ADVERTISEMENT

ബെംഗളൂരു∙ കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്‌നത്തിൽ, കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കൊഗ്നോലി ടോൾ പ്ലാസയ്ക്ക് സമീപം, മധ്യവർത്തി മഹാരാഷ്ട്ര ഏകീകരണ സമിതിയും (എംഎംഇഎസ്) എൻസിപിയും പ്രതിഷേധ പ്രകടനം നടത്തി. ബെളഗാവിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ എൻസിപി നേതാവ് ഹസൻ മുഷ്‌രിഫ് ശിവസേനയുടെ കോലാപ്പൂർ ജില്ലാ പ്രസിഡന്റ് വിജയ് ദേവനെയും കസ്റ്റഡിയിലെടുത്തു. 300ലധികം ശിവസേന, കോൺഗ്രസ്, എൻസിപി പ്രവർത്തകരെ അതിർത്തിയിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ച് പതിറ്റാണ്ടിലേറെയായി ഈ വിഷയം ഉന്നയിക്കുന്ന മധ്യവർത്തി മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എംഎംഇഎസ്) പ്രവർത്തകർ വൻ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ, 61 ലധികം സംഘടനകളും പ്രതിഷേധം നടത്താൻ അനുമതി തേടിയതിനാൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ, മഹാരാഷ്ട്രയിൽ നിന്നുള്ള ട്രക്കുകൾ കർണാടകയിൽ ആക്രമിക്കപ്പെടുകയും കർണാടയിൽനിന്നുള്ള ബസുകൾ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തിരുന്നു. 

അതിർത്തി തർക്കത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രംഗത്തെത്തി. ‘‘കേന്ദ്രസർക്കാർ കാരണമാണ് അതിർത്തി പ്രശ്‌നം നടക്കുന്നത്. മഹാരാഷ്ട്രയെ വിഭജിക്കാനാണ് പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടും എന്തുകൊണ്ടാണ് നേതാക്കളെ ബെളഗാവിയിലേക്ക് പോകാൻ അനുവദിക്കാത്തത്? ഈ പ്രശ്നത്തിനു പിന്നിൽ കേന്ദ്രസർക്കാരാണെന്നാണ് ഇത് കാണിക്കുന്നത്’’– അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കേണ്ടതില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. 

അതിനിടെ, കർണാടക–മഹാരാഷ്ട്ര അതിർത്തി തർക്കം വിഷയം മഹാരാഷ്ട്രയുടെ അഭിമാന പ്രശ്നമാണെന്നും ഈ വിഷയത്തിൽ സംസ്ഥാനം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്കിടെ മറാഠി സംസാരിക്കുന്ന പ്രദേശങ്ങൾ (പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെളഗാവി ഉൾപ്പെടെ) കർണാടകയിൽ ഉൾപ്പെടുത്തിയതിൽ മഹാരാഷ്ട്ര അസ്വസ്ഥമായിരുന്നു. നിലവിൽ കർണാടകയുടെ ഭാഗമായ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങൾക്ക് മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, അതിർത്തി നിർണയം അന്തിമമാണെന്നും മാറ്റമില്ലെന്നുമാണ് കർണാടകയുടെ നിലപാട്.

English Summary: Karnataka-Maharashtra Row: Belagavi Turns Fortress, 300 Stopped At Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com