ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ തീരത്ത് ന്യൂനമർദങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിച്ചെന്നാണ് കാലാവസ്ഥാ പ്രവചനം. അവയിലൊന്നുപോലും കൊടുങ്കാറ്റായി മാറിയില്ലെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ‘ന്യൂനമർദങ്ങൾ’ കൊടുങ്കാറ്റായി വീശിയടിച്ച വർഷമാണ് കടന്നുപോകുന്നത്. വരും വർഷങ്ങളിലേക്കും നീളാമെന്ന സൂചനകൾ നൽകിയാണ് ചില വിവാദങ്ങൾ താൽക്കാലികമായി ദുർബലമായത്. ഇപ്പോൾ പെയ്യുമെന്ന ധാരണ നൽകി പിടികൊടുക്കാതെ നിൽക്കുന്നു മറ്റു ചില വിവാദങ്ങൾ. കേരളത്തിൽ കഴിഞ്ഞ വർഷം ചർച്ചയായ വിവാദങ്ങളിലൂടെ...

∙ സർക്കാർ – ഗവർണർ തർക്കം

സർക്കാരും സർക്കാരിന്റെ നാഥനായ ഗവർണറും പരസ്യമായി ഏറ്റുമുട്ടിയ അസാധാരണ കാഴ്ച സംസ്ഥാനത്തെ ദേശീയതലത്തിൽ ചർച്ചാ കേന്ദ്രമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള അതൃപ്തി സർക്കാർ പ്രകടമാക്കിയപ്പോൾ ധനമന്ത്രി കെ.എൻ.ബാലഗോപാലിനോടുള്ള ‘പ്രീതി’ പിൻവലിക്കുകയാണെന്ന് ഗവർണർ തുറന്നടിച്ചു. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡീലിറ്റ് ബിരുദം നൽകണമെന്ന അഭ്യർഥന കേരള സർവകലാശാല തള്ളിയതോടെയാണ് ഒരിടവേളയ്ക്കുശേഷം സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായത്. നിയമസഭാ സമ്മേളനം ചേരാനിരിക്കേ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. പൊതുഭരണ സെക്രട്ടറിയെ മാറ്റി സർക്കാർ ഒത്തുതീര്‍പ്പിനു മുന്നോട്ടുവന്നതോടെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു.

അങ്ങോട്ടും...മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
അങ്ങോട്ടും...മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമനം നൽകിയതിനെതിരെ ഗവർണർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. പ്രിയയുടെ നിയമന നടപടി ഗവർണർ മരവിപ്പിച്ചു. പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കാൻ കോടതി നിർദേശം നൽകിയിരിക്കുകയാണ്.

Vizhinjam Protest
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

സർവകലാശാലകളിൽ വിസിയെ നിയമിക്കുന്നതിനു സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ സ്വന്തം നിലയ്ക്കു തീരുമാനിച്ചതോടെ യുദ്ധം മൂർച്ഛിച്ചു. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചതോടെ അവയുടെ കാലാവധി അവസാനിച്ചു. ഓർഡിനൻസുകൾ സഭാ സമ്മേളനം വിളിച്ച് ബില്ലായി അവതരിപ്പിച്ചെങ്കിലും ലോകായുക്ത ഭേദഗതി ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. യുജിസി ചട്ടങ്ങൾ പാലിക്കാത്തതിനാൽ സാങ്കേതിക സർവകലാശാലയുടെ വിസിയെ സുപ്രീം കോടതി പുറത്താക്കിയിരുന്നു. മറ്റു സർവകലാശാലകളുടെ വിസിമാർക്കും ഈ ഉത്തരവ് ബാധകമാണെന്നാണ് ഗവർണറുടെ നിലപാട്. വിസിമാർക്ക് നോട്ടിസ് നൽകി ഹിയറിങ് നടത്തി. കോടതി ഉത്തരവ് അനുസരിച്ച് ഗവർണർ തുടർ നടപടി സ്വീകരിക്കും.

∙ മേയറുടെ കത്ത് വിവാദം, പിൻവാതിൽ നിയമനങ്ങൾ

Arya Rajendran
തിരുവനന്തപുരം കോർപറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവിൽ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തെ തുടർന്ന് മേയർ ആര്യ രാജേന്ദ്രന്റെ ഒ‍ാഫിസിനു മുന്നിൽ ബിജെപി നഗരസഭാംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ പിഎയുടെ മുറിയിലൂടെ ഓഫിസിൽ പ്രവേശിച്ച് ജോലിയിൽ ഏർപ്പെട്ട മേയർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

‘ജോലിയുണ്ട് സഖാവേ പട്ടിക തരാമോ’– രാജ്യത്തെ ഏറ്റവും ചെറുപ്പക്കാരിയായ മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് സർക്കാരിനുള്ള കുത്തായി മാറി. ഇന്ത്യ –ചൈന യുദ്ധകാലത്ത് ‘ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശ’ത്തിനു വേണ്ടിയാണ് യുദ്ധമെന്നു പറഞ്ഞ് തന്ത്രപരമായ നിലപാടു സ്വീകരിച്ചത് ഇഎംഎസാണ്. മേയർ അയയ്ക്കാത്തതും തനിക്കു കിട്ടാത്തതുമായ കത്തിനെച്ചൊല്ലിയാണ് വിവാദമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പക്ഷേ ജില്ലാ സെക്രട്ടറിയുടെ നിലപാടുകൾ വിവാദത്തിന് അയവു വരുത്തിയില്ല.

പാർട്ടി അനുഭാവികൾക്ക് തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക ജോലി വാഗ്ദാനം ചെയ്തു മേയർ അയച്ചതായി പ്രചരിച്ച കത്ത് രാഷ്ട്രീയ വിവാദമായി. മേയറും ജില്ലാ സെക്രട്ടറിയും പാർട്ടിക്കു വിശദീകരണം നൽകിയതോടെ പാർട്ടി തല നടപടികൾ അവസാനിച്ചു. പ്രതിഷേധം തണുപ്പിക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

arya-rajendran
പ്രതിഷേധത്തിനും മുകളിൽ: നിയമന വിവാദത്തിൽ ആരോപണ വിധേയയായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, നിലത്തു കിടന്നു പ്രതിഷേധിക്കുന്ന ബിജെപി കൗൺസിലർമാർക്കു മുകളിലൂടെ ഇരിപ്പിടത്തിലേക്ക് എത്തുന്നു

എസ്‌യുടി ആശുപത്രിയിലെ നിയമനങ്ങൾക്കായി കത്തു നൽകിയെന്നു സമ്മതിച്ച നഗരസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിലിനെതിരെ നടപടിയുണ്ടായില്ല. ‘കത്തു നിയമനം’ വിവാദമായതോടെ തദ്ദേശസ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടുകയാണെന്ന് പ്രഖ്യാപിച്ച് സർക്കാർ തടിയൂരി. പാർട്ടി രണ്ട് അംഗ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതിഷേധവും തണുത്തു.

∙ ബഫർസോൺ വിവാദം

Buffer Zone Protest
ബഫർസോൺ വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഇൻഫാം എരുമേലി, റാന്നി, പത്തനംതിട്ട കാർഷിക താലൂക്കുകളുടെ ആഭിമുഖ്യത്തിൽ മുക്കൂട്ടുതറയിൽ നടന്ന പ്രകടനം. ചിത്രം: റിജോ ജോസഫ് ∙ മനോരമ

ജൂണ്‍ മൂന്നിനുണ്ടായ സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ്, കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽ (ബഫർസോൺ) ഉൾപ്പെടുന്ന ജനവാസമേഖലകളും മറ്റും കൃത്യമായി നിർണയിക്കാൻ സംസ്ഥാന റിമോട്ട് സെൻസറിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെ 4 മാസം മുൻപ് സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, സർക്കാർ റിപ്പോർട്ട് പുറത്തുവന്നതോടെ കർഷകരുടെ അടക്കം ആശങ്ക വർധിച്ചു. റിപ്പോർട്ടും അനുബന്ധ ഭൂപടവും വ്യാപക ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെ ജനങ്ങൾ പ്രതിഷേധവുമായി എത്തി. ഓലമേഞ്ഞതും ഓടുമേഞ്ഞതുമായ ചെറിയ വീടുകൾ, ചെറിയ കടകൾ തുടങ്ങിയവ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമല്ല.

ബഫർസോണിനെതിരെ അഖിലേന്ത്യാ കിസാൻ സഭ ബത്തേരിയിൽ നടത്തിയ പ്രതിഷേധാഗ്നി സമരം ജില്ലാ പ്രസിഡന്റ് പി.എം.ജോയി ഉദ്ഘാടനം ചെയ്യുന്നു
ബഫർസോണിനെതിരെ അഖിലേന്ത്യാ കിസാൻ സഭ ബത്തേരിയിൽ നടത്തിയ പ്രതിഷേധാഗ്നി സമരം ജില്ലാ പ്രസിഡന്റ് പി.എം.ജോയി ഉദ്ഘാടനം ചെയ്യുന്നു

ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാൻ കഴിയാത്തതിനെ തുടർന്ന് നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷണന്റെ വിദഗ്ധസമിതിക്കും വ്യക്തമായ തീരുമാനമെടുത്ത് മുന്നോട്ടു പോകാനായില്ല. നേരിട്ടു സ്ഥലപരിശോധന നടത്തിയാൽ ജനവാസമേഖലകള്‍ കൃത്യമായി നിർണയിക്കാൻ കഴിയുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നേരിട്ടുള്ള സ്ഥലപരിശോധന പൂർത്തിയാക്കി ജനുവരി 11ന് അകം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് സർ‌ക്കാരിന്റെ പ്രഖ്യാപനം.

∙ മുസ്‌ലിം ലീഗിനുവേണ്ടി എൽഡിഎഫും യുഡിഎഫും

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയാണ് ഡിസംബറിന്റെ തണുപ്പിൽ പുതഞ്ഞ സംസ്ഥാന രാഷ്ട്രീയത്തെ പെട്ടെന്നു ചൂടാക്കിയത്. വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിനെ തിരുത്തിയത് ലീഗാണെന്നും ഗോവിന്ദൻ പറഞ്ഞുവച്ചതോടെ കോൺഗ്രസ് നേതൃത്വം അപകടം മണത്തു. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിലും നേതാക്കളുടെ പ്രസ്താവനങ്ങളിലും ലീഗ് നേതൃത്വം ഏറെക്കാലമായി അതൃപ്തിയിലായിരുന്നു. രാഷ്ട്രീയ സഖ്യനീക്കമല്ലെങ്കിലും യുഡിഎഫ് പാളയത്തിൽ വിള്ളലുണ്ടാക്കാനുള്ള നീക്കമായി ഗോവിന്ദന്റെ പ്രസ്താവനയെ യുഡിഎഫ് നേതൃത്വം കണക്കാക്കി.

mv-govindan-and-muslim-league-flag
എം.വി.ഗോവിന്ദൻ

ഇടതുമുന്നണിയുടെ തുടർഭരണം ലീഗില്‍ സൃഷ്ടിച്ച നിരാശാബോധവും ചിന്താക്കുഴപ്പവും മുതലാക്കാനാണ് സിപിഎം ലക്ഷ്യമിട്ടത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനകളിലും ഏക സിവിൽ കോഡ് വിഷയത്തിൽ പാർലമെന്റിലെ സംവാദത്തിന്റെ പേരിലും കോൺഗ്രസ് നേതൃത്വത്തോട് ലീഗ് പരിഭവത്തിലായിരുന്നു. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ, ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതോടെ സിപിഎം തന്ത്രം ലക്ഷ്യം കണ്ടില്ല. സിപിഐ നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ലീഗുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകൾ അവസാനിച്ചു.

∙ ശിവശങ്കർ– സ്വപ്ന പുസ്തക വിവാദം

Sivasankar- Swapna
കെ.ശിവശങ്കർ. ചിത്രം: മനോജ് ചേമഞ്ചേരി | സ്വപ്ന സുരേഷ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

‘അശ്വത്ഥാമാവ് വെറും ഒരു ആന’, ‘ചതിയുടെ പത്മവ്യൂഹം’– രണ്ടും പുസ്തകങ്ങളുടെ പേരുകൾ. ആദ്യത്തേത് എഴുതിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ്. രണ്ടാമത്തേത് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന. രണ്ടു പുസ്തകങ്ങളിലുമുള്ളത് ചതിയുടെ കഥകൾ. ആദ്യം പുസ്തകമെഴുതിയ എം.ശിവശങ്കർ തന്നോട് ചതി കാട്ടിയെന്ന് ആരോപിച്ചാണ് സ്വപ്ന തന്റെ പുസ്തകം പുറത്തിറക്കിയത്.

m-sivasankar-swapna-suresh-autobiography
ശിവസങ്കറും സ്വപ്ന സുരേഷും. സ്വപ്നയുടെ പുസ്തകം

സ്വർണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ശിവശങ്കർ സർവീസിലേക്കു തിരിച്ചു വന്നതിനുശേഷമാണ് പുസ്തകമെഴുതുന്നത്. ജോലിയുടെ ഭാഗമായി സൗഹൃദത്തിലുണ്ടായിരുന്ന സ്വപ്നയ്ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു കരുതിയില്ലെന്ന് ശിവശങ്കർ പുസ്തകത്തിലൂടെ വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ അനുഭവിച്ച മാനസിക സംഘർഷവും ജയിൽ ജീവിതവുമെല്ലാം പുസ്തകത്തിലെ അധ്യായങ്ങളായി.

aswathamavu-verum-oru-aana-sivasankar-book
ശിവശങ്കറിന്റെ പുസ്തകം

തനിക്കെതിരെ പുസ്തകത്തിലുണ്ടായ പരാമര്‍ശങ്ങൾ സ്വപ്നയെ ചൊടിപ്പിച്ചു. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നെന്നും തന്നെ ഉപയോഗിക്കുകയായിരുന്നെന്നും സ്വപ്ന തുറന്നടിച്ചു. മാസങ്ങൾക്കുശേഷം പുറത്തുവന്ന പുസ്തകത്തിൽ, ശിവശങ്കറുമായുള്ള അടുപ്പം വെളിവാക്കുന്ന ചിത്രങ്ങളും പരാമർശങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയ വിവാദമായ സംഭവത്തിന്റെ പശ്ചാലത്തലത്തിൽ ഇറങ്ങിയ പുസ്തകങ്ങളിലെ പരാമർശങ്ങളും തുടർ വിവാദങ്ങൾക്കിടയാക്കി.

∙ സിൽവർലൈൻ പ്രശ്നം

കേരളത്തിൽ എക്സ്പ്രസ് ഹൈവേ എന്ന ആശയം ഉരുത്തിരിഞ്ഞപ്പോൾ, ആ പാത കേരളത്തെ രണ്ടായി വിഭജിക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് ഹൈസ്പീഡ് ട്രെയിനിനായി വർഷങ്ങളോളം പഠനം നടത്തി പിൻതിരിഞ്ഞശേഷമാണ് അർധഅതിവേഗ റെയിൽപാതയായ സിൽവർലൈനിലേക്ക് സർക്കാർ എത്തുന്നത്. ഒരു ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുന്ന ഹൈസ്പീഡ് പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതാണെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. വിശദമായ പദ്ധതി റിപ്പോർട്ട് അനുസരിച്ച് സിൽവർലൈൻ പദ്ധതിയുടെ ചെലവ് 63,940 കോടി രൂപയായിരുന്നു. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്ര റെയില്‍വേ വിഹിതം. സംസ്ഥാന സർക്കാർ 3253 കോടി രൂപ വഹിക്കും. 975 കോടി രൂപ റെയില്‍വേ ഭൂമിയുടെ വിലയായി നിശ്ചയിച്ചു. 4252 കോടി രൂപ പൊതുജന പങ്കാളിത്തതോടെ സമാഹരിക്കാനും 33,700 കോടി രൂപ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളിലൂടെ സമാഹരിക്കാനും ലക്ഷ്യമിട്ടു.

Siverline protest
കണ്ണൂർ നടാലിൽ കുഴിച്ചിട്ട സിൽവർ ലൈൻ സർവേ കല്ല് നാട്ടുകാർ പിഴുതെടുക്കുന്നു. ചിത്രം: എസ്.എസ്. ഹരിലാൽ ∙ മനോരമ

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529.45 കിലോമീറ്റർ ദൂരം നാലു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, സർവേ നടപടികൾക്കായി മഞ്ഞക്കല്ലുകൾ സ്ഥാപിച്ചു തുടങ്ങിയതോടെ ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തി. പൊലീസിന്റെ സഹായത്തോടെ കല്ലിടൽ തുടർന്നതോടെ പ്രതിഷേധം രൂക്ഷമായി. പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഏറ്റെടുത്തു.

ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയപ്പോൾ പ്രതിഷേധിച്ച റോസ്‌ലിൻ‌ ഫിലിപ്പിനെ പൊലീസ് വലിച്ചിഴച്ചു നീക്കുന്നതു കണ്ടു പൊട്ടിക്കരയുന്ന മകൾ സോമിയ. (ഫയൽ ചിത്രം.)
ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയപ്പോൾ പ്രതിഷേധിച്ച റോസ്‌ലിൻ‌ ഫിലിപ്പിനെ പൊലീസ് വലിച്ചിഴച്ചു നീക്കുന്നതു കണ്ടു പൊട്ടിക്കരയുന്ന മകൾ സോമിയ. (ഫയൽ ചിത്രം.)

പദ്ധതിച്ചെലവ് കേരളത്തിനു താങ്ങാനാകില്ലെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ചു. പിന്നീട് കല്ലിടൽ നടപടികൾ ചെറിയ രീതിയിൽ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷം തുടർനടപടികൾ മതിയെന്ന നിലപാടിലേക്ക് സർക്കാരെത്തി. സർവേ നടപടികൾക്കായി നിയോഗിച്ച ജീവനക്കാരെ തിരിച്ചു വിളിച്ചു.

∙ പ്രിയാ വർഗീസിന്റെ നിയമനം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയും തൃശൂർ കേരളവർമ കോളജിലെ അധ്യാപികയുമായിരുന്ന പ്രിയാ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റി മലയാളവിഭാഗം അസോ. പ്രഫസർ സ്ഥാനത്തേക്കു തിരഞ്ഞെടുത്തത് ചട്ടം മറികടന്നാണെന്ന് ആരോപണമുയർന്നു. അസോ.പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ ചട്ടങ്ങൾ നിഷ്കർഷിക്കുന്ന അധ്യാപന പരിചയം അവർക്കില്ലെന്ന് രണ്ടാം റാങ്കു ലഭിച്ചയാൾ പരാതി നൽകി. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും ചേർത്താണ് അധ്യാപനപരിചയം കാണിച്ചിരുന്നത്.

Priya Varghese
പ്രിയ വർഗീസ്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

2021 നവംബർ 18ന് നടന്ന അഭിമുഖത്തിൽ പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചു. ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ നേടിയ പ്രിയയാണ് അഭിമുഖത്തിൽ മുന്നിലെത്തിയതെന്ന രേഖകൾ പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. പ്രിയയുടെ നിയമനത്തിനുള്ള പ്രത്യുപകാരമായാണ് വിസി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നു. പ്രിയാ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു.

കെ.കെ. രാഗേഷ്, ഡോ. പ്രിയ വർഗീസ്
കെ.കെ. രാഗേഷ്, ഡോ. പ്രിയ വർഗീസ്

രാഷ്ട്രീയക്കാരുടെ ഭാര്യമാർക്ക് യോഗ്യതയുണ്ടെങ്കിൽ നിയമനം നൽകുന്നതിന് എന്താണു തടസം എന്ന ചോദ്യമുയർത്തിയാണ് സിപിഎം ഇതിനെ നേരിട്ടത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടത്തിൽ പ്രിയയുടെ നിയമനം സജീവ വിഷയമായി. നിയമനകാര്യം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പരിശോധിക്കുന്നതിന് കോടതി ഉത്തരവിട്ടു. പരിശോധനയ്ക്കായി സിൻഡിക്കറ്റ് സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

∙ പെൻഷന്‍ പ്രായം വർധിപ്പിച്ചു, പിൻവലിച്ചു

കെഎസ്ഇബി, കെഎസ്ആർടിസി, ജലഅതോറിറ്റി എന്നിവയൊഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻപ്രായം 60 വയസ്സ് ആക്കാനുള്ള തീരുമാനമാണ് വിവാദമായത്. ഭരണപക്ഷ യുവജന സംഘടനകൾ തന്നെ എതിർപ്പുമായി രംഗത്തെത്തി. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത പെൻഷൻ പ്രായം നിലവിലുള്ളതിനാലാണ് പ്രായം ഏകീകരിക്കാൻ വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനിച്ചത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനും നിർദേശത്തിന്റെ ഗുണം ലഭിക്കുമായിരുന്നു. ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കാൻ തീരുമാനിച്ചു. വിവാദമായതോടെ തീരുമാനം മന്ത്രിസഭാ യോഗം പിൻവലിച്ചു.

∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന്റെ ഉമ തോമസ് കൗണ്ടിങ് സെന്ററിനു പുറത്ത് പ്രവർത്തകരെ കാണാനെത്തിയപ്പോൾ. എംഎൽഎ മാരായ അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ജെബി മേത്തർ എംപി തുടങ്ങിയവർ സമീപം.
ചിത്രം : ടോണി ഡൊമിനിക് ∙ മനോരമ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന്റെ ഉമ തോമസ് കൗണ്ടിങ് സെന്ററിനു പുറത്ത് പ്രവർത്തകരെ കാണാനെത്തിയപ്പോൾ. എംഎൽഎ മാരായ അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ജെബി മേത്തർ എംപി തുടങ്ങിയവർ സമീപം. ചിത്രം : ടോണി ഡൊമിനിക് ∙ മനോരമ

രണ്ടാം പിണറായി സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തുടർഭരണം ലഭിച്ച ഉണർവിൽനിന്ന എൽഡിഎഫ് തൃക്കാക്കരയിലെ വിജയത്തോടെ നിയമസഭയിൽ സീറ്റുകളുടെ എണ്ണം നൂറിലെത്തിക്കാമെന്ന് കണക്കുകൂട്ടി. തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം ജനങ്ങൾ കൈപ്പത്തി ചിഹ്നത്തെ കൈവിട്ടിട്ടില്ല എന്നതായിരുന്നു കോൺഗ്രസിന്റെ ആത്മവിശ്വാസം. എൽഡിഎഫ് ഡോ.ജോ ജോസഫിനെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയപ്പോൾ യുഡിഎഫ് പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർഥിയാക്കി.

Uma Thomas
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് മണ്ഡലത്തിൽ പര്യടനം നടത്തുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

പുതുതായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തിരഞ്ഞെടുപ്പ് വിജയം അനിവാര്യമായി. മണ്ഡലം പിടിക്കാൻ ഇരു മുന്നണികളും അരയുംതലയും മുറുക്കി രംഗത്തിറങ്ങിയതോടെ പേരാട്ടം ശക്തമായി. ഉമ തോമസ് 25,016 വോട്ടുകൾക്ക് വിജയിച്ചു. പി.ടി.തോമസിന്റെ ഭൂരിപക്ഷം 14,329വോട്ടായിരുന്നു. സർവ അടവുകളും പുറത്തെടുത്തിട്ടും എൽഡിഎഫിന് ബാലികേറാ മലയായി എറണാകുളം ജില്ല തുടർന്നു.

∙ വിഴിഞ്ഞം പദ്ധതി വിവാദം

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച് എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോയ വിഴിഞ്ഞം പദ്ധതിക്ക് പ്രധാന തടസം പാറ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങളുടെ ലഭ്യതക്കുറവായിരുന്നു. അതു പരിഹരിച്ചപ്പോഴാണ് തുറമുഖ നിർമാണം തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആരോപണവുമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തുന്നത്. പുനരധിവാസം ഉൾപ്പെടെ 7 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇതിൽ 5 കാര്യങ്ങൾ അംഗീകരിക്കുന്നതായി സർക്കാർ വ്യക്തമാക്കി. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണം, പഠനം നടത്തുന്ന വിദഗ്ധസമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങളിൽ തീരുമാനമായില്ല.

Vizhinjam Protest
വിഴിഞ്ഞം തുറമുഖനിർമാണ വിരുദ്ധ സമിതിയുടെ സമരത്തിന്റെ നൂറാം ദിനമായ ഒക്ടോബർ 27 ന് തുറമുഖ നിർമാണ മേഖലയിൽ മത്സ്യത്തൊഴിലാളികൾ മീൻപിടിത്ത വള്ളം കത്തിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തുറമുഖ കവാടത്തിനു മുന്നിലെ സമരം പല ദിവസങ്ങളിലും അക്രമാസക്തമായി. പദ്ധതി പ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ തള്ളിക്കയറി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് അക്രമാസക്തമായത് കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. സർക്കാർ നടപടികൾ കർശനമാക്കി. ബിഷപ്പ് ഉൾ‌പ്പെടെയുള്ള സമരസമിതി നേതാക്കൾക്കെതിരെ കേസെടുത്തു. സ്ഥലത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇതോടെ വിവിധ സമുദായനേതാക്കൾ പ്രശ്നപരിഹാരത്തിനായി ഇടപെട്ടു. ലത്തീൻ അതിരൂപതയും ചർച്ചയ്ക്കു സന്നദ്ധമായി.

vizhinjam

വിഴിഞ്ഞം തുറമുഖനിര്‍മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കാൻ തീരുമാനമായി. ഫ്‌ളാറ്റുകളുടെ നിര്‍മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കാനും രണ്ടു മാസത്തെ വാടക അഡ്വാന്‍സായി നല്‍കാനും തീരുമാനിച്ചു. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചതോടെ 138 ദിവസം നീണ്ട സമരം അവസാനിച്ചു.

∙ എകെജി സെന്റർ ആക്രമണം

ജൂൺ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽ നിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞത്. നൂറിലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. 250ൽ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തിൽ അധികം മൊബൈൽ ഫോൺരേഖകൾ പരിശോധിച്ചു. ആകെ കണ്ടെത്താനായത് രണ്ടു കാര്യങ്ങൾ–ചുവന്ന സ്കൂട്ടറിലാണ് ആൾ എത്തിയത്, ഡിയോ സ്കൂട്ടറാണ്.

എകെജി സെന്റർ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്.
എകെജി സെന്റർ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്.

ഇതല്ലാതെ അന്വേഷണം ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല. തലസ്ഥാന നഗരിയിലെ പ്രധാന സ്ഥലത്ത്, പൊലീസ് കാവൽ ഉള്ളപ്പോൾ നടന്ന സംഭവത്തിനെപ്പറ്റി ഒന്നും കണ്ടെത്താനാകാത്തത് പൊലീസ് സേനയ്ക്കു നാണക്കേടായി. സിപിഎം പ്രവർത്തകർക്കു പങ്കുള്ളതിനാലാണ് പ്രതിയെ പിടിക്കാത്തതെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു. സിറ്റി പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. തുടർന്ന് ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവായ ജിതിൻ പിടിയിലായി.

∙ മന്ത്രി സജിചെറിയാന്റെ രാജി

ജൂലൈയിൽ പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയെന്നായിരുന്നു പരാമർശം. വിവാദമായതോടെ പാർട്ടി വിശദീകരണം തേടി. മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലും ആശയക്കുഴപ്പം ഉണ്ടായി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പുകളുടെ മന്ത്രിസ്ഥാനം ഒഴിയുകയാണെന്ന് സജി ചെറിയാൻ പ്രഖ്യാപിച്ചു.

Saji Cherian
സജി ചെറിയാൻ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് കൈമാറി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. കോടതിയുടെ അനുകൂല തീരുമാനമുണ്ടായാൽ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്താനാണ് സാധ്യത.

∙ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം

സ്വർണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉയർന്നതോടെയാണ് വിമാനത്തിൽ പ്രതിഷേധിക്കുകയെന്ന വ്യത്യസ്ത സമരമാർഗവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്തതിനു ശേഷമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർദീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തള്ളിയിടുന്ന വിഡിയോയും പുറത്തുവന്നു.

Protest in flight
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്ന യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരെ ഇ.പി.ജയരാജൻ ഇവരെ തടയുന്നു. (വിഡിയോ ദൃശ്യങ്ങൾ)

മുഖ്യമന്ത്രിയെ വധിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. വലിയ തുറ പൊലീസ് കേസെടുത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇൻഡിഗോ ജയരാജന് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ, താൻ ഇനി ഇന്‍ഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ജയരാജനും പ്രഖ്യാപിച്ചു. കണ്ണൂരിലേക്കുള്ള ജയരാജന്റെ ട്രെയിൻ യാത്ര വാർത്തകളിൽ ഇടം നേടി.

∙ സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തേക്ക്

MB Rajesh
എം.ബി.രാജേഷ്. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോഴാണ് മന്ത്രിസഭയിൽ പുതിയ ആളെ കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചത്. മന്ത്രിമാരിൽ പലരുടെയും പ്രവർത്തനം മെച്ചമല്ലെന്ന വിലയിരുത്തലുള്ളതിനാൽ സ്പീക്കറെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ എം.ബി.രാജേഷിനെയാണ് മന്ത്രിയാക്കിയത്. രാജേഷ് എക്സൈസ്, തദ്ദേശ വകുപ്പുകളുടെ മന്ത്രിയായപ്പോൾ എ.എൻ.ഷംസീർ സ്പീക്കറായി.

∙ ഗതാഗത രംഗത്തെ മുന്നേറ്റം

ഇടപ്പാൾ ഫ്ലൈഓവർ, കഴക്കൂട്ടം ഫ്ലൈഓവർ തുടങ്ങി നിരവധി റോഡ് വികസനപദ്ധതികൾ യാത്രക്കാർക്കായി തുറന്ന വർഷം കൂടിയാണ് 2022. നിർമാണത്തിനിടെ തകർന്ന കോഴിക്കോട്ടെ കൂളിമാട് പാലവും ഇതിനിടെ വാർത്തകളിൽ ഇടംനേടി. കെഎസ്ആർടിസി നിരവധി പുതിയ പദ്ധതികൾ രംഗത്തിറക്കിയ വർഷം കൂടിയായി. എപ്രിൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ സ്വിഫ്റ്റ് ബസും ഇലക്ട്രിക് ബസുകളും പുതുമയായി.

swift bus
കെഎസ്ആർടിസി സ്വിഫ്റ്റ് ആദ്യ ബസ് സർവീസിന്റെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ച ശേഷം ബസുകൾ യാത്ര പുറപ്പെട്ടപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

എറണാകുളത്തിനും കായംകുളത്തിനും ഇടയിലുളള കോട്ടയം റയിൽപാത പൂർണമായും ഇരട്ടപ്പാതയായി. തിരുവനന്തപുരത്തെ കൊച്ചുവേളി ടെർമിനൽ പൂർണതോതിൽ സജ്ജമായി. കൊല്ലം പുനലൂർ പാത പൂർണമായും വൈദ്യുതീകരിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിന് പുതുവേഗം നൽകുമെന്നു കരുതുന്ന ഈ പദ്ധതികൾക്കൊപ്പം പുതിയ ട്രെയിൻ സർവീസുകളുടെ കാത്തിരിപ്പിലാണ് സംസ്ഥാനം.

മറ്റു പ്രധാന സംഭവങ്ങൾ

∙ ജനുവരി 10 – ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്എഫ്ഐക്കാരനുമായ 21 കാരൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റുമരിച്ചു.

∙ ജനുവരി 26 –വടക്കൻ മലബാറിലേക്ക് ആദ്യമായി മെമു ട്രെയിൻ അവതരിപ്പിച്ചു. കണ്ണൂർ – മംഗളൂരു മെമു

∙ ജനുവരി 31 – വാവ സുരേഷിന് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. നീണ്ട നാളത്തെ ചികിൽസയ്ക്കു ശേഷം വാവ വീണ്ടും സജീവമായി.

∙ ഫെബ്രുവരി 9 – മലമ്പുഴയിൽ കുറുമ്പാച്ചി മലനിരയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈനികർ പ്രത്യേക ദൗത്യത്തിലൂടെ രക്ഷിച്ചു.

ഉയരം താണ്ടിയ കരുതൽ: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ആർ.ബാബുവിനടുത്തേക്ക് ഊഴ്ന്നിറങ്ങിയെത്തിയ കരസേനാംഗം ബി. ബാലകൃഷ്ണൻ ബാബുവിനു വെള്ളം നൽകുന്നു. സൂരജ് പി.നാഥ് പാലക്കാട് പകർത്തിയ ഹെലിക്യാമറ ദൃശ്യം.
ഉയരം താണ്ടിയ കരുതൽ: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ആർ.ബാബുവിനടുത്തേക്ക് ഊഴ്ന്നിറങ്ങിയെത്തിയ കരസേനാംഗം ബി. ബാലകൃഷ്ണൻ ബാബുവിനു വെള്ളം നൽകുന്നു. സൂരജ് പി.നാഥ് പാലക്കാട് പകർത്തിയ ഹെലിക്യാമറ ദൃശ്യം.

∙ ജൂൺ 24 – വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമമുണ്ടായി. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു കിലോമീറ്റർ ബഫർ സോൺ വരുന്ന സംഭവത്തിൽ എംപിയുടെ ഇടപെടൽ ഉണ്ടാവുന്നില്ലെന്നു കാട്ടിയായിരുന്നു പ്രതിഷേധം.

∙ ജുലൈ 1 – സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷയ്ക്ക് മെഡിസെപ് സാമൂഹിക സുരക്ഷാ പദ്ധതി നിലവിൽ വന്നു.

∙ ജൂലൈ 14 – കെഫോൺ പദ്ധതിക്ക് ലൈസൻസ് ലഭിച്ചു.

∙ ഓഗസ്റ്റ് 28 – എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി

MV Govindan
എം.വി.ഗോവിന്ദൻ. ചിത്രം: എസ്.എസ്. ഹരിലാൽ ∙ മനോരമ

∙ നവംബർ 1 – കേരള സർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്ക്കാരം എം.ടി.വാസുദേവൻ നായർക്ക്

English Summary: Major News Events in Kerala-Year Ender 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com