ADVERTISEMENT

ന്യൂഡൽഹി∙ ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ചൈനയിലേക്കും ഇന്ത്യയിലേക്കും കുറഞ്ഞനിരക്കിൽ കൂടുതലായി കയറ്റി അയച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ മാസം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതോടെയാണ് റഷ്യയുടെ പുതിയ നീക്കം. ആർട്ടിക് മേഖലയിലെ പ്രധാന ഉൽപാദകരായ ആർക്കോ ഉൾപ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കിൽ ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്.

സാധാരണയായി യൂറോപ്യൻ യൂണിയൻ, ജി7 രാജ്യങ്ങൾ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കായിരുന്നു കയറ്റുമതി. യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചുനല്‍കി വിപണി പിടിക്കാനുള്ള തത്രപ്പാടിലാണ് റഷ്യ. ഇന്ത്യയും ചൈനയുമാണ് അവർ പ്രധാന വിപണിയായി കാണുന്നത്.

കഴിഞ്ഞ വർഷം മേയ് മുതൽ ഇന്ത്യയിലേക്കുള്ള ആർട്ടിക് ക്രൂഡ് കയറ്റുമതി ക്രമാനുഗതമായി വർധിച്ചിരുന്നു. നവംബറിൽ റെക്കോർഡ് 6.67 ദശലക്ഷം ബാരലും ഡിസംബറിൽ 4.1 ദശലക്ഷം ബാരലും കയറ്റുമതി ചെയ്തു. ഗാസ്‌പ്രോം നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള ആർക്കോ, ആർക്കോ/നോവി പോർട്ട് എന്നിവയിൽനിന്നായിരുന്നു കൂടുതൽ കയറ്റുമതിയും. കഴിഞ്ഞയാഴ്ച, വരാൻഡെ ക്രൂഡിൽനിന്നുള്ള കാർഗോയും ഇന്ത്യയിൽ ആദ്യമായി ഇറക്കുമതി ചെയ്തു. നവംബർ അവസാനം കയറ്റിവിട്ട ചരക്കാണ് കഴിഞ്ഞയാഴ്ച എത്തിയത്.

യൂറോപ്പ്, മെഡിറ്ററേനിയൻ, സൂയസ് കനാൽ വഴി എത്തിയ 9,00,000 ബാരൽ എണ്ണ ഡിസംബർ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബർ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാർഗോകൾ നെതർലൻഡ‍സിലെ റോട്ടർഡാമിലാണ് ഇറക്കിയത്. എന്നാൽ ഏതൊക്കെ കമ്പനികളാണ് ഈ ചരക്ക് വാങ്ങിയതെന്നു വ്യക്തമല്ല.

വിവിധ ഗ്രേഡുകളിലുള്ള ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ ഇന്ത്യയ്ക്കു വിൽക്കാൻ റഷ്യ തയാറാണെന്നാണ് ഇന്ത്യൻ റിഫൈനറി അധികൃതർ നൽകുന്ന വിവരം. വരാൻഡെ ക്രൂഡിൽനിന്നുള്ള എണ്ണയുടെ ശുദ്ധീകരണം ഇന്ത്യൻ റിഫൈനറികളിൽ താരതമ്യേന എളുപ്പമാണ്. എങ്കിലും വില നിലവാരത്തെ ആശ്രയിച്ചാകും ഭാവിയിലെ ഇന്ത്യയുടെ വാങ്ങലുകൾ. ഇന്ത്യയും ചൈനയും തന്നെയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.

English Summary: In Increasing Oil Trade Between India And Russia, An Unusual Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com