ADVERTISEMENT

സോൾ ∙ ദിവസങ്ങൾക്കകം വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. 2 ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെയാണു കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയും മിസൈൽ പരീക്ഷണവുമായി ലോകത്തെ വെല്ലുവിളിക്കുന്നത്. മേഖലയിൽ അസ്ഥിരത പടർത്തുന്ന ആയുധ പരീക്ഷണങ്ങളിൽനിന്നു പിന്മാറാൻ കിം തയാറാല്ലെന്നാണു സൂചന. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്ങാങ്ങിലെ സുനാൻ പ്രദേശത്തുനിന്നാണു മിസൈലുകൾ വിക്ഷേപിച്ചത്. ഇവ യഥാക്രമം 350 കി.മീ, 250 കി.മീ ദൂരം പിന്നിട്ടതായി ദക്ഷിണ കൊറിയ അറിയിച്ചു.

ഉത്തര കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനവും, മേഖലയുടെ സ്ഥിരതയുംസമാധാനവും നശിപ്പിക്കുന്നതുമാണെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു. സംഭവത്തിൽ ജപ്പാനും പ്രതിഷേധിച്ചു. കഴിഞ്ഞദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ അണ്വായുധം വഹിക്കാൻ ക‌ഴിയുന്നവയായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിലാണ് ഇവ കടലിൽ പതിച്ചത്. യുഎസിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതായി അവകാശപ്പെട്ട് ദിവസങ്ങൾക്കു ശേഷമായിരുന്നു പരീക്ഷണം.

ഉത്തര കൊറിയയ്ക്കും ചൈനയ്ക്കുമെതിരെ ജപ്പാൻ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്കരിച്ചതിനു മറുപടിയായാണ് മിസൈൽ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്. പുതിയ സാഹചര്യത്തിൽ യുഎസുമായും ജപ്പാനുമായും ചേർന്നു ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വർധിപ്പിക്കുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. യുഎസ്-ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങളെ നേരിടാനുള്ള സ്വയം പ്രതിരോധ നടപടിയാണ് ആയുധപരീക്ഷണമെന്ന നിലപാടാണ് ഉത്തര കൊറിയയുടേത്.

English Summary: North Korea fires missile amid tension over Russia arms aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com