ADVERTISEMENT

ന്യൂഡൽഹി∙ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കർണാടക–മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘‘സുപ്രീം കോടതി വിധി വരുന്നതുവരെ സംസ്ഥാന സർക്കാരുകൾ അവകാശവാദം ഉന്നയിക്കില്ലെന്ന് ധാരണയായിട്ടുണ്ട്. തർക്കം ചർച്ചയിലൂടെ പരിഹരിക്കണം. ഓരോ സംസ്ഥാനത്തുനിന്നും മൂന്ന് മന്ത്രിമാരുമായി ഒരു കമ്മിറ്റി രൂപീകരിക്കും. ക്രമസമാധാന പ്രശ്‌നം പരിശോധിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും’’– അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവൽകരിക്കരുതെന്നും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാർട്ടികളോട് അദ്ദേഹം അഭ്യർഥിച്ചു.

1956 മുതലുള്ള തർക്കത്തിനിടെയാണ് ബുധനാഴ്ച വൈകിട്ട് യോഗം ചേർന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്നുള്ളതാണ് അതിർത്തി പ്രശ്നം. നിലവിൽ കർണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങൾക്കുവേണ്ടി മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നു. മുൻപ് പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അടുത്തിടെ, ബെളഗാവിയിൽ മഹാരാഷ്ട്ര റജിസ്ട്രേഷൻ വാഹനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു.

English Summary: "Till Supreme Court...": Amit Shah On Karnataka, Maharashtra Border Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com