ADVERTISEMENT

തിരുവനന്തപുരം∙ ആദം ഹാരി, മലയാളികൾ ഒരിക്കൽ ഏറെ ആഘോഷിച്ച പേര്. ആകാശം കീഴടക്കി ഉയരങ്ങളിലേക്ക് കുതിച്ച് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ്. ദക്ഷിണാഫ്രിക്കയിൽനിന്നും ആദം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ അന്നു രാജ്യാന്തര മാധ്യമങ്ങളുൾപ്പെടെ ആദം ഹാരി എന്ന ആ പേര് ആഘോഷമാക്കി മാറ്റി. അതുകൊണ്ടും അവസാനിച്ചില്ല ആദമിന്റെ പോരാട്ടം. കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുക എന്നതായിരുന്നു ആദമിന്റെ അടുത്ത ലക്ഷ്യം. അതിനുവേണ്ടിയുളള പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട്. തന്റെ ലക്ഷ്യം പൂർത്തീകരിക്കാനായി കഠിന പ്രയത്നം നടത്തിയ ആദമിനു പക്ഷേ അതിജീവിക്കാൻ കടമ്പകള്‍ പലതുമുണ്ടായിരുന്നു.

ഡിജിസിഎയുടെ പൈലറ്റ് ലൈസന്‍സിനായുള്ള മെഡിക്കലിന് അപേക്ഷിച്ചപ്പോള്‍ ട്രാന്‍സ്ജെൻഡർ വ്യക്തികൾക്കുള്ള പ്രത്യേക ഗൈഡ് ലൈൻസ് ഇല്ലാത്തതു കൊണ്ട് തന്നെ തന്റെ സ്വത്വത്തിന്റെ പേരിൽ കടുത്ത വിവേ‍ചനമാണ് ആദമിന് നേരിടേണ്ടി വന്നത്. എന്നാൽ ആദമിന്റെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി ഡിജിസിഎ ട്രാന്‍സ്ജെൻഡർ വ്യകതികളെക്കൂടി ഉൾപ്പെടുത്തി ഒരു പുതിയ ഗൈഡ് ലൈൻ പുറത്തിറക്കി‌. അതും ഏറെ വാർത്താ പ്രാധാന്യം നേടി.

ഇതിനിടെ, 2019ൽ അന്നത്തെ ആരോഗ്യക്ഷേമ വകുപ്പും സാമൂഹിക നീതി വകുപ്പും കൈകാര്യം ചെയ്തിരുന്ന കെ.കെ.ശൈലജ ആദമിന് പൈലറ്റ് പഠനത്തിനായുള്ള സ്കോളർഷിപ്പ് നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തു. എന്നാൽ ആ വാഗ്ദാനം എങ്ങും എത്താത്ത അവസ്ഥയാണിപ്പോഴുള്ളത്. നാളേറെയായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നടന്നിട്ടും അധിക‍ൃതരിൽ നിന്നും അനുകൂലമായ സമീപനം ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ആദം പറഞ്ഞു.

സ്കോളർഷിപ്പ് റിലീസ് ചെയ്തിരുന്ന‌ുവെങ്കിലും‌ ഡിജിസിഎ ഗൈഡ്‌‌ലൈന്‍സിലെ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയിൽ തുടരാൻ സാധിക്കാത്ത അവസ്ഥ വന്നു. പുതിയ ഗൈഡ്‌‌ലൈന്‍ നിലവിൽ വന്നെങ്കിലും ജെൻഡർ അഫമേറ്റീവ് പ്രൊസീജേഴ്സ് തുടരുന്നതിന് പരിമിതികൾ ഉള്ളതുകൊണ്ടു ‌തന്നെ അന്ന് തനിക്കനുവദിച്ച സ്കോളർഷിപ്പ് ദക്ഷിണാഫ്രിക്കയിലെ തന്റെ പഠനത്തിനായി മാറ്റണമെന്ന് ഒരു വർഷം മുൻപ് ആദം അപേക്ഷ നൽകി. 2019ൽ സാമൂഹ്യനീതി വകുപ്പിന്റെ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകർ ആയിരുന്നു സ്കോളർഷിപ്പ് അനുവദിക്കാനായി ഏറെ സഹായിച്ചിരുന്നത്. രണ്ടാം പിണറായി സർക്കാര്‍ വന്നതോടെ അദ്ദേഹത്തെ കെഎസ്ആർടിസിയുടെ ചുമതലയിലേക്ക് മാറ്റി. ഇതിനിടെ ഡിജിസിഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വന്നപ്പോള്‍ എ.എ. റഹീം. എംപി ഉൾപ്പെടെയുള്ളവരാണ് സഹായിച്ചത്.

‘കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ എന്നെ സഹായിച്ചിരുന്നവര്‍ കേരള സർക്കാറുമായി ബന്ധപ്പെട്ട വിഷയത്തിലും സഹായിക്കുമെന്ന് ‍ഞാൻ കരുതി. ഇന്ത്യയിൽ ഡിജിസിഎയുമായി ബന്ധപ്പെട്ട വിഷയം നിലനിൽക്കുന്നതു കൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് സ്കോളർഷിപ്പ് മാറ്റാമെന്ന് നിർദേശം ലഭിച്ചു. ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ട് ഒരു വർഷത്തിനു മുകളിലായി. സെക്രട്ടേറിയറ്റിലും സാമൂഹ്യ നീതി വകുപ്പിന്റെ ഓഫിസുകളിലും ഫിനാൻസ് സെഷനിലും എല്ലാം കയറിയിറങ്ങിയിട്ടും അനുകൂലമായ ഒരു സമീപനവും ഇതുവരെയും ഉണ്ടാവുന്നില്ല. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും സമയക്രമവും എല്ലാം എന്നെ ബാധിച്ചു. പല ഉദ്യോഗസ്ഥരും വളരെ മോശമായാണ് പെരുമാറുന്നത്. ഇവരുടെ സമീപനം പലപ്പോഴും മാനസികമായി തളർത്തി. ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടും വീണ്ടും വീണ്ടും മതിയായ രേഖകൾ ഇല്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയാണ്. പ്ലാനിങ് ബോർഡിലാണ് ഇപ്പോള്‍ നിലവിൽ ഫയൽ ഉള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തനിക്ക് വര്‍ഷങ്ങളാണ് നഷ്ടമായത്. തനിക്ക് സ്കോളർഷിപ്പ് നൽകാൻ തയാറല്ലെങ്കിൽ ആദ്യമേ തന്നോട് പറയാമായിരുന്നില്ലേ?– ആദം ചോദിക്കുന്നു.

അടുത്തിടെ പോലും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു തന്നെക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പലപ്പോഴായി പലയിടത്തും തന്റെ പേര് ഹൈലറ്റ് ചെയ്യപ്പെടുന്നു. ഡിജിസിഎയുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോഴെല്ലാം പലരും പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവരും എന്നെ ആഘോഷമാക്കി മാറ്റുന്നു. എന്നാൽ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യപ്പെട്ടിട്ടു പോലും ആരും കൃത്യമായ ഇടപെടൽ നടത്തുന്നില്ല. അവരുടെ കീഴിൽ വരുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്ക് സഹായിക്കാവുന്നതേ ഉള്ളൂ. വാർത്താ പ്രാധാന്യമുള്ളപ്പോള്‍ മാത്രം തങ്ങളെ ആഘോഷിക്കുകയും അല്ലാത്തപ്പോള്‍ തങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. എല്ലാ ക്വിവർ, ദലിത് വ്യക്തികളുടെയും അവസ്ഥ ഇതു തന്നെയാണ്. നമുക്ക് കിട്ടേണ്ട അവകാശങ്ങളെ വെറും ഔദാര്യമാക്കി തങ്ങളെ തഴയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ആദം പറഞ്ഞു.

2016ലാണ് ആദം ആദ്യമായി പൈലറ്റ് ട്രൈനിംങ് തുടങ്ങിയത്. ഇതു വരെയും തന്റെ പഠനം പൂർത്തിയാക്കാനാവാത്തതിന്റെ വിഷമത്തിലാണ് ആദം. തന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിനും എ.എ റഹീം എം.പിയ്ക്കും ഫെയ്സ്ബുക്കിലൂടെ തുറന്ന കത്തുമായി ആദം രംഗത്തു വന്നിരുന്നു.

English Summary: Adam Harry seeks helps to sanction his scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com