ADVERTISEMENT

കൊല്ലം∙ യുവ അഭിഭാഷകയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ട് പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ വിചാരണയ്ക്ക് എത്തി ‍മടങ്ങിയ എഴുകോൺ സ്വദേശിനി ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കോട്ടാത്തല അഖിൽ നിവാസിൽ അഖിൽരാജി(32)നെ നാട്ടുകാരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്നും പൊലീസ് പിടികൂടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ നെടുവത്തൂർ അഗ്രോ ജംക്‌ഷനു സമീപമാണ് സംഭവം.

കൊട്ടാരക്കര പൊലീസ് പറയുന്നത്: ഇരുവരും തമ്മിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നാലു വർഷമായി കോടതിയിൽ നടക്കുകയാണ്. ചെലവ് തുക(എംസി) സംബന്ധമായ കേസിനാണ് ഇന്നു ഹാജരായത്. ഭാര്യയ്ക്കും നാല് വയസ്സുകാരി മകൾക്കും ഉള്ള ചെലവ് തുക നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. കൊല്ലുമെന്ന് അഖിൽരാജ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഐശ്വര്യയുടെ മൊഴി. കോടതിക്കു മുൻപാകെയും മൊഴി നൽകി. കേസ് കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങി. കോടതി വളപ്പിൽ അഭിഭാഷകരുടെ മുന്നിൽവച്ചും ഭീഷണി തുടർന്നു. സ്ക്കൂട്ടറിൽ വീട്ടിലേക്ക് പോയ ഐശ്യര്യയെ ബൈക്കിൽ അഖിൽരാജ് പിന്തുടർന്നു. രണ്ട് തവണ സ്കൂട്ടർ ഇടിച്ചിടാൻ ശ്രമിച്ചു.

വേഗത്തിൽ വീണ്ടും പിന്തുടരുന്നതിൽ സംശയം തോന്നിയ ഐശ്വര്യ അഗ്രോ ജംക്‌ഷനിലെത്തിയപ്പോൾ സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി. സ്കൂട്ടറിനെ മറികടന്ന് മുന്നോട്ട് പോയ അഖിൽരാജ് തിരികെ ബൈക്കുമായി ഐശ്വര്യയ്ക്ക് സമീപത്തേക്ക് കുതിച്ചു. ‘രക്ഷിക്കണേ’ എന്നു നിലവിളിച്ച് സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടിയ ഐശ്വര്യയെ അഖിൽരാജ് പിടികൂടി അടിച്ച് താഴെയിട്ടു. കൈയിൽ കരുതിയ കുരുമുളക് സ്പ്രേ മുഖത്തേക്ക് തളിച്ചു. പിന്നാലെ കുപ്പിയിൽ നിന്നും പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ചു. പ്രാണരക്ഷാർഥം എഴുന്നേറ്റ് ഓടാൻ ശ്രമിച്ച ഐശ്വര്യയുടെ ദേഹത്തേക്ക് ലൈറ്റർ കത്തിച്ച് എറിഞ്ഞു. ശരീരത്തിൽ തീ പടർന്നതോടെ ഐശ്വര്യ നിലത്ത് വിണുരുണ്ടു.

സമീപത്തെ കടയിൽ നിന്നും വെള്ളം കോരി ശരീരത്തിലേക്ക് ഒഴിച്ച് നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. തോളിനും കഴുത്ത് ഭാഗത്തുമാണ് തീ പടർന്നത്. ഉടൻ തന്നെ ഐശ്വര്യയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച അഖിൽരാജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുരുമുളക് പൊടി സ്പ്രേ ചെയ്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപെടാൻ ഇയാൾ ശ്രമിച്ചിരുന്നു.

സംഭവ സ്ഥലത്ത് നിന്നും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പി, കുരുമുളക് സ്പ്രേ, മുളക്പൊടി എന്നിവ പൊലീസ് കണ്ടെടുത്തു. അഖിൽരാജിന്റെ അതിക്രമത്തിൽ നിന്നും ഐശ്വര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കവലയിൽ കരിക്ക് വിൽക്കുകയായിരുന്ന ബിന്ദു എന്ന യുവതിക്കും കഴുത്തിൽ നേരിയ പൊള്ളലേറ്റു. രക്ഷാപ്രവർത്തനത്തിനിടെ നിലത്ത് വീണ് വയോധികനും പരുക്കേറ്റു. ആറ് വർഷം മുൻപായിരുന്നു അഖിൽരാജിന്റെയും ഐശ്വര്യയുടെയും വിവാഹം. ബാങ്കിലെ കളക്ഷൻ ഏജന്റാണ് അഖിൽരാജ്. അഖിൽരാജിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി ഐശ്വര്യയുടെ അഭിഭാഷകൻ പാറംകോട് സജുകുമാറും പറയുന്നു. സംഭവത്തിൽ വധശ്രമത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്തു.

English Summary: Murder attempt: Husband arrested in Kottarakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com