ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നാൽപ്പത്തേഴുകാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഡൽഹി എയിംസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. കാറിൽ കൈ കുരുങ്ങിയ സ്വാതിയെ, 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. തലസ്ഥാന നഗരിയിൽ സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ നിർദ്ദേശം നൽകിയിട്ടുണ്ട്.

പുലർച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നിൽക്കെ കാറിൽ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളിൽ കയറാൻ തന്നെ നിർബന്ധിച്ചതായാണ് സ്വാതി മലിവാൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഹരീഷ് ചന്ദ്ര മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പരാതിയിലുണ്ട്.

കാറിനുള്ളിൽ കയറാൻ സ്വാതി മലിവാൾ വിസമ്മതിച്ചതോടെ മുന്നോട്ടു നീങ്ങിയ ഹരീഷ് ചന്ദ്ര, പെട്ടെന്ന് യു–ടേൺ എടുത്ത് വീണ്ടും അടുത്തേക്കു വന്നു. സമീപത്തെ വീതികുറഞ്ഞ വഴിയിലൂടെയാണ് ഇയാൾ തിരിച്ചെത്തിയത്.

കാറിനുള്ളിൽ കയറാൻ വീണ്ടും നിർബന്ധിച്ചതോടെ, ഹരീഷ് ചന്ദ്രയെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിൻഡോ ഗ്ലാസ് ഉയർത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളിൽ കുടുങ്ങിയത്.

സ്വാതിയെ വലിച്ചിഴച്ച് ഏതാണ്ട് 15 മീറ്ററോളം കാർ നീങ്ങി. ഇതിനിടെ സ്വാതി സ്വയം കൈ കാറിനുള്ളിൽനിന്ന് ഊരിയെടുക്കുകയായിരുന്നു. സ്വാതിക്കൊപ്പം കൂടുതൽ പേർ പരിശോധനയ്ക്കായി റോഡിലുണ്ടായിരുന്നെങ്കിലും, സംഭവം നടക്കുമ്പോൾ ഇവർ അൽപം അകലെയായിരുന്നുവെന്ന് പറയുന്നു.

English Summary: "Dragged By Car": Delhi Women's Panel Chief Alleges Harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com