കോവിഡിനു പിന്നാലെ ലോകം മുഴുവൻ മറ്റൊരു മഹാമാരി പോലെ പടരുകയാണ് ആഗോള ഊർജ പ്രതിസന്ധി. 2020 മുതൽ തുടങ്ങിയ ഊർജ പ്രതിസന്ധി രണ്ടു വർഷം പിന്നിട്ടിട്ടും ലോകമെങ്ങും ഇപ്പോഴും തീവ്രവ്യാപനം തുടരുന്നു. നിലവിലെ രാഷ്ട്രീയ– നയതന്ത്ര അവസ്ഥകൾ തുടരുകയാണെങ്കിൽ 2023 ലോകത്തിനു സമ്മാനിക്കാൻ പോകുന്നത് സമാനതകളില്ലാത്ത ഊർജ പ്രതിസന്ധിയാകും. ലോകത്തിന് ആവശ്യമായ ഊർജത്തിന്റെ ദാരിദ്ര്യമല്ല, മറിച്ചു പതിറ്റാണ്ടുകളായി ലോകമെങ്ങും സുസ്ഥിരമായിരുന്ന ഉൽപാദന– വിതരണ ശൃംഖലകളിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാക്കിയ കടുത്ത താളപ്പിഴകളാണ് ഊർജ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിലേക്കു ലോകത്തെ ആദ്യം നയിച്ചത് കോവിഡിനെ തുടർന്നുണ്ടായ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രതിസന്ധിയാണ്. എന്നാൽ അതിനു പിന്നാലെ കളംപിടിച്ച യുക്രെയ്ൻ– റഷ്യൻ യുദ്ധം ലോകത്തിന്റെ ഊർജ സമവാക്യങ്ങളെ ആകെ തകിടം മറിച്ചു. ഫലമോ, ഇന്ധനവില എക്കാലത്തെയും ഉയരങ്ങളിലേക്കു കുതിച്ചു. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും പ്രൈസ് ക്യാപ് ഏർപ്പെടുത്താനുള്ള ജി–7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കം ആഗോള ക്രൂഡ് ഓയിൽ വിപണികളെ ഇപ്പോഴേ ചൂടുപിടിപ്പിച്ചു തുടങ്ങി. വരും നാളുകളിൽ ഇന്ധന വിലകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചേക്കും. ഉയർന്ന വിലയും ഊർജ ദൗർലഭ്യതയും ലോകമെങ്ങും കടുത്ത സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ചേക്കും. നിലവിൽ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ഒട്ടേറെ രാജ്യങ്ങളിൽ ഇതു കലാപങ്ങൾക്കും ഭരണ മാറ്റത്തിനും വഴിയൊരുക്കാവുന്ന സാഹചര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കോവിഡിനേക്കാൾ മാരകമായിരിക്കും ഊർജ പ്രതിസന്ധിയുടെ അനന്തരഫലം.
HIGHLIGHTS
- ക്രൂഡ് ഓയിൽ– പ്രകൃതിവാതക വില 2023ൽ ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതെങ്ങനെ?
- സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങൾ ചൈനയോട് അടുക്കുന്നത് മധ്യപൂർവേഷ്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചേക്കാം
- ജി-7 രാജ്യങ്ങളും യൂറോപ്പും തിരിച്ചുവരാനാകാത്ത വിധം തകർച്ചയിലേക്കു വീണു പോകുമോ?
- ഇന്ത്യയും ചൈനയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ ആഗോള മാന്ദ്യത്തെ അതിജീവിക്കുമോ?– മനോരമ പ്രീമിയം ഇയർ എൻഡർ സ്പെഷൽ