ഒട്ടേറെയുണ്ട്. എന്നാൽ ഒരു സംസ്ഥാനത്ത് രൂപംകൊണ്ട്, മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ദേശീയ പാർട്ടിയായി അംഗീകാരം നേടുകയും ചെയ്തുവെന്നതാണ് എഎപിയെ വ്യത്യസ്തമാക്കുന്നത്.

 

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു, ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2011ൽ നടന്ന ആന്റി കറപ്ഷൻ മൂവ്മെന്റ്. അഴിമതി തുടച്ചുനീക്കണമെന്നും ജൻ ലോക്പാൽ ബിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള ജനമുന്നേറ്റത്തിൽ ഡൽഹി സ്തംഭിച്ചു. രാജ്യമുടനീളം പ്രതിഷേധത്തിന്റെ അലയൊലികൾ സൃഷ്ടിച്ച മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച പ്രമുഖരിലൊരാളായിരുന്നു അരവിന്ദ് കേജ്‍രിവാൾ. പ്രസ്ഥാനത്തിനു രാഷ്ട്രീയ നിറം നൽകുന്നതിനോട് അണ്ണാ ഹസാരെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ അധികാരം നേടുകയെന്നത് പ്രധാനമാണെന്ന് കേജ്‍രിവാൾ വാദിച്ചു. ഈ വാദത്തിന്റെ പരിണിത ഫലമാണ് 2012 നവംബർ 26നു പിറന്നുവീണ എഎപി. 

 

അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter/ArvindKejriwal
അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter/ArvindKejriwal

∙ തുടക്കം 2013ൽ, പിന്നെ പടർന്നു പന്തലിച്ചു

 

2013ലാണ് എഎപിയുടെ ഡൽഹിയിലെ ആദ്യ നിയമസഭാ പോരാട്ടം. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ജനവിധിയിൽ ബിജെപിക്കു പിന്നിൽ എഎപി രണ്ടാമത്തെ വലിയ കക്ഷിയായി. തുടർന്ന് കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. എന്നാൽ ജൻലോക് പാൽ ബില്ലിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയാറാകാതിരുന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഫലമായി അധികാരമേറ്റ് 49 ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കേജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ രാഷ്ട്രപതി ഭരണത്തിനു കീഴിലായ ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നത് 2015ൽ. 

 

അന്ന് ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിൽ 67 എണ്ണത്തിലും വിജയിച്ച് അധികാരം പിടിച്ചടക്കിയ ആം ആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത കുതിരയായി. ആശയങ്ങളുടെ പിടിവാശിയില്ലാതെ, നയങ്ങളുടെയും നിലപാടുകളുടെയും ഇരുമ്പുമറകളില്ലാതെ ഡൽഹിയുടെ സ്വന്തം പാർട്ടിയായി എഎപിയെന്ന രാഷ്ട്രീയ ശിശു അതിവേഗം വളരുന്ന കാഴ്ചയ്ക്കാണ് പിന്നീടു രാജ്യതലസ്ഥാനം വേദിയായത്. 2022 മാർച്ചിൽ പഞ്ചാബിൽ അധികാരത്തിലെത്തുകയും ഗോവയിൽ 2 നിയമസഭാ മണ്ഡലങ്ങളിൽ എഎപി വിജയിക്കുകയും ചെയ്തു. ഈയിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽ വിജയിക്കുകയും ഏകദേശം 12 ശതമാനം വോട്ടു നേടുകയും ചെയ്തതോടെയാണ് എഎപി ദേശീയ പാർട്ടിയെന്ന പദവിയിലേക്ക് ഉയർന്നത്. 

 

∙ വളക്കൂറില്ലാത്ത മണ്ണിലും വളരാൻ വേറിട്ടവഴികൾ

 

ആശയപരമായ പോരാട്ടങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഇടതും വലതും ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ യുദ്ധങ്ങൾ രാജ്യത്തിനു സമ്മാനിച്ചത് നൻമയോ ദുരിതങ്ങളോ എന്നത് അടയാളപ്പെടുത്തേണ്ടത് ചരിത്രമാണ്. എന്നാൽ, വെറും ജനക്കൂട്ടമായി തുടങ്ങി, ജനഹൃദയങ്ങളെ കീഴടക്കുന്ന പ്രസ്ഥാനമായി മാറുന്നുവെന്നതാണ് എഎപി എന്ന പാർട്ടിയെ വ്യത്യസ്തമാക്കുന്നത്. സോഷ്യലിസം, സെക്യുലറിസം, നാഷനലിസം എന്നിങ്ങനെയുള്ള ആശയങ്ങളിൽ രൂപംകൊണ്ടതാണ് എഎപിയെന്ന് നേതാക്കൾ പറയുമെങ്കിലും പ്രത്യേകിച്ച് ഒരുതരത്തിലുള്ള കടുംപിടിത്തങ്ങളും എഎപിക്കില്ല. 

 

അണ്ണാ ഹസാരെയുടെ അനുയായി, എഎപിയുടെ സ്ഥാപകൻ, ഡൽഹിയുടെ മുഖ്യമന്ത്രി എന്നിങ്ങനെയുള്ള വളർച്ചയിൽ അരവിന്ദ് കേജ്‍രിവാൾ എന്ന രാഷ്ട്രീയ നേതാവ് പഠിച്ച പാഠങ്ങൾ പലതാണ്. അർബൻ നക്സൽ എന്നു വിശേഷിപ്പിച്ച് കേജ്‍രിവാളിനെ ഒതുക്കാൻ ബിജെപി തുടക്കത്തിൽ ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായി മാറിയെങ്കിലും കോൺഗ്രസും ഇടതുപക്ഷവും എന്നും സംശയദൃഷ്ടിയോടെയാണ് കേജ്‍രിവാളിനെ കണ്ടിരുന്നത്. ഗൊരഖ്പുർ ഐഐടിയിലെ പൂർവ വിദ്യാർഥിയും ഇന്ത്യൻ റവന്യു സർവീസ് മുൻ ഉദ്യോഗസ്ഥനുമായ കേജ്‍രിവാളിന്റെ കണക്കുകൂട്ടലുകൾ പക്ഷേ കിറുകൃത്യമായിരുന്നു. അതു കൊള്ളേണ്ടിടത്ത്, കൊള്ളേണ്ട സമയത്ത്, കൃത്യമായിത്തന്നെ കൊണ്ടുവെന്നതാണ് ആം ആദ്മി പാർട്ടിയെന്ന, ഇന്ത്യൻ രാഷ്ട്രീയത്തിലെ നവാഗതന്റെ നീക്കങ്ങളെ ശ്രദ്ധേയമാക്കുന്നത്. 

 

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പാർട്ടി ചിഹ്നമായ ചൂലുമായി. എഎപി ശക്തമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണു കളമൊരുങ്ങുന്നത്. ചിത്രം: twitter/AAPGujarat
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പാർട്ടി ചിഹ്നമായ ചൂലുമായി. ചിത്രം: twitter/AAPGujarat

∙ സൗജന്യ മന്ത്രം, വിജയ തന്ത്രം

 

സാധാരണക്കാർക്ക് ദൈനംദിന ജീവിതത്തിൽ തുണയാകുന്ന കാര്യങ്ങൾ നടപ്പാക്കിയാൽ ഏതൊരു തുടക്കക്കാരനും രാഷ്ട്രീയക്കളരിയിൽ വിജയം ഉറപ്പാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ പാർട്ടിയാണ് എഎപി. വൈദ്യുതി സബ്സിഡി, ശുദ്ധജല സബ്സിഡി, സൗജന്യ ചികിത്സ, പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പഠന സൗകര്യം ഉൾപ്പെടെയുള്ള പദ്ധതികൾ ഡൽഹിയിൽ നടപ്പാക്കിയ എഎപി മറ്റു സംസ്ഥാനങ്ങളിലും ഇത്തരം വാഗ്ദാനങ്ങളാണ് നൽകുന്നത്. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല അതു നടപ്പാക്കാനും പരമാവധി ശ്രമിക്കുന്നുവെന്നതാണ് എഎപിയെ വേറിട്ടതാക്കുന്നത്. 

യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗബാധിതരായി മരിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ഡൽഹി സർക്കാർ സഹായം വിതരണം ചെയ്യുന്നത്. ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങൾക്ക് മികച്ച തുക നഷ്ടപരിഹാരം നൽകുന്നതിൽ കേജ്‍രിവാൾ സർക്കാർ തുടങ്ങിവച്ച മാതൃക പിന്നീടു മറ്റു പല സംസ്ഥാനങ്ങളും പിന്തുടരുന്ന കാഴ്ചയും കണ്ടു. ആധുനിക രീതിയിലുള്ള വികസന സമീപനങ്ങൾ പിന്തുടരുന്ന ഭരണാധികാരിയാണ് കേജ്‍‍രിവാളെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

 

A supporter of the Aam Aadmi Party (AAP) holds a sign that before Arvind Kejriwal's swearing-in ceremony as Delhi Chief Minister, in New Delhi on February 16, 2020. (Photo by Sajjad HUSSAIN / AFP)
ചിത്രം: Sajjad HUSSAIN / AFP

∙ പത്തു വർഷം, നേട്ടങ്ങൾ ചെറുതല്ല

 

പിറവിയെടുത്ത് 10 വർഷങ്ങൾക്കുള്ളിൽ എഎപി രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയായി മാറിയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന എഎപിക്ക് 10 രാജ്യസഭാംഗങ്ങളുണ്ട്. ഗോവയിൽ രണ്ട് എംഎൽഎമാരും ഗുജറാത്തിൽ 5 എംഎൽഎമാരുമുണ്ട്. ഡൽഹി കോർപറേഷനിലും അധികാരത്തിലെത്തി. 

 

∙ ഡൽഹിയിൽ തുടങ്ങി; പടരാൻ വെമ്പൽ

 

ഇന്ത്യയിൽ ചുരുങ്ങിയ കാലംകൊണ്ട് വളർന്ന പ്രാദേശിക പാർട്ടികൾ ഒട്ടേറെയുണ്ട്. എന്നാൽ ഒരു സംസ്ഥാനത്ത് രൂപംകൊണ്ട്, മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ദേശീയ പാർട്ടിയായി അംഗീകാരം നേടുകയും ചെയ്തുവെന്നതാണ് എഎപിയെ വ്യത്യസ്തമാക്കുന്നത്. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും അധികാരത്തിലെത്തിയ എഎപി ഗോവ, ഗുജറാത്ത്, ഉത്തരാഗണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കു സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങളിലുമാണ് കേജ്‍രിവാളും സഹപ്രവർത്തകരും. 

 

∙ കേജ്‍രിവാളിന് പ്രധാനമന്ത്രി സ്ഥാനമോഹമുണ്ടോ...?

 

ഡൽഹിയിലെ ഒാരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഉയരുന്ന ചോദ്യമാണിത്. എന്നാൽ ഈയിടെ നടന്ന ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പോടെ ഈ ചോദ്യം കൂടുതൽ ചോദിക്കപ്പെടുന്നുവെന്നതാണ് വസ്തുത. ഡൽഹിയിലെ നഗരസഭകളിലെ കഴിഞ്ഞ 15 വർഷത്തെ ബിജെപി കുത്തക തകർത്ത് എഎപിയെ അധികാരത്തിലെത്തിച്ച അരവിന്ദ് കേജ്‍രിവാളിന്റെ ദേശീയ പ്രാധാന്യം വർധിച്ചതായാണ് എഎപി നേതാക്കൾ പറയുന്നത്. ബിജെപിയെ നേരിടാനുള്ള കെൽപ് കോൺഗ്രസിനില്ലെന്ന് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലം തെളിയിച്ചതായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കഴിവുള്ള പാർട്ടികളും നേതാക്കളും ഉയർന്നു വരണമെന്നും അവർ വാദിക്കുന്നു. ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കുമ്പോഴും ദേശീയ തലത്തിൽ ബിജെപിയെ തറപറ്റിക്കാനുള്ള ശക്തി കോൺഗ്രസിനുണ്ടോയെന്നത് സംശയമാണെന്നും എഎപി നേതാക്കൾ പറയുന്നു. 

 

∙ കേജ്‍രിവാളിന്റെ ശക്തി, ദൗർബല്യം...

 

ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍‍രിവാളിന്റെ പ്രധാന ഗുണം. സൗജന്യങ്ങൾ നൽകുന്ന കാര്യത്തിൽ പൊതുവേ ഉദാര നിലപാടുകാരനാണ് കേജ്‍രിവാൾ. സ്വന്തം നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിലും ചെയ്ത കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും കേജ്‍രിവാളിന് പ്രത്യേക മിടുക്കുമുണ്ട്. എന്നാൽ, ഡൽഹിയിൽ അധികാരത്തിലെത്തിയിട്ടും പൊലീസ് സേനയുടെ ഉൾപ്പെടെ പൂർണ അധികാരമുള്ള ഒരു മുഖ്യമന്ത്രിയാവാൻ സാധിച്ചിട്ടില്ലായെന്നതാണ് കേജ്‍രിവാൾ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. 

 

∙ കേജ്‍രിവാൾ ദേശീയ നേതാവാകുമോ...? 

 

ദേശീയ തലത്തിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനം നേടുകയെന്നത് അരവിന്ദ് കേജ്‍രിവാളിന് അത്രയെളുപ്പമാവില്ല. മുഖ്യപ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാവുകയില്ലെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇടതു കക്ഷികളും കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കാനാണ് സാധ്യത. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഭരണം പിടിക്കുകയും കർണാടകയിൽ മികച്ച വിജയം നേടാനാവുകയും ചെയ്താൽ അരവിന്ദ് കേജ്‍രിവാളും എഎപിയും കൂടുതൽ ശക്തരാവും. കോൺഗ്രസും ഇടതുപക്ഷവും ഒഴികെയുള്ള പ്രാദേശിക ശക്തികളെ ഒപ്പംചേർത്ത് ശക്തി സ്വരൂപിക്കാനാവും കേജ്‍രിവാൾ തുടക്കത്തിൽ ശ്രമിക്കുക. 

 

തൃണമൂൽ കോൺഗ്രസ്, എസ്പി, ബിഎസ്പി, അണ്ണാഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ഒപ്പംകൂട്ടാൻ എഎപി മുൻകയ്യെടുത്തേക്കും. ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താൻ കഴിയുന്ന തരത്തിൽ നിർണായക ശക്തിയായി മാറിയ ശേഷം കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പിക്കുക എന്ന തന്ത്രത്തിനാവും എഎപിയുടെ പരിഗണന. ബിജെപിയുടെ ഉറച്ച വോട്ടർമാർ പോലും എഎപിക്കു വോട്ടു നൽകുന്നതിൽ വിമുഖത പ്രകടിപ്പിക്കാറില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള വോട്ടുകൾ എഎപിക്ക് യഥേഷ്ടം ലഭിക്കുന്നതായും പാർട്ടി നേതാക്കൾ അവകാശപ്പെടുന്നു. ഇത്തരത്തിൽ ഭൂരിപക്ഷ- ന്യൂനപക്ഷ വോട്ടുകൾ ഒരേസമയം സമാഹരിക്കാൻ കഴിയുന്ന പാർട്ടിയെന്ന നിലയിലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയരാൻ എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും അർഹതയുണ്ടെന്നാണ് പാർട്ടി നേതാക്കളുടെ വാദം. 

 

∙ വിവാദങ്ങളെയും നേട്ടമാക്കാൻ എഎപി

 

കറൻസി നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടപ്പോൾ ഞെട്ടിയത് ബിജെപിയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്ന‍ിൽക്കണ്ടുള്ള കേജ്‍രിവാളിന്റെ ഹിന്ദു സ്നേഹമെന്ന് പറഞ്ഞാണ് ബിജെപി കേജ്‍രിവാളിനെ കടന്നാക്രമിച്ചത്. കേജ്‍രിവാളിൽനിന്ന് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത്തരം നിലപാടുകളാണ്. ബിജെപിയുടെ തീവ്ര ആശയങ്ങളിൽ പോലും കയറി മേ‍ഞ്ഞ് നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ ശൈലി കേജ്‍രിവാളിന് ഗുണവും ദോഷവുമുണ്ടാക്കിയിട്ടുണ്ട്. 

 

എന്നാൽ കേ‍ജ്‍രിവാളിന്റെ ചില സമയങ്ങളിലെ ഇത്തരം നിലപാടുകൾ പോലും എഎപിയുടെ ന്യൂനപക്ഷ വോട്ട്ബാങ്കിൽ കാര്യമായ വിള്ളലുണ്ടാക്കിയിട്ടില്ലെന്നാണ് ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുകൾ തെളിയിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാനുള്ള ചാണക്യ തന്ത്രങ്ങളായി ഇത്തരം നീക്കങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് എഎപിയുടെ വിജയം. തിരഞ്ഞെടുപ്പു വിജയങ്ങൾക്കൊപ്പം ഇത്തരം തന്ത്രങ്ങളും നീക്കങ്ങളും അരവിന്ദ് കേജ്‍രിവാളിനെ ഇന്ത്യയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കാൻ പര്യാപ്തമാണോയെന്ന ചോദ്യമാണ് ഉയരുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളുമാവും ഈ ചോദ്യത്തിന് ഉത്തരം നൽകുക. 

 

English Summary: How AAP became a National Party and Is Arvind Kejriwal aiming to Become India's PM?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com