ADVERTISEMENT

കൊച്ചി∙ പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിനാലെ പോലുള്ള മേളകള്‍ക്ക് ഒരു ചരിത്രം ദൗത്യം നിര്‍വഹിക്കാനുണ്ട്. നിരവധി ഉപസംസ്‌കാരങ്ങളും പ്രാദേശിക സംസ്‌കാരങ്ങളും ഉള്‍പ്പെട്ടതാണ് നമ്മുടെ നാടിന്റെ സംസ്‌ക്കാരം. അത്തരം സംസ്‌കാരമെന്നത് പൊതുമണ്ഡലത്തില്‍നിന്നു വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തില്‍ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്നത്. ഇത്തരം പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയണം.

സാംസ്‌കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ടു സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യാന്തര തലത്തിലേക്ക് അഭിമാനകരമായി വളര്‍ന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയാണ് ഇത്തവണ മേളയ്ക്കു ധനസഹായമായി ഏഴു കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിക്കു നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനം. വൈവിധ്യങ്ങളെ തച്ചുടച്ച് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, പി.എ മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ.ജെ മാക്സി, ടി.ജെ വിനോദ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലുനോ, മുന്‍ മന്ത്രി കെ.വി തോമസ്, കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ എന്‍.രവി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

‘നമ്മുടെ സിരകളിൽ ഒഴുകുന്നതു മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി 2023 ഏപ്രിൽ 10 വരെയാണു ബിനാലെ. നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷിക വേളയാണിത്. കൊച്ചിയുടേതു മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ ടൂറിസം വികസനത്തിന് ഉണർവേകുന്നതാകും ബിനാലെയെന്നാണു പ്രതീക്ഷ.

ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമേ എറണാകുളം ദർബാർഹാൾ ആർട് ഗാലറിയിലും ബിനാലെ കലാപ്രദർശനമുണ്ടാകും. കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ മാത്രം അവതരിപ്പിക്കുന്നതാണു ദർബാർ ഹാളിലെ പ്രദർശനം. ഇതു ക്യുറേറ്റ് ചെയ്യുന്നതു ജിജി സ്കറിയ, പി.എസ്.ജലജ, രാധ ഗോമതി എന്നീ മലയാളികളാണ്. 34 കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ ഇവിടെയുണ്ടാകും.

English Summary: Kochi-Muziris Biennale Fifth Edition Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com