ADVERTISEMENT

ന്യൂയോര്‍ക്ക്∙ ശീതക്കൊടുങ്കാറ്റിൽ അമേരിക്കയില്‍ മരണം 37 ആയി. അതിശക്തമായി തുടരുന്ന ശീതക്കൊടുങ്കാറ്റ് 10 ലക്ഷത്തോളം പേരെ ദുരിതത്തിലാക്കി. ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ജനങ്ങൾ. ന്യൂയോർക്ക്, ബഫലോ നഗരങ്ങളിലാണു സ്ഥിതി സങ്കീർണമായത്.

‘‘യുദ്ധസമാനമായ സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടലുണ്ടാക്കുന്നു. ജീവനു ഭീഷണിയായ അപകടകരമായ സാഹചര്യമാണ്. എല്ലാവരോടും വീടിനകത്തുതന്നെ തുടരാനാണു നിർദേശിച്ചിട്ടുള്ളത്’’– ന്യൂയോർക്ക് ഗവർണറും ബഫലോ സ്വദേശിയുമായ കാത്തി ഹോച്ചൽ പറഞ്ഞു. പലയിടത്തും 2.4 മീറ്റർ ഉയരത്തിൽ വരെ മഞ്ഞുമൂടി കിടക്കുകയാണു എന്നാണു റിപ്പോർട്ട്. വൈദ്യുതിബന്ധം നഷ്ടമായതോടെ ജീവൻ അപകടത്തിലാണെന്നു നാട്ടുകാർ പറയുന്നു.

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ക്യുബെക് മുതല്‍ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റര്‍ വിസ്തൃതിയില്‍ കാലാവസ്ഥ അതീവ മോശമാണ്. ആയിരക്കണക്കിനു വിമാനസര്‍വീസുകള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലും ദുരിതം കഠിനമാണ്. ഇവിടെ മൈനസ് 45 ഡിഗ്രി ആയിരുന്നു കഴിഞ്ഞദിവസത്തെ താപനില.

ഫ്ലോറിഡ, ജോര്‍ജിയ, ടെക്‌സസ്, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. പലയിടത്തും കൊടുംമഞ്ഞില്‍ കാഴ്ചാപരിമിതി രൂക്ഷമായതിനാല്‍ തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി. കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളും സമാനസാഹചര്യമാണ്. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കെന്റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

English Summary: 31 Dead After Winter Storm In US, Over 200,000 Affected With Power Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com