ADVERTISEMENT

കൊച്ചി∙ വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദവും അമേരിക്കൻ വിപണി ചാഞ്ചാട്ടങ്ങളും 2023ലെ രണ്ടാമത്തെ ആഴ്ചയിലും ഇന്ത്യൻ വിപണിയെ പിന്നോട്ട് വലിച്ചെങ്കിലും മികച്ച റിസൽട്ടുകളും ഇക്കണോമിക് ഡേറ്റകളും ഇന്ത്യൻ വിപണിക്കു തിരിച്ചുവരവു നൽകി. ടിസിഎസിനു പിന്നാലെ ഇൻഫോസിസിന്റെ വളരെ മികച്ച റിസൽട്ടും എച്ച്സിഎൽ ടെക്കിന്റെയും സയിന്റിന്റെയും മികച്ച റിസൽട്ടുകളും ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ നൽകി. 

ഐടി സെക്ടറിന്റെ മുന്നേറ്റത്തിനൊപ്പം ഓട്ടോ, മെറ്റൽ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യൻ വിപണി മുന്നേറ്റത്തിന് പിന്തുണ നൽകിയപ്പോൾ എനർജി, റിയൽറ്റി, ഫാർമ, മിഡ് ക്യാപ് സെക്ടറുകൾ നഷ്ടം ഒഴിവാക്കി. എന്നാൽ എയർടെല്ലിനൊപ്പം റിലയൻസും വീണതും ബജാജ് ഫിൻ ഇരട്ടകളുടെ വീഴ്ചയും ഇന്ത്യൻ സൂചികകൾക്ക് കഴിഞ്ഞ ആഴ്ച വളരെ നിർണായകമായി. വിദേശ ഫണ്ടുകളുടെ തുടരുന്ന വിൽപനയാണ് വീണ്ടും ഇന്ത്യൻ വിപണിയുടെ തലവേദന. 

∙ വേഗത്തിൽ കുറയുന്ന അമേരിക്കൻ പണപ്പെരുപ്പം 

അമേരിക്കൻ പണപ്പെരുപ്പം മാസങ്ങൾക്ക് ശേഷം ആദ്യമായി വളർച്ച ശോഷണം നേടി വിപണി പ്രതീക്ഷിച്ചത് പോലെ 6.5%ലേക്ക് കുറഞ്ഞത് വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. നവംബറിൽ 7.1% ആയിരുന്ന റീറ്റെയ്ൽ പണപ്പെരുപ്പം അമേരിക്കൻ ഫെഡിന്റെ പ്രതീക്ഷകളേക്കാൾ വേഗത്തിൽ നിയന്ത്രിതമാകുന്നത് ഫെബ്രുവരിയിൽ ഫെഡിന്റെ നിരക്കുയർത്തൽ 0.25%ൽ ഒതുക്കുമെന്ന വിപണി പ്രതീക്ഷ വീണ്ടും ശക്തമാക്കി. പണപ്പെരുപ്പ വീഴ്ചയിൽ ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡും വീണതും വിപണിക്ക് അനുകൂലമായി. ഫെബ്രുവരി ഒന്നിനാണ് ഫെഡ് റിസർവിന്റെ അടുത്ത നയപ്രഖ്യാപനം.

Read also: നേപ്പാൾ വിമാന ദുരന്തം: 45 മൃതദേഹങ്ങൾ കണ്ടെത്തി, വിമാനത്തിൽ 5 ഇന്ത്യക്കാരും

∙ ലോക വിപണിയിൽ അടുത്ത വാരം 

ഇൻവെസ്റ്റന്റ് ബാങ്കിങ് വരുമാനം വല്ലാതെ വീണെങ്കിലും വിപണി പ്രതീക്ഷക്കൊപ്പമെത്തിയ മുൻനിര അമേരിക്കൻ ബാങ്കിങ് റിസൽട്ടുകൾ വെള്ളിയാഴ്ച  അമേരിക്കൻ വിപണിയുടെ തിരിച്ചുവരവിന് കാരണമായി. മോർഗൻ സ്റ്റാൻലിയുടെയും ഗോൾഡ്മാൻ സാക്സിന്റെയും, നെറ്റ്ഫ്ലിക്സിന്റെയും, പി&ജിയുടെയും അടക്കമുള്ള റിസൽട്ടുകൾ അടുത്ത ആഴ്ച അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

നാളെ അവധിയായ അമേരിക്കൻ വിപണിക്ക് ഫെഡ് അംഗങ്ങളുടെ പ്രസംഗത്തിനൊപ്പം ബുധനാഴ്ച പുറത്തുവരുന്ന അമേരിക്കൻ മൊത്ത വിലക്കയറ്റ കണക്കുകളും, റീട്ടെയ്ൽ വിൽപന കണക്കുകളും, വ്യവസായിക ഉൽപാദന കണക്കുകളും, വ്യാഴാഴ്ച വരാനിരിക്കുന്ന ജോബ് ഡേറ്റയും, ഭവന വിൽപന കണക്കുകളും അടുത്ത ആഴ്ച പ്രധാനമാണ്. ചൊവ്വാഴ്ച പുറത്തുവരുന്ന ചൈനീസ് ജിഡിപിയും,  വ്യവസായിക ഉൽപാദന കണക്കുകളും, ബാങ്ക് ഓഫ് ജപ്പാന്റെ നിരക്കുയർത്തലുകളും ഏഷ്യൻ വിപണിക്കും അടുത്ത ആഴ്ച പ്രധാനമാണ്. യൂറോ സോനിന്റെയും ബ്രിട്ടന്റെയും പണപ്പെരുപ്പ കണക്കുകളും, ഇസിബി പ്രസിഡന്റിന്റെ പ്രസംഗവും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

∙ മികച്ച ഇന്ത്യൻ ഡേറ്റകൾ 

വർധന പ്രതീക്ഷിച്ച ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ വീണ്ടും 5.72%ലേക്ക് കുറഞ്ഞത് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ച അനുകൂലമായി. അടുത്ത നയാവലോകന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ വലിയ വർദ്ധന ഒഴിവാക്കിയേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

ഒക്ടോബറിൽ വളർച്ച ശോഷണം നേരിട്ട ഉല്പാദന മേഖല നവംബറിൽ 6.1 വളർച്ച നേടിയതും, ഐഐപി ഡേറ്റ 7.1% വളർന്നതും ഇന്ത്യൻ വിപണിയുടെ  മുന്നേറ്റ പ്രതീക്ഷകൾ വീണ്ടും ശക്തമാക്കി.യൂണിയൻ ബജറ്റ് ചെലവിടൽ ഇന്ത്യയുടെ ഉല്പാദന മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തും. 

∙ ഓഹരികളും സെക്ടറുകളും 

എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാംപാദത്തിൽ വിപണി പ്രതീക്ഷക്കപ്പുറം പോയ റിസൽട്ട് പുറത്തുവിട്ടത് ബാങ്കിങ് സെക്ടറിനും അനുകൂലമാണ്. രണ്ടാം പാദത്തിൽ 11163 കോടി രൂപയുടെ അറ്റാദായം നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് പലിശ വരുമാനവർധനവിന്റെയും, പ്രൊവിഷൻ തുകയിൽ കുറവ് വന്നതിന്റെയും ആനുകൂല്യത്തിൽ മൂന്നാം പാദത്തിൽ 12259 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം കരസ്ഥമാക്കി. മുൻ പാദത്തിൽ നിന്നും 25% വളർച്ചയോടെ 22987 കോടി രൂപയാണ്  ബാങ്കിന്റെ പലിശ ലാഭം. 

മൂന്നാം പാദത്തിൽ 6586 കോടി രൂപയുടെ അറ്റാദായവും, 38318 കോടി രൂപയുടെ വരുമാനവും നേടിയ ഇൻഫോസിസ് നാലാം പാദത്തിൽ വരുമാന വർധന പ്രതീക്ഷിക്കുന്നതും എബിറ്റ് മാർജിൻ 21-22%ൽ നിലനിർത്തിയതും ഓഹരിക്കനുകൂലമാണ്. ശക്തമായ ഓർഡർ ബുക്കും, ഇടപാടുകാരുടെ എണ്ണത്തിലുള്ള വർധനവും, തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കിൽ കുറവ് വന്നതും ഓഹരിക്കനുകൂലമാണ്.  

Read also: സ്ത്രീകളുടെ നഗ്നദൃശ്യം ഫോണിൽ: പരാതിക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് നോട്ടിസ്

ടിസിഎസിന്റെ മൂന്നാംപാദ അറ്റാദായം വിപണി ലക്ഷ്.ം തെറ്റിയെങ്കിലും വീണ്ടും 11000 കോടിയോടടുത്തതും റെക്കോർഡ് വരുമാനം സ്വന്തമാക്കിയതും ഓഹരിക്ക് മുന്നേറ്റം നൽകി. എച്ച്സിഎൽ ടെക്ക് മൂന്നാം പാദത്തിൽ മുൻ പാദത്തിൽ നിന്നും 17% വർധനവോടെ 4096 കോടി രൂപയുടെ അറ്റാദായം കരസ്ഥമാക്കിയെങ്കിലും റവന്യു, മാർജിൻ ഗൈഡാൻസുകളിൽ നേരിയ കുറവ് വരുത്തി. യൂണിയൻ ബജറ്റ് മുൻ നിർത്തി ഇൻഫ്രാ, ഡിഫൻസ്, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.

∙ റിസൽട്ടുകൾ 

ടിൻ പ്ലേറ്റ്, കേശോറാം ഇൻഡസ്ട്രീസ്, എയ്ഞ്ചൽ വൺ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ശ്രീ ഗണേഷ് റെമെഡീസ്, പൊഡ്ഡാർ പിഗ്മെന്റ്സ് മുതലായ ഓഹരികൾ നാളെ റിസൽട്ടുകൾ പ്രഖ്യാപിക്കുന്നു. അൾട്രാ ടെക് സിമന്റ്, ഏഷ്യൻ പെയ്ന്റ്സ്, ഹിന്ദ് യൂണി ലിവർ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഇൻഡസ് ഇന്ദ് ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എൽടിടിഎസ്, പെർസിസ്റ്റന്റ്, ഹാപ്പിയസ്റ്റ് മൈൻഡ്‌സ്, എംഫാസിസ്, ഹാവെൽസ്, പിവിആർ, ടാറ്റ ഇൻവെസ്റ്റ്മെന്റ്, ടാറ്റ മെറ്റാലിക്സ്, പൊളി ക്യാബ്‌സ്, മെട്രോ ബ്രാൻഡ്‌സ്, ഡെൽറ്റ കോർപ്, ബന്ധൻ ബാങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൽട്ടുകൾ പ്രഖ്യാപിക്കുന്നു. 

∙ ക്രൂഡ് ഓയിൽ 

അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞത് കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ്  ഓയിലിനും മുന്നേറ്റം നൽകി. ഗോൾഡ് മാൻ സാക്സിന്റെ വില വർധന പ്രവചനവും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളർ കടന്നപ്പോൾ അമേരിക്കൻ ക്രൂഡ് വില 80 ഡോളർ കടന്നു.

English Summary: Share market analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com