ADVERTISEMENT

ന്യൂഡൽഹി∙ തൃശൂരില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും സമൂഹത്തിനു വിപത്തും ഭീഷണിയുമാണു നിഷാമെന്നും സര്‍ക്കാര്‍ അപ്പീലിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.‌

ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനുനേരെ നിഷാം നടത്തിയതെന്നാണു വിധിയിൽ ഹൈക്കോടതി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിക്കുകയായിരുന്നു.

സമൂഹത്തിനു വിപത്തും ഭീഷണിയുമാണ് നിഷാമെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ഷൊങ്കർ സമർപ്പിച്ച അപ്പീലിൽ പറയുന്നു. നേരത്തേ കേസിൽ അപ്പീലിനുപോകാൻ സംസ്ഥാന സർക്കാരിനു നിയമോപദേശം കിട്ടിയിരുന്നു. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിനു വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു.

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കനത്ത വിമർശനത്തോടെ സുപ്രീം കോടതി തള്ളി.

English Summary: Chandrabose convict Mohammed Nisham should be hanged, Kerala approach Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com