ADVERTISEMENT

1971 ഡിസംബർ 16, പാക്കിസ്ഥാന്റെ ചരിത്രത്തിലെ നാണംകെട്ട തോൽവി! ബംഗ്ലദേശ് രൂപീകരണ യുദ്ധത്തിൽ കീഴടങ്ങുന്നതായി ഇന്ത്യൻ സൈന്യത്തിന് എഴുതി ഒപ്പിട്ടുകൊടുത്ത ദിവസം. അന്നെടുത്ത ഒരു ചിത്രം പാക്കിസ്ഥാന്റെ രാഷ്ട്രീയത്തെ കഴിഞ്ഞ തിങ്കളാഴ്ചയും വേദനിപ്പിച്ചു. അത് ട്വീറ്റ് ചെയ്തത് തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാന്റെ (പാക്ക് താലിബാൻ) നേതാവ് അഹമ്മദ് യാസിറും. പാക്ക് താലിബാന്റെ നേർക്ക് ആക്രമണം നടത്തിയാൽ ‘നാണംകെട്ട’ ഇതേ അവസ്ഥയായിരിക്കും വീണ്ടും ഇസ്‍ലാമാബാദിന് ഉണ്ടാകുകയെന്നാണ് ചിത്രത്തിനൊപ്പം യാസിർ വ്യക്തമാക്കിയത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ സമാന്തര ഭരണകൂടം സ്ഥാപിച്ചെന്ന പാക്ക് താലിബാന്റെ പ്രഖ്യാപനത്തോട് പാക്ക് ആഭ്യന്തര മന്ത്രി നടത്തിയ പ്രതികരണത്തിനു മറുപടിയായിരുന്നു യാസിറിന്റെ ട്വീറ്റ്.

∙ ‘ഇനി ഞങ്ങൾ ഭരിക്കും’

കയ്യടക്കിയ പ്രദേശങ്ങളിൽ ഇനി സമാന്തര ഭരണം നടത്തുമെന്നു ഡിസംബർ 31 നാണ് പാക്ക് താലിബാൻ പ്രഖ്യാപിച്ചത്. ഭരണനിർവഹണത്തിനു വിവിധ മന്ത്രാലയങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധം, വിദ്യാഭ്യാസം, രാഷ്ട്രീയകാര്യം, ഫത്‌വ, രഹസ്യാന്വേഷണം, നിർമാണം, സാമ്പത്തികകാര്യം തുടങ്ങിയവയ്ക്കും മന്ത്രിമാരെ പ്രഖ്യാപിച്ചു. നിലവിൽ പാക്കിസ്ഥാന്റെ വടക്കും തെക്കും മേഖലകളിലാണു ടിടിപിക്ക് സ്വാധീനമുള്ളത്. വടക്ക് പെഷാവർ, മലാകണ്ഡ്, മാർഡാൻ, ഗിൽജിത് – ബാൾട്ടിസ്ഥാൻ തെക്ക് ദേര ഇസ്മയിൽ ഖാൻ, ബന്നു കൊഹാത്ത് എന്നിവയും ഉൾപ്പെടുന്നു. ടിടിപിയുടെ പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്യുന്നത് യുഎസ് ഭീകരപട്ടികയിൽപ്പെടുത്തിയ മുഫ്തി മുസാഹിം ആണ്. ഇതൂകൂടാതെ ചാവേറുകളുടെ ഒരു സ്ക്വാഡ്രണും ടിടിപിക്ക് ഉണ്ട് – സ്പെഷൽ ഇസ്ടിഷാദി ഫോഴ്സ്.

ടിടിപിയുടെ ഈ നീക്കത്തോട് പാക്ക് ആഭ്യന്തരമന്ത്രി റാണ സാനാവുല്ല നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു – ‘‘രാജ്യത്തിനുനേരെ ഇത്തരം ഭീഷണികൾ ഉയർന്നുവന്നാൽ അഫ്ഗാനിസ്ഥാനിലെ ‘ഒളിയിടങ്ങളിൽ’ കയറി പാക്കിസ്ഥാൻ ആക്രമണം നടത്തും.’’ ഇതിനുള്ള മറുപടിയായാണ് അഹമ്മദ് യാസിർ ആ ചിത്രം ട്വീറ്റ് ചെയ്ത് പരിഹസിച്ചത്.

പ്രതീകാത്മക ചിത്രം (Photo - Shutterstock/hurricanehank)
പ്രതീകാത്മക ചിത്രം (Photo - Shutterstock/hurricanehank)

∙ രൂപീകരിച്ചത് പാക്ക് സൈന്യത്തിനുവേണ്ടി

പാലുകൊടുത്ത കൈക്ക് തന്നെ തിരിഞ്ഞു കൊത്തുകയാണ് പാക്ക് താലിബാൻ. 2007ൽ പാക്ക് സൈന്യത്തെ എതിർക്കുന്നവരെ നേരിടാനുള്ള സായുധ ശൃംഖല എന്ന തരത്തിലാണ് തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) അഥവാ പാക്ക് താലിബാൻ എന്ന സംഘടനയ്ക്കു ഔദ്യോഗിക തുടക്കമാകുന്നത്. 2001 മുതൽ ഇവർ പാക്ക് സൈന്യത്തെ സഹായിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇസ്‌ലാമാബാദിലെ സർക്കാരിനെ തൂത്തെറി​ഞ്ഞ് ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കണമെന്ന നിലപാട് പരസ്യമായി അവർ പറയാൻ തുടങ്ങി. 2008 ഓഗസ്റ്റ് 25ന് സംഘടനയെ പാക്ക് സർക്കാർ നിരോധിച്ചു. ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളുടെ ക്രയവിക്രയങ്ങളും മരവിപ്പിച്ചു. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും വിലക്കി. പ്രമുഖ നേതാക്കളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.

ടിടിപിയുടെ ആദ്യ നേതാവ് ബൈത്തുല്ല മെഹ്സുദ് 2009 ഓഗസ്റ്റ് 5നും അടുത്ത മേധാവി ഹക്കീമുല്ല മെഹ്സൂദ് 2013 നവംബർ 1നും പിന്നാലെ തലപ്പത്തെത്തിയ മുല്ല ഫസ്‌ലുല്ല 2018 ലും മരിച്ചു. കടുത്ത പാശ്ചാത്യ വിരോധിയും പാക്ക് വിരോധിയും ആയ ഫസ്‌ലുല്ലയാണ് വിദ്യാഭ്യാസ പ്രവർത്തക മലാല യൂസഫ്സായിയെ വധിക്കാൻ 2012ൽ നടത്തിയ ശ്രമങ്ങളുടെ സൂത്രധാരൻ. നിലവിൽ നൂർ വാലി മെഹ്സൂദ് ആണ് തലവൻ. അഫ്ഗാന്‍ താലിബാനോടുള്ള വിധേയത്വം നൂർ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഭാഗമാണെന്നായിരുന്നു പ്രഖ്യാപനം. അതുകൊണ്ടുതന്നെ പാക്ക് താലിബാന്റെ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ താലിബാന്റെ പിന്തുണയുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. അൽ ഖായിദയോടു ചേർന്നു പ്രവർത്തിക്കുന്ന വിഭാഗം കൂടിയാണ് ഇവർ. അഫ്ഗാൻ – പാക്ക് അതിർത്തിയിലെ ഗോത്രമേഖലയാണ് പാക്ക് താലിബാന്റെ ശക്തികേന്ദ്രം.

2014 ഡിസംബർ 16ന് പെഷാവറിൽ ആർമി പബ്ലിക് സ്കൂൾ ആക്രമിച്ച് 144 വിദ്യാർഥികളെയും ജീവനക്കാരെയും കൊലപ്പെടുത്തിയ സംഭവത്തിലും പ്രതിക്കൂട്ടിൽ ടിടിപിയാണ്.

ഷെഹബാസ് ഷെരീഫ് (Photo: Twitter/@CMShehbaz)
ഷെഹബാസ് ഷെരീഫ് (Photo: Twitter/@CMShehbaz)

∙ ‘ഞെട്ടി’ പാക്കിസ്ഥാൻ

കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് ഇസ്‌ലാമാബാദ് പുറമേ പറയുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളുമായും സൈനിക നേതൃത്വവുമായും അടിയന്തര യോഗങ്ങൾ ചേരുന്നുണ്ട്. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‌സി) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഡിസംബർ 30നായിരുന്നു ഇതിനുമുൻപുള്ള എൻഎസ്‌സി യോഗം. വെറും നാലു ദിവസങ്ങൾക്കുള്ളിൽ രണ്ടാം യോഗം ചേരുമ്പോൾത്തന്നെ കാര്യത്തിന്റെ ഗൗരവം തലപ്പത്തുള്ളവർക്കു മനസ്സിലായെന്നു വ്യക്തമാണ്. അതേസമയം, രാജ്യവ്യാപകമായി ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ എൻഎസ്‌സി അനുവാദം നൽകിയിട്ടുണ്ട്.

ഒരിക്കൽ പാക്ക് സൈന്യം ചെല്ലും ചെലവും കൊടുത്തു വളർത്തിയ ടിടിപിക്ക് ഇപ്പോൾ തനിയെ നിൽക്കാൻ കെൽപ്പായി. സനാവുല്ലയുടെ കണക്ക് അനുസരിച്ച് നിലവിൽ ടിടിപിക്ക് ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ 7000 – 10,000 വരെ അംഗബലമുണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ കൂടിയാകുമ്പോൾ ആകെ അംഗബലം 25,000 ആകും.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ടിടിപി പാക്ക് ഭരണകൂടത്തിന്റെ പ്രതിരോധ, സൈനിക കേന്ദ്രങ്ങൾക്കുനേരെ 148 തവണ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ കാര്യമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല. 2021ലും ടിടിപി പൊലീസിനും ഖൈബർ പഖ്‌തുൻഖ്വ, ബലൂചിസ്ഥാനിലെ ക്വറ്റ എന്നിവിടങ്ങളിലും സൈനിക ആസ്ഥാനത്തിനും നേരെ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ടിടിപിയുടെ ഭാഗമായി നിരവധി ചെറു ഭീകരസംഘടനകളും അവരുടെ ശക്തി വിപുലീകരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (Photo - Shutterstock/OnePixelStudio)
പ്രതീകാത്മക ചിത്രം (Photo - Shutterstock/OnePixelStudio)

∙ ‘വാചകക്കസർത്ത്; ഇന്ത്യ മുതലെടുത്തേക്കില്ല’

ഇസ്‌ലാമാബാദും പാക്ക് താലിബാനും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണെന്ന് ഇസ്‌ലാമാബാദ് ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ഹൈക്കമ്മിഷണർ കൂടിയായിരുന്ന മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എം.കെ. ഭദ്രകുമാർ വിലയിരുത്തുന്നു. ‘‘ഈ സാഹചര്യത്തെ ഇന്ത്യ മുതലെടുക്കാൻ സാധ്യതയില്ല. വിഷയത്തിൽ പാക്ക് ഭരണകൂടം അഫ്ഗാൻ താലിബാന്റെ പിന്തുണ നേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുന്നതിന് താലിബാന് താൽപര്യമില്ല. അതുകൊണ്ട് ഇതൊരു സിംബോളിക് മൂവ് ആണ്. ഭീകരപ്രവർത്തനം വിട്ട് ഒരു റെസിസ്റ്റൻസ് മൂവ്മെന്റ് നടത്താൻ അവർക്ക് കഴിവുണ്ടെന്നു തോന്നുന്നില്ല. കൂടെക്കൂടെ വെടിനിർത്തലുകൾ ഉണ്ടാകും, ഇടയ്ക്ക് അത് മുറിയും – ഇങ്ങനെയൊക്കെയെ ഇതു മുന്നോട്ടുപോകൂ.

മറിച്ചൊരു നടപടിയെടുക്കണമെങ്കിൽ പാക്കിസ്ഥാനിൽ ശക്തമായ ഒരു ഭരണകൂടം ഉണ്ടാകണം. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം വരുന്ന സർക്കാർ എങ്ങനെയിരിക്കും എന്നതുപോലെയാകും അവിടുത്തെ സാഹചര്യം. അഫ്ഗാൻ താലിബാൻ റിയലിസ്റ്റിക്കാണ്. ഈ രണ്ടു സംഘടനകളും ഒരുമിച്ചുപോകില്ല. പാക്കിസ്ഥാനെ പിണക്കി, ബന്ധങ്ങൾ മുറിച്ചുള്ള ഒരു കാര്യത്തിന് അഫ്ഗാൻ താലിബാൻ ഒരുമ്പെടില്ല. വാചകക്കസർത്ത് മാത്രമേ ഉണ്ടാകുകയുള്ളൂ. അഫ്ഗാൻ താലിബാന്‍ നേതാക്കളുടെ കുടുംബങ്ങൾ പലതും പാക്കിസ്ഥാനിലെ പെഷാവറിലും മറ്റുമാണ് കഴിയുന്നത്. മാത്രമല്ല, അവിടുത്തെ നേതാക്കന്മാർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പാക്കിസ്ഥാനിലേക്കു കൊണ്ടുവന്നാലേ മെച്ചപ്പെട്ട ചികിത്സ കിട്ടൂ. അതുകൊണ്ടുതന്നെ പാക്കിസ്ഥാനെ മുറിച്ച് രണ്ടു രാജ്യങ്ങൾ അവിടെ രൂപീകരിക്കപ്പെടുമെന്നു കരുതുക വയ്യ’’ – ഭദ്രകുമാർ പറയുന്നു.

English Summary: TTP declares parallel government in Pakistan; Will Pakistan splits?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com