ADVERTISEMENT

ന്യൂഡൽഹി ∙ അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. 7 തവണ ലോക്സഭാംഗവും 4 തവണ രാജ്യസഭാംഗവുമായിരുന്ന ശരദ് യാദവ് 1989–90, 1999–04 കാലഘട്ടങ്ങളിൽ കേന്ദ്രമന്ത്രിയുമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം പാർലമെന്റ് അംഗമായി. 

മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റെയും സുമിത്ര യാദവിന്റെയും മകനായി 1947 ജൂലൈ ഒന്നിനായിരുന്നു ജനനം. ജബൽപുർ എൻജിനീയറിങ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഭാര്യ: ഡോ.രേഖ യാദവ്. മക്കൾ: സുഭാഷിണി, ശന്തനു. 

അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണു രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കം. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണു വളർന്നത്. ലോക്ദളിൽനിന്നു വി.പി.സിങ്ങിനൊപ്പം 1988ൽ ജനതാദൾ രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് ജനതാദൾ യുണൈറ്റഡിലെത്തി. പത്തു വർഷം (2006–16) ജനതാദൾ (യു) ദേശീയ അധ്യക്ഷ പദവി വഹിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2017 ൽ രാജ്യസഭാംഗത്വം നഷ്ടമായി.

നിതീഷ് കുമാർ ബിഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ട് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) രൂപീകരിച്ചു. എൽജെഡി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചു. മധ്യപ്രദേശ്, ബിഹാർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണു ലോക്സഭയിലെത്തിയത്. ബിഹാറിലെ മധേപുരയിൽ നിന്നായിരുന്നു നാലു തവണയും വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവെഗൗഡ തുടങ്ങിയവർ അനുശോചിച്ചു. 

English Summary: Sharad Yadav passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com